വിജയം തേടി ബ്ലാസ്റ്റേഴ്സും മുംബൈയും
ബ്ലാസ്റ്റേഴ്സ് വീണ്ടും അങ്കത്തിനിറങ്ങുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ വിജയമറിയാത്ത തുടർച്ചയായ മത്സരങ്ങൾക്ക് അറുതി വരുത്താനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ എതിരാളികൾ മുംബൈ സിറ്റി എഫ്. സിയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിലാണ് മത്സരം നടക്കുക.
പരിക്കുകൾ വലയ്ക്കുന്ന സീസണാണ് ബ്ലാസ്റ്റേഴ്സിന്. പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതോടെ വിജയങ്ങൾ നേടാനാകാതെ വലയുകയാണ് കൊമ്പന്മാർ. വിജയവഴിയിലേക്കു ടീം തിരിച്ചെത്താത്തതിൽ പരിശീലകൻ എൽകോ ഷെറ്റൊരിയും നിരാശ പ്രകടിപ്പിക്കുന്നുണ്ട്. പലപ്പോഴും മികച്ച ഒരു ഇലവനെ പോലും കളത്തിലിറക്കാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പത്തു പേരായി ചുരുങ്ങിയ എഫ്. സി ഗോവയ്ക്കെതിരെ അവസാന നിമിഷത്തിൽ വഴങ്ങിയ ഗോളിൽ വിജയം കൈവിട്ടതിലെ നിരാശ മത്സരശേഷം അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്നു.
ആറു മത്സരങ്ങളിൽ നിന്നും ഒരേയൊരു വിജയം മാത്രം നേടി അഞ്ചു പോയിന്റുമായി പോയൻറ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്. ഹോം മത്സരങ്ങളിൽ വൻ ആരാധക പിന്തുണയുണ്ടായിട്ടും നിരാശാജനകമായ പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിന് എവേ മത്സരങ്ങളിൽ എത്രമാത്രം ശോഭിക്കാൻ സാധിക്കുമെന്നതു കണ്ടറിയേണ്ട വസ്തുതയാണ്. മുസ്തഫ ഗാനിങ്, ജൈറോ റോഡ്രിഗസ്, ജിയോവാനി സ്വിവർലൂൺ മുതലായ ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്. ജൈറോയ്ക്കു പകരമെത്തിയ വ്ലാട്കോ ഡ്രോബറോവ് ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.
ഗോളടിക്കാൻ സാധിക്കാത്തതാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നം. ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിച്ച ബർത്തലോമ്യോ ഓഗ്ബെച്ചയ്ക്കു പിന്നീട് ഒരു മത്സരത്തിലും മികവു പുലർത്താൻ സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ ഗോളെന്നുറച്ച രണ്ടു അവസരങ്ങളെങ്കിലും താരം പാഴാക്കിയിരുന്നു. ലീഗിൽ മുന്നോട്ടുള്ള യാത്രയിൽ താരത്തിന്റെ പ്രകടനം നിർണായകമാണ്. ഇന്നത്തെ മത്സരത്തിലും ഓഗ്ബച്ചേ, മെസ്സിബൗളി, രാഹുൽ എന്നിവരെ കേന്ദ്രീകരിച്ചാകും ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ.
സഹൽ അബ്ദുൽ സമദ്, പ്രശാന്ത് എന്നീ മലയാളി താരങ്ങളാകും ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ നീക്കങ്ങൾക്കു കരുത്തു പകരുക. മാരിയോ ആർകേസിന്റെ പരിക്കു മാറിയതും അവരുടെ മധ്യനിരയ്ക്കു ആശ്വാസമാകുന്നുണ്ട്. ടൂർണമെന്റിന് മുന്നേ പരിക്കേറ്റ നായകൻ സന്ദേശ് ജിങ്കൻറെ അഭാവം ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിൽ നന്നായി നിഴലിക്കുന്നു. ഗോളി രഹനേഷും അത്ര മികച്ച പ്രകടനമല്ല ഈ സീസണിൽ കാഴ്ചവെയ്ക്കുന്നത്.
മറുവശത്തു മുംബൈയും അത്ര മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. ലീഗിൽ ഏഴാം സ്ഥാനത്താണ് ജോർജ് കോസ്റ്റ പരിശീലിപ്പിക്കുന്ന ടീം. കൊച്ചിയിൽ വെച്ചു ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഒരേയൊരു വിജയം മാത്രമാണ് അവരുടെ അക്കൗണ്ടിലും ഉള്ളത്. വിജയം മാത്രം ലക്ഷ്യമാക്കി ഇരുടീമുകളും പോരാടുമ്പോൾ അന്തിമ വിജയം ആർക്കൊപ്പമായിരിക്കുമെന്ന പ്രവചിക്കാൻ സാധിക്കില്ല.






































