രജീന്ദർ ഗോയൽ ; നീതി ലഭിക്കാത്ത ഇന്ത്യൻ ഇതിഹാസം
മലയാളി ക്രിക്കറ്റ് പ്രേമികൾ ഏറ്റവുമധികം ചർച്ച ചെയ്ത വിഷയമായിരുന്നു സഞ്ജു സാംസൺ തിരുവനന്തപുരത്തു നടന്ന ടി ട്വന്റി മത്സരത്തിൽ നിന്നും തഴയപ്പെട്ട വാർത്ത. ഇന്ത്യൻ ടീം മാനേജ്മെന്റ് വീണ്ടും ഋഷഭ് പന്തിന് അവസരം കൊടുക്കാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്തിരിക്കുകയായിരുന്നു. ഇന്നു നടക്കുന്ന മൂന്നാം മത്സരത്തിലും സഞ്ജു കളിക്കാനുള്ള സാദ്ധ്യതകൾ വിരളമാണ്.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയാതെപോയ ആദ്യത്തെ വ്യക്തിയല്ല സഞ്ജു. മലയാളി താരം അനന്തപദ്മനാഭൻ അടക്കം എത്രയോ പേർ അവസരം ലഭിക്കാതെ കരിയർ അവസാനിപ്പിച്ചു. അത്തരം കളിക്കാരിൽ ഒരുപക്ഷേ പ്രഥമസ്ഥാനീയൻ രജീന്ദർ ഗോയൽ എന്ന ഹരിയാനക്കാരൻ സ്പിൻ ബൗളറാകും.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ നട്ടെല്ലായ രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾക്ക് ഉടമയാണ് ഇടംകൈയൻ സ്പിൻ ബൗളറായ രജീന്ദർ. ദക്ഷിണ പഞ്ചാബിനും ഡെൽഹിയ്ക്കും ഹരിയാനയ്ക്കും വേണ്ടി കാൽ നൂറ്റാണ്ടോളം നീണ്ട രഞ്ജി കരിയറിൽ അയാൾ എറിഞ്ഞു വീഴ്ത്തിയത് 637 വിക്കറ്റുകളാണ്. ഇത്രയേറെ മികച്ച പ്രകടനം നടത്തിയിട്ടും രജീന്ദറിന് ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ സാധിക്കാതെ പോയത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിൻ അറ്റാക്ക് അയാളുടെ സമകാലീനരായിരുന്നു എന്ന് ഒരേയൊരു കാരണം മൂലമായിരുന്നു.
എരപ്പള്ളി പ്രസന്ന, ബിഷൻ സിങ് ബേദി, ശ്രീനിവാസ വെങ്കട്ടരാഘവൻ, ഭഗവത് ചന്ദ്രശേഖർ എന്നിവരടങ്ങിയ സ്പിൻ നിരയിൽ ഗോയലിന് ഒരു സ്ഥാനം ലഭിച്ചില്ല. അറുപതുകളിലും എഴുപതുകളിലും ഇന്ത്യക്കായി അത്ര മികച്ച പ്രകടനമായിരുന്നു ഇവർ നടത്തിയത്. പ്രത്യേകിച്ചു ഇടം കയ്യൻ സ്പിന്നറായ ബിഷൻ സിങ് ബേദിയുടെ സാന്നിധ്യം രജീന്ദറിന് ഇന്ത്യൻ ടീമിലേക്കുള്ള സാന്നിധ്യം നിഷേധിച്ചു.
1964-65ൽ സിലോണിനെതിരെ നടന്ന ഒരു അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് ഗോയൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റുകൾ വീഴ്ത്തിയ രജീന്ദർ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. പിന്നീട് ഒരിക്കൽക്കൂടി രജീന്ദർ ഇന്ത്യൻ സ്‌ക്വാഡിലെത്തിയെങ്കിലും അവസാന ഇലവനിൽ ഇടം നേടാൻ സാധിച്ചില്ല.
പതിനഞ്ചിലേറെ തവണയാണ് രജീന്ദർ ഒരു രഞ്ജി സീസണിൽ ഇരുപത്തഞ്ചോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തിയത്. തന്റെ അവസാന ഒൻപതു സീസണിലും അദ്ദേഹം ആ നേട്ടം ആവർത്തിച്ചു. ഒരുപക്ഷേ മറ്റേതെങ്കിലുമൊരു രാജ്യത്തായിരുന്നു അദ്ദേഹം ജനിച്ചിരുന്നതെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരുടെ നിരയിൽ ഒരു സ്ഥാനം രജീന്ദറിന് ലഭിച്ചേനെ.






































