മൗറീഞ്ഞോയ്ക്കൊപ്പം തിരികെ വരുന്ന ഡെലെ അലി
പ്രീമിയർ ലീഗിന്റെ മർമമറിഞ്ഞവനാണ് ജോസേ മൗറീഞ്ഞോ എന്ന പോർച്ചുഗീസ് പരിശീലകൻ. കിരീടങ്ങൾ എങ്ങനെ നേടണമെന്ന് വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ചു അവയെ ഫലപ്രദമായി ഉപയോഗിക്കാൻ പഠിച്ചവൻ. പരിശീലിപ്പിക്കുന്ന ഒരോ ടീമിലും അയാളുടെ പദ്ധതികളും വളരെയേറെ ചർച്ചാ വിഷയമാകുന്നതിനു കാരണവും അതുതന്നെയാകാം.
മൗറീഞ്ഞോ വീണ്ടും പ്രീമിയർ ലീഗിലേക്കു തിരിച്ചു വന്നിരിക്കുകയാണ്. മൗറീഷ്യോ പോച്ചെറ്റീനോയ്ക്കു പകരമായി ടോട്ടൻഹാം ഹോട്സ്പറിന്റെ പരിശീലകനായാണ് ഇത്തവണ മൗ പ്രീമിയർ ലീഗിലേക്കു തിരികെ വന്നത്. തന്റെ കീഴിലിറങ്ങിയ ആദ്യ മൂന്നു മത്സരങ്ങളിലും ടീമിനെ വിജയതീരത്തെത്തിച്ചാണ് മൗറീഞ്ഞോ വരവറിയിച്ചിരിക്കുന്നതും.
മൗറീഞ്ഞോയുടെ വരവ് സ്പർസ് ടീമിനു മുഴുവൻ പ്രചോദനമായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും കാത്തിരിക്കേണ്ടി വരും. പക്ഷേ ഡെലെ അലിയുടെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. മൂന്നു വിജയങ്ങൾ ചാംപ്യൻസ് ലീഗ് നോക്ഔട്ട് റൗണ്ടിലേക്കും ലീഗ് ടേബിളിൽ മുന്നിലേക്കും ടോട്ടനത്തെ എത്തിച്ചപ്പോൾ നിർണായകമായത് ഡെലെയുടെ പ്രകടനമാണ്. മൂന്നു കളികളിൽ നിന്നും മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായി മൗവിനൊപ്പം ചർച്ചകളിൽ ഇടം പിടിക്കുകയാണ് ഡെലെ അലിയും.
ബാമിഡെലെ ജെർമിൻ അല്ലി എന്ന ഡെലെ അലി ഇംഗ്ലീഷ് മിഡ് ഫീൽഡിലെ ഭാവി വാഗ്ദാനം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇംഗ്ലണ്ട് അണ്ടർ 17, 18, 19, 21 ദേശീയ ടീമുകളിലൂടെ ഉയർന്നു വന്ന അയാൾ 2015-16 സീസണിലാണ് ടോട്ടനം നിരയിലെത്തുന്നത്. ആദ്യസീസണിൽ ലോണിൽ കളിച്ച ഡെലെ പിന്നീട് ടോട്ടനം നിരയിലെ സ്ഥിരം സാന്നിധ്യമായി. ആദ്യ സീസണിലെ മികച്ച പ്രകടനത്തിന് 2021 വരെ കരാർ പുതുക്കി നൽകിയാണ് ക്ലബ് പ്രതിഫലം നൽകിയത്. ക്ലബ്ബിനു വേണ്ടി തന്റെ ആദ്യ സീസണിൽ മുപ്പത്തിമൂന്നു മത്സരങ്ങളിൽ നിന്നും 19 ഗോളുകളിൽ പങ്കാളിയായ ഡെലെയുടെ കഴിവിനുള്ള മികച്ച പ്രതിഫലമായിരുന്നു അത്.
പക്ഷേ പോച്ചെറ്റീനോയുടെ കീഴിൽ കഴിഞ്ഞ സീസൺ മുതൽ ഡെലെയ്ക്ക അത്ര നല്ല കാലമായിരുന്നില്ല. കഴിഞ്ഞ സീസൺ അവസാനം തീർത്തും നിറം മങ്ങിയ അയാൾ കെയ്ൻ, സോൺ, മൗറ മുതലായവരുടെ നിഴലായി ഒതുങ്ങി. പുതിയ സീസൺ തുടക്കത്തിൽ തന്നെ സംഭവിച്ച പരിക്ക് കാര്യങ്ങൾ കൂടുതൽ വഷളാക്കി.
പക്ഷേ ടീമിന്റെ മോശം പ്രകടനം പോച്ചെറ്റീനോയുടെ പുറത്താക്കലിൽ കലാശിച്ചതോടെ ഡെലെയുടെ നല്ലകാലം തെളിഞ്ഞുവെന്നു പറയാം. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ബോൺമൗത്തിനെതിരെ അയാൾ ഫോമിന്റെ പാരമ്യത്തിലായിരുന്നു. ഒരു ഇരട്ടഗോൾ പ്രകടനത്തിലൂടെ ടീമിന്റെ വിജയം ഉറപ്പിക്കാനും അയാൾക്കു സാധിച്ചു. ഈ മികച്ച പ്രകടനങ്ങൾ നൽകുന്ന ആത്മവിശ്വാസം ഇംഗ്ളീഷ് ദേശീയ ടീമിലെ തന്റെ സ്ഥാനം വീണ്ടെടുക്കാൻ സഹായിക്കുമെന്നും അയാൾ വിശ്വസിക്കുന്നുണ്ടാകാം. അടുത്ത ഇന്റർനാഷണൽ സീസണിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള ഇംഗ്ലീഷ് കോച്ച് ഗാരെത് സൗത്ത്ഗേറ്റിന്റെ ചിന്തകളിൽ ഡെലെ അലിയുടെ മികച്ച ഫോമും കടന്നുവരുമെന്നു തീർച്ച.






































