Cricket Editorial legends Top News

ജന്മദിനാശംസകൾ പ്രിയപ്പെട്ട യുവി !!.

December 12, 2019

author:

ജന്മദിനാശംസകൾ പ്രിയപ്പെട്ട യുവി !!.

ആരാധകരുടെ യുവരാജാവായിരുന്നു അയാൾ.
ഇന്ത്യയുടെ ഭാഗ്യ നക്ഷത്രവും. ഒരിക്കൽ മുൻനിര ബാറ്റ്സ്മാൻമാർ പുറത്താകുമ്പോൾ നിരാശയോടെ ടെലിവിഷൻ സെറ്റുകളിൽ നിന്നും മുഖം തിരിച്ച ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ മധ്യനിരയിലേക്കു പടർത്തിയവൻ. അവനാണ് യുവരാജ് സിങ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും പലപ്പോഴും ഇന്ത്യയുടെ രക്ഷകനായവൻ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യുവരാജ് സിംഗിന്റെ സ്ഥാനമെന്തെന്നത് തെളിയിക്കപ്പെടേണ്ട കാര്യമല്ല. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇന്ത്യ നേടിയ പല വിജയങ്ങളിലും ആ ഇടംകൈയൻ ബാറ്സ്മാൻറെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. ഇടനെഞ്ചിൽ ഇന്ത്യയെന്ന വികാരം നിറഞ്ഞു നിൽക്കുന്നിടത്തോളം കാലം മറക്കാനാകുമോ ലോർഡ്‌സിൽ തോൽവി ഉറപ്പിച്ചിട്ത്തുനിന്നും അയാൾ നമുക്കു സമ്മാനിച്ച ആ നാറ്റ്വെസ്റ്റ്‌ ട്രോഫി വിജയം?. 2011 ലോകകപ്പ് സെമിയിൽ പാകിസ്താന്റെ നട്ടെല്ലൊടിച്ച ആ ബൌളിംഗ് പ്രകടനം എങ്ങനെ ഓർമയിൽനിന്നും മാഞ്ഞുപോകും?. അവ നൽകുന്ന രോമാഞ്ചം എന്ന വികാരം തന്നെയാണ് “യുവരാജ് സിങ്” എന്ന പേരുകേൾക്കുമ്പോൾ മനസ്സിനെ തഴുകി കടന്നുപോകുന്നതും.

ഒരു അണ്ടർ 19 ലോകകപ്പ് വിജയത്തിന്റെ തിളക്കവുമായാണ് യുവരാജ് സിങ് ഇന്ത്യൻ ക്രിക്കറ്റിലേക്കു കടന്നുവന്നത്. മറ്റൊരു ഐ. സി. സി ടൂർണമെന്റിൽ ഓസ്ട്രേലിയയ്ക്കെതിരെ എണ്പതു പന്തുകളിൽനിന്നും എൺപത്തിനാല് റണ്ണുകളുമായി യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിലും അവതരിച്ചു. പിന്നീടങ്ങോട്ട് അയാളുടെ വർഷങ്ങളായിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും പല മത്സരങ്ങളുടെയും വിധി മാറ്റിയെഴുതി യുവരാജ് സിങ്.

കരിയറിൽ ഉയർച്ചതാഴ്ചകൾ പലതു സംഭവിച്ചെങ്കിലും ഐ.സി.സി ടൂർണമെന്റുകളിൽ എന്നും യുവി തിളങ്ങിനിന്നിരുന്നു. എതിരെ വരുന്ന എന്തിനെയും നെഞ്ചുവിരിച്ചു നിന്നു നേരിടാനുള്ള ചങ്കൂറ്റം. അതായിരുന്നു യുവിയുടെ കൈമുതൽ. തൊട്ടുമുന്നേ തന്നെ പ്രകോപിപ്പിച്ച ഫ്ലിന്റോഫിനെ സാക്ഷി നിർത്തി സ്റ്റുവട്ട ബ്രോഡിനെതിരെ അയാൾ പേമാരിയായി പെയ്തിറങ്ങിയ നിമിഷങ്ങൾ, ശരീരം കാർന്നു തിന്നുന്ന ക്യാൻസർ കോശങ്ങളെ നാണിപ്പിച്ചുകൊണ്ടു ഇന്ത്യയെ സ്വന്തം നാട്ടിൽ ലോകകപ്പ് വിജയികളാക്കിയ പ്രകടനം. അങ്ങനെ എത്രയെത്ര നിമിഷങ്ങളാണ് അയാളുടെ മനക്കരുത്തിന്റെ ഉദാഹരണമായി പറയാനുള്ളത്.

യുവിയ്ക്കു ആരാധകരുടെ മനസ്സിൽ എന്നും ഒരിടമുണ്ടാകും. അതയാൾക്കു ലഭിച്ചൊരു ഔദാര്യമല്ല. മരണത്തോട് മല്ലടിച്ചു തിരിച്ചുവന്ന ഒരാളോടുള്ള സഹതാപവുമല്ല. അയാളിലെ പോരാളിയോടുള്ള ബഹുമാനമാണ്. അയാളുടെ ചങ്കൂറ്റം ഇന്ത്യയ്ക്കു നേടിത്തന്ന വിജയങ്ങളോടുള്ള ആരാധനയാണ്. രോഗശയ്യയിൽ നിന്നും വീണ്ടുമൊരിക്കൽക്കൂടി അയാളുടെ തിരിച്ചുവരവിനായി ഓരോ ക്രിക്കറ്റ്‌ പ്രേമിയും ആഗ്രഹിച്ചതും അതുകൊണ്ടു തന്നെയാണ്, ഒരു പോരാട്ടം കാഴ്ചവെക്കാതെ അയാൾ പിൻവാങ്ങില്ലെന്ന് അവർക്കുറപ്പായിരുന്നു.

അയാൾ തിരികെ വന്നു. ആ തിരിച്ചുവരവിലാണ് അയാൾ ഏകദിന ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ച സ്കോർ സ്വന്തമാക്കിയത്. പക്ഷേ കാലം അയാളുടെ പ്രകടനങ്ങളുടെ ചടുലത പതിയെ നഷ്ടമായിതുടങ്ങി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർ പലപ്പോഴും ടീമിനു ബാധ്യതയാകുന്നുവെന്ന് അയാൾ സ്വയം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ അവസാനം 2019 ജൂൺ പത്താം തീയതി യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കളമൊഴിഞ്ഞു.

പക്ഷേ അയാളെ ആസ്വദിച്ചിരുന്ന, ആരാധിച്ചിരുന്ന ഹൃദയങ്ങളിൽനിന്നും യുവരാജ് ഇന്നും കുടിയിറക്കപ്പെട്ടിട്ടില്ല. കാലമേറുംതോറും ആ ആരാധന കൂടിക്കൊണ്ടേയിരിക്കുന്നു. കാരണം അയാൾ ഒരു തലമുറയെ മുഴുവൻ സന്തോഷിപ്പിച്ചിരുന്നു.

ജന്മദിനാശംസകൾ യുവി…

Leave a comment