Editorial Foot Ball Top News

വിലക്കു നീങ്ങി; ഇനിയെന്താകും ചെൽസിയുടെ പദ്ധതികൾ?

December 9, 2019

author:

വിലക്കു നീങ്ങി; ഇനിയെന്താകും ചെൽസിയുടെ പദ്ധതികൾ?

ചെൽസി ആരാധകരെ സംബന്ധിച്ചിടത്തോളം നല്ല ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പതിനെട്ടു വയസ്സിനു താഴെയുള്ള കളിക്കാരുടെ കരാർ സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ഫിഫ ക്ലബ്ബിനു മേൽ ഏർപ്പെടുത്തിയിരുന്ന രണ്ടു ട്രാൻസ്ഫർ വിൻഡോ വിലക്ക് ഒന്നായി കുറച്ചിരുന്നു. ഇതിനാൽ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ സീസണിൽ ക്ലബ്ബിനു പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കും.

വിലക്കിനെ തുടർന്നു തങ്ങളുടെ അക്കാദമിയിലൂടെ ഉയർന്നുവന്ന യുവതാരങ്ങളെ കൂടുതലായി ഉൾപ്പെടുത്തി സീസണെ നേരിട്ട ക്ലബ്ബിന് ഇതുവരെ സമ്മിശ്രമായ ഫലങ്ങളാണ് ലഭിച്ചതെന്നു പറയാം. ആദ്യ മത്സരത്തിൽ വൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും പിന്നീട് മികച്ച രീതിയിൽ തിരിച്ചു വന്ന ടീം നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണ്.

യുവതാരങ്ങളായിരുന്നു ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ നിർണായക ശക്തിയായത്. ടാമി എബ്രഹാം, ടോമോറി, മേസൺ മൗണ്ട്, ക്രിസ്ത്യൻ പുലിസിച്ച് മുതലായ താരങ്ങൾ മികച്ച കളി തന്നെയാണ് ഈ സീസണിൽ ഉടനീളം കെട്ടഴിച്ചത്. എങ്കിലും നിർണായക മത്സരങ്ങളിൽ, പ്രത്യേകിച്ച് ടോപ് സിക്സ് ടീമുകൾക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ പരിചയക്കുറവു ടീമിനു വിനയായിരുന്നു.

അതിനുള്ള പരിഹാരമാകും പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് തനിക്കു ലഭിക്കുന്ന ആദ്യ ട്രാൻസ്ഫർ വിൻഡോയിൽ തേടുക. പ്രധാനമായും അദ്ദേഹം ഉറ്റുനോക്കുക തന്റെ ടീമിന്റെ പ്രതിരോധത്തിലേക്കാകും.
വർഷങ്ങളായി ടീമിന്റെ ഭാഗമാണെങ്കിലും അലോൻസോയുടെ കാലുകളുടെ വേഗത നാൾക്കുനാൾ കുറഞ്ഞുവരികയാണ്. തന്റെ ഫോമിന്റെ മിന്നലാട്ടങ്ങൾ പലപ്പോഴും പ്രകടിപ്പിക്കുന്നുവെങ്കിലും നായകൻ അസ്പിലിക്യൂവെറ്റയ്ക്കും പകരക്കാരൻ ആവശ്യമാണ്. റീസ് ജെയിംസ് റൈറ്റ് ബാക്ക് പൊസിഷനിൽ മികവു പുലർത്തുന്നുവെങ്കിലും സൂമയും ക്രിസ്റ്റൻസണും, ടോമോറിയും റൂഡിഗറും നിറയുന്ന പ്രതിരോധം സമ്മർദ്ദങ്ങളിൽ കാലിടറുന്നുണ്ട്. അതിനു പരിഹാരം കാണാൻ ചെൽസി ശ്രമിക്കുമ്പോൾ ലെസ്റ്റർ പ്രതിരോധതാരം ബെൻ ചിൽവെൽ ആകും ലാംപാർടിന്റെ പദ്ധതികളിൽ ആദ്യമുണ്ടാകുക. സീസണിൽ മികച്ച ഫോമിലുള്ള പ്രതിരോധതാരത്തെ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിക്കാൻ ചെൽസി ശ്രമിക്കും.

മികച്ച ഫോമിലാണെങ്കിലും മുന്നേറ്റനിരയിലും പുതിയ സൈനിംഗുകൾ ചെൽസി നടത്തിയേക്കും. യുവേഫ ചാംപ്യൻസ് ലീഗിലും ടീം മത്സരിക്കുമ്പോൾ ടാമി, മേസൻ മൗണ്ട് മുതലായവർക്കു പുറമെ മികച്ച മുന്നേറ്റതാരങ്ങൾ ടീമിലുണ്ടാകേണ്ടതുണ്ട്. ബൊറൂസിയ ഡോർട്മുണ്ട് താരം ജോർദാൻ സാഞ്ചോ ആകും ചെൽസിയുടെ പ്രധാനലക്ഷ്യം. കൂടാതെ ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹയുടെ പേരും ലാംപാർടിന്റെയും സംഘത്തിന്റെയും മനസിലുണ്ടാകും. ബേൺമൗത്തിന്റെ ഇംഗ്ലീഷ് ഫോർവേഡ് കല്ലം വിൽസൺ, ലെപ്സിഗിന്റെ ടിമോ വെർണർ എന്നിവരുടെ പേരുകളും ചെൽസിയുമായി ചേർത്തു വായിക്കപ്പെടുന്നുണ്ട്. മധ്യനിരയിൽ കാന്റെയും, കോവസിച്ചും, ഒഡോയ്‌യും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും പുതിയ സൈനിംഗുകൾക്കും സാധ്യതയുണ്ട്.

ലീഗിലെ നിലവിലുള്ള നാലാം സ്ഥാനം നിലനിർത്തി അടുത്ത ചാംപ്യൻസ് ലീഗിനു യോഗ്യത നേടുകയെന്നതാകും ചെൽസിയ്‌ക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതിനുവേണ്ടി മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ അവർ ശ്രമിക്കുമെന്നതിൽ സംശയമില്ല.

Leave a comment