ടേക്ക് എ ബോ ലോകേഷ് രാഹുൽ !!!
അടുത്തിടെ കണ്ട ഏറ്റവും മികച്ച ഒരു റൺ ചേസിന്റെ മാധുര്യം ഇനിയും ഇന്ത്യൻ ആരാധകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിരിക്കില്ല. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ നേടിയ ത്രസിപ്പിക്കുന്ന വിജയം ആസ്വദിക്കുമ്പോൾ തീർച്ചയായും നാം മത്സരത്തിലെ കെ. എൽ രാഹുലിന്റെ സംഭാവനകളും സ്മരിക്കേണ്ടതുണ്ട്. കളിയുടെ പല ഘട്ടങ്ങളിലും തന്റെ നായകനെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുലും പ്രത്യേകം പ്രശംസകൾ അർഹിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ടെസ്റ്റ് ഏകദിന മത്സരങ്ങളിലെ രാഹുലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഓപണിംഗിൽ തുടർച്ചയായ പരാജയങ്ങൾ ടെസ്റ്റ് ടീമിലെ സ്ഥാനം തന്നെ നഷ്ടമാക്കി. ഏകദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും 2019 ലോകകപ്പ് ടീമിൽ തന്റെ പ്രിയപ്പെട്ട ഓപ്പണിങ് സ്ഥാനത്തിനു പകരം നാലാമനായാണ് താരം ബാറ്റിങിനിറങ്ങിയത്. ശിഖർ ധവാനു പരിക്കേറ്റതോടെ വീണ്ടും രോഹിതിനൊപ്പം ഓപ്പൺ ചെയ്യാൻ തുടങ്ങിയതോടെ രാഹുലിന്റെ ഫോമും മെച്ചപ്പെട്ടു. ഒരു അർദ്ധസെഞ്ചുറിയും ലീഗിലെ അവസാന മത്സരത്തിൽ ശ്രീലങ്കക്കെതിരെ സെഞ്ചുറിയും നേടാൻ രാഹുലിനു കഴിഞ്ഞിരുന്നു.
കുട്ടി ക്രിക്കറ്റിൽ മികച്ച കളി കെട്ടഴിക്കാൻ എന്നും രാഹുലിനു സാധിച്ചിരുന്നു. പവർ പ്ലേ ഓവറുകൾ നന്നായി മുതലാക്കാൻ കഴിവുള്ള ബാറ്സ്മാനാണ് രാഹുൽ. കഴിഞ്ഞ മത്സരത്തിൽ നാം കണ്ടതും രാഹുലിന്റെ ഈ കഴിവായിരുന്നു. കളിയിലെ ആദ്യ മൂന്നോവറുകളിൽ മുപ്പതു റണ്ണുകൾ സ്കോർ ചെയ്യപ്പെട്ടപ്പോൾ രോഹിതിന്റെ ബാറ്റിൽ നിന്നും പിറന്നത് എട്ടു റണ്ണുകൾ മാത്രമായിരുന്നു. പത്തു പന്തുകളിൽ നിന്നും എട്ടു റണ്ണുകൾ നേടിയ രോഹിത് പവലിയനിലേക്കു മടങ്ങുമ്പോൾ രാഹുൽ ഇരുനൂറിലേറെ പ്രഹരശേഷിയുമായി ക്രീസിൽ നിലയുറപ്പിച്ചിരുന്നു. സാധാരണ പതിഞ്ഞ തുടക്കം ഇഷ്ടപ്പെടുന്ന രോഹിതിനൊപ്പം ഇന്ത്യൻ ഇന്നിങ്സിന്റെ താളം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ തന്നെപ്പോലൊരു സഹ ഓപ്പണർ ടീമിന് എത്രമാത്രം അത്യാവശ്യമാണെന്ന് തെളിയിക്കുകയായിരുന്നു രാഹുൽ.
രോഹിതിനു പകരമെത്തിയ നായകൻ വിരാട് കോഹ്ലിയും തുടക്കത്തിൽ പന്തിനെ മിഡിൽ ചെയ്യാൻ ഒരുപാടു ബുദ്ധിമുട്ടിയിരുന്നു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരു നീണ്ട ഇടവേളയ്ക്കുശേഷം പാഡണിഞ്ഞ തന്റെ നായകന്റെ പതിഞ്ഞ തുടക്കം ടീമിന് ബാധ്യതയാകാതിരിക്കാൻ രാഹുൽ ശ്രദ്ധിച്ചു. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ച രാഹുൽ തന്നെയാണ് സമ്മർദ്ദം കൊഹ്‌ലിയെ പിടികൂടാതിരുന്നതിനു കാരണമായതും. ആദ്യ ഇരുപതു പന്തുകളിൽ കൊഹ്‌ലി നൂറു റൺ സ്ട്രൈക്ക് റേറ്റിൽ ഉഴറുമ്പോഴും ഇന്ത്യൻ റൺ റേറ്റ് ഒൻപതിനു മുകളിൽതന്നെ നിന്നതും രാഹുലിന്റെ ബാറ്റിങ് മൂലമായിരുന്നു.
മത്സരത്തിന്റെ രണ്ടാം ഓവറിൽ ജേസൺ ഹോൾഡറിനെതിരെ നേടിയ മൂന്നു ഫോറുകൾ, പിയറിനെതിരെ സ്ലോഗ് സ്വീപ്പുകളിലൂടെ നേടിയ രണ്ടു സിക്സറുകൾ, കേസരിക് വില്യംസിനെ മിഡ് വിക്കറ്റിനു മുകളിലൂടെ ഗാലറിയിലേക്കു പറത്തിയ ആ അസാധ്യഷോട്ട്. എല്ലാത്തിലും രാഹുൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തനിക്കൊപ്പം ബാറ്റു ചെയ്ത ഇന്ത്യൻ ബാറ്റിങ് നിരയിലെ രണ്ടു വൻമരങ്ങളെയും പിന്നിലാക്കി കുതിച്ച ഒരിന്നിംഗ്‌സായിരുന്നു അത്. ഒടുവിൽ വിജയലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തന്റെ നായകൻ പൂർണമായും സജ്ജനാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അയാൾ ആ ഇന്നിംഗ്സ് അവസാനിപ്പിച്ചതും.
ടേക്ക് എ ബോ ലോകേഷ് രാഹുൽ…






































