Foot Ball Top News

പ്രീമിയർ ലീഗ് : വെസ്റ്റ്‌ഹാമിനെ വീഴ്ത്തി ആർസണൽ

December 10, 2019

author:

പ്രീമിയർ ലീഗ് : വെസ്റ്റ്‌ഹാമിനെ വീഴ്ത്തി ആർസണൽ

രണ്ടു മാസത്തിനു ശേഷം, വിജയമില്ലാത്ത 9മത്സരങ്ങൾക്ക് ശേഷം ആശ്വാസമായി ഒടുവിൽ ആർസെനലിനു ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവേ മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിൽ 9മിനുറ്റിനിടെ 3ഗോൾ നേടി ആർസെനൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. അബാമെയാങ്ങ്, മാർട്ടിനെല്ലി, പെപെ എന്നിവർ ആർസെനലിനു വേണ്ടി ഗോൾ നേടിയപ്പോൾ ഓഗ്‌ബെനയുടെ വകയായിരുന്നു വെസ്റ്റ് ഹാമിന്റെ ഗോൾ. താത്കാലിക മാനേജരായി ചുമതലയേറ്റ ഫ്രഡി ല്യൂജിൻബെർഗിന്റെ കീഴിൽ ആർസെനാൽ നേടുന്ന ആദ്യ ജയമാണിത്

ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരം തുടങ്ങും മുന്നേ തന്നെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന ബെല്ലറിന് പരിക്കേറ്റു, കളി തുടങ്ങി 30മിനുട്ടിനുള്ളിൽ പരിക്കേറ്റു കീറൺ ടിർണിയും പിൻവാങ്ങിയതോടെ ആർസെനലിനു തുടക്കത്തിൽ തന്നെ തിരിച്ചടിയായി. ലകാസ്റ്റിനെ പുറത്തിരുത്തി മാർട്ടിനെല്ലി, പെപെ, അബമെയാങ്ങ് എന്നിവർ അണിനിരന്ന മുന്നേറ്റ നിരയെയാണ് ല്യൂജിൻബെർഗ് ഇന്ന് പരീക്ഷിച്ചത്. എന്നാൽ പതിവ് പോലെ തന്നെ ഗ്രൗണ്ടിലിറങ്ങിയത് മുതൽ ആർസെനാൽ ബാക്ക്ഫൂട്ടിലായിരുന്നു 39ആം മിനുട്ടിൽ ഓഗ്‌ബാനയിലൂടെ വെസ്റ്റ് ഹാം ലീഡ് നേടി. മോശം ഡിഫെൻസും നിർജീവമായ പ്രകടനവും നടത്തിയ ഗണ്ണേഴ്സിൽ നിന്നു ആദ്യ പകുതിയിൽ ആരാധകർക്ക് മറിച്ചെന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയില്ലായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. വേഗമാർന്ന കൗണ്ടറുകളിലൂടെ ആർസെനൽ വെസ്റ്റ് ഹാമിനെ പരീക്ഷിച്ചു. 60ആം മിനുട്ടിൽ ടൊറേറ,കോലാസിനാക് എന്നിവരിലൂടെ നീങ്ങിയ ഒരു കൗണ്ടെറിനൊടുവിൽ മിന്നും ഫിനിഷിംഗിലൂടെ മാർട്ടിനെല്ലി ആർസെനലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു. 6മിനുട്ടിനുള്ളിൽ മറ്റൊരു കൗണ്ടറിലൂടെ ആർസെനാൽ ലീഡ് നേടി അബാമേയാങ്ങിന്റെ പാസ്സ് സ്വീകരിച്ചു പെപെ മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. 69ആം മിനുട്ടിൽ സമാനമായ ഒരു അറ്റാക്കിലൂടെ അബമെയാങ്ങ് ആര്സെനലിന്റെ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു.

പ്രതിരോധത്തിലെ പോരായ്മകൾ ഏറെ ഉണ്ടെങ്കിലും ഇന്നത്തെ മത്സരത്തിലൂടെ ആർസെനാൽ തങ്ങൾക്കു യോജിച്ച മുന്നേറ്റ നിരയെ കണ്ടെത്തി കഴിഞ്ഞു. അടുത്ത വാരം മാഞ്ചസ്റ്റർ സിറ്റിയുമായിട്ടാണ് ആര്സെനലിന്റെ അടുത്ത മത്സരം

Leave a comment