Cricket Editorial Top News

മടങ്ങിവരുമോ മഹേന്ദ്രസിങ് ധോണി?

December 3, 2019

author:

മടങ്ങിവരുമോ മഹേന്ദ്രസിങ് ധോണി?

മടങ്ങിവരുമോ മഹേന്ദ്രസിങ് ധോണി?.

ധോണി ആരാധകർ മാത്രമല്ല ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ ഭൂരിഭാഗവും ഈ ചോദ്യം മനസ്സിൽ ഉന്നയിക്കുന്നുണ്ടാകാം. കാരണം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്റ്റമ്പിന് പിന്നിൽ ഇന്ത്യ ധോണിയുടെ സേവനങ്ങളെ വളരെയധികം മിസ്സ്‌ ചെയ്യുന്നുണ്ട് എന്നതു യാഥാർഥ്യമാണ്.

തീർച്ചയായും മഹേന്ദ്രസിങ് ധോണിയുടെ സംഭാവനകൾ ഇന്ത്യൻ ക്രിക്കറ്റിനു മറക്കാൻ സാധിക്കാത്തതാണ് ഐ.സി.സിയുടെ മൂന്നു കിരീടങ്ങളും ഇന്ത്യൻ ക്രിക്കറ്റിനു സമ്മാനിച്ച ആ റാഞ്ചിക്കാരനെ മാറ്റിനിർത്തി ഇന്ത്യൻ ക്രിക്കറ്റിലെ ഒരേടുപോലും വായിക്കാൻ സാധിക്കില്ല. പക്ഷേ ഏതൊരു ക്രിക്കറ്റെർക്കും ശക്തിക്ഷയം സംഭവിക്കാം. അതു മനസ്സിലാക്കി തന്നെയാകണം 2014ൽ ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ നിന്നും അദ്ദേഹം സ്വയം വിരമിച്ചത്.

ടെസ്റ്റ്‌ ടീമിൽ ധോണിയ്ക്കു പകരം സ്ഥാനം കണ്ടെത്തിയ വൃദ്ധിമാൻ സഹ തീർച്ചയായും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റിങ്ങിലും ഒരളവുവരെ അദ്ധേഹത്തിന്റെ അഭാവം മറച്ചുവെയ്ക്കാൻ സഹയ്ക്കു സാധിച്ചെങ്കിലും ഇടയ്‌ക്കേറ്റ പരിക്ക് വില്ലനായതോടെ ഋഷഭ് പന്ത് ടീമിലെത്തുകയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി കരുതപ്പെട്ടിരുന്ന ഋഷഭ് പന്ത് വളരെ പെട്ടന്നാണ് ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായത്. ഐ. പി. എല്ലിലും ധോനി മാറിനിന്ന സീരീസുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച പന്ത് ടീമിൽ ധോണിയുടെ പിൻഗാമിയായി ടീമിലെത്തുമെന്നു വിലയിരുത്തപ്പെട്ടു.

പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. 2019 ലോകകപ്പ് മുതൽ ഋഷഭ് പന്തിന്റെ പെർഫോമൻസ് ഗ്രാഫ് താഴേക്കു സഞ്ചരിക്കാൻ തുടങ്ങി. ലോകകപ്പ് ഫൈനലിലടക്കം പന്ത് നിരുത്തരവാദപരമായ രീതിയിൽ പുറത്താകാൻ തുടങ്ങിയതോടെ അയാൾക്കെതിരെ വിമർശനങ്ങളും ഉയർന്നു തുടങ്ങി. ഏതു പന്തിനേയും ലെഗ് സൈഡിലേക്കു മാത്രം അടിക്കാൻ ശ്രമിക്കുന്ന പന്തിന്റെ ദൗർബല്യം ബൗളർമാർ മുതലെടുത്തതോടെ രൂപപ്പെട്ട സമ്മർദ്ദം പതിയെ അയാളുടെ വിക്കറ്റിനു പിന്നിലുള്ള പ്രകടനത്തെയും ബാധിക്കാൻ തുടങ്ങി. സഹയുടെ തിരിച്ചുവരവോടെ പന്തിന്റെ ടെസ്റ്റിലെ സ്ഥാനവും തെറിച്ചു.

2019 ലോകകപ്പിനുശേഷം ക്രിക്കറ്റിൽ നിന്നും ധോണി വിട്ടുനിൽക്കാൻ തുടങ്ങിയതോടെ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ പന്തിനു തുടർച്ചയായി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. പക്ഷേ അവയൊന്നും പ്രയോജനപ്പെടുത്താൻ പന്തിനു സാധിച്ചില്ല. സ്കൂൾ കുട്ടികൾ പോലും മൈതാനത്തിൽ കാട്ടാത്ത തെറ്റുകൾ കീപ്പിങ്ങിൽ അയാൾ വരുത്താൻ തുടങ്ങിയതോടെ സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേൾക്കാൻ തുടങ്ങി.

കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിൽ സഞ്ജു സാംസണെ സ്‌ക്വാഡിൽ ഉൾപെടുത്തിയെങ്കിലും ഒരു മത്സരം പോലും കളിപ്പിച്ചിരുന്നില്ല. തുടർച്ചയായി പരാജയപ്പെടുന്ന പന്തിന് വീണ്ടും അവസരങ്ങൾ നൽകുന്നതിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയെങ്കിലും അടുത്ത സീരീസിൽ സഞ്ജുവിനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. പക്ഷേ പിന്നീട് ഓപ്പണർ ശിഖർ ധവാനേറ്റ പരിക്ക് സഞ്ജുവിനെ ടീമിലെത്തിച്ചു.

പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ സെലെക്ടർമാരുടെയും ബി. സി. സി. ഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെയും പ്രസ്താവനകളിലൂടെ വീണ്ടും ധോണി വാർത്തകളിൽ നിറയുകയാണ്. അടുത്തവർഷം നടക്കാനിരിക്കുന്ന ടി. ട്വൻറി ലോകകപ്പിനു മുന്നോടിയായി ധോണി ടീമിൽ തിരിച്ചെത്താനുള്ള സാധ്യതയും വിദൂരമല്ല. കൂടുതൽ യുവതാരങ്ങളെ പരീക്ഷിക്കാൻ ലഭിച്ച സമയം ടീം മാനേജ്മെന്റ് ശരിയായി ഉപയോഗിക്കാൻ സാധിക്കാത്തതോടെ ധോണി തിരിച്ചുവന്നാൽ യുവതാരങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം ധോണിയ്ക്കു ലഭിച്ചേക്കാം. ധോണിയുടെ തിരിച്ചുവരവിൽ യുവതാരങ്ങളുടെ അവസരം നഷ്ടപ്പെടുമോ?

Leave a comment