Foot Ball Top News

ആർസെനലിനു വീണ്ടും സമനിലക്കുരുക്ക്

December 1, 2019

author:

ആർസെനലിനു വീണ്ടും സമനിലക്കുരുക്ക്

പ്രീമിയർ ലീഗിൽ മധുരം നുണയാതെ ല്യൂജിൻബെർഗിന്റെ ആർസെനാൽ മാനേജറായിട്ടുള്ള അരങ്ങേറ്റം. ഇന്ന് നടന്ന മത്സരത്തിൽ നോർവിച്ചു സിറ്റിയോടാണ് ആർസെനൽ സമനില വഴങ്ങിയത്. സ്‌കോർ 2-2. ആർസെനലിനു വേണ്ടി അബാമേയാങ്ങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ പുക്കി, കാന്റവെൽ, എന്നിവരുടെ വകയായിരുന്നു നോർവിച്ചിന്റെ ഗോളുകൾ.

ആർസെനാൽ ഡിഫെൻസിന്റെ പാളിച്ചകൾ തുറന്നു കാണിക്കുന്നതായിരുന്നു ഇന്നത്തെ പ്രകടനം. ആർസെനൽ ഗോൾമുഖത്തേക്ക് നോർവിച്ചു താരങ്ങൾ നിരന്തരം ഭീതിയുയർത്തി. ആർസെനാൽ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്തു 17ആം മിനുട്ടിൽ പുക്കി ആദ്യ ഗോൾ നേടി. അധികം വൈകാതെ ആർസെനൽ തിരിച്ചടിച്ചു.29ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി എടുത്ത അബാമേയാങ്ങിന്റെ ഷോട്ട് ഗോളി ക്രൂൾ തടുത്തുവെങ്കിലും, കിക്കിന് മുന്നേ നോർവിച്ചു താരങ്ങൾ ബോക്സിനുള്ളിൽ പ്രവേശിച്ചതിനാൽ വീണ്ടും സ്പോട് കിക്ക് അനുവദിച്ചു. ഇപ്രാവശ്യം ആബ ലക്ഷ്യം കണ്ടു. എന്നാൽ ഇടവേളയ്ക്കു പിരിയും മുന്നേ മികച്ചൊരു കൌണ്ടർ അറ്റാക്കിലൂടെ നോർവിച് ലീഡ് തിരിച്ചു പിടിച്ചു. കാന്റവെലായിരുന്നു ഗോൾ നേടിയത്.

ഇടവേളയ്ക്കു ശേഷവും നോർവിച് ആക്രമണം തുടർന്നു. എന്നാൽ ഗോളി ലെനോയുടെ മിന്നും സേവുകൾ കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നും ആർസെനലിനെ രക്ഷിച്ചു. ഇതിനിടയിൽ 59ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്നും ആർസെനാൽ രണ്ടാം ഗോൾ നേടി. അബാമേയങ്ങ് തന്നെയായിരുന്നു ഈ ഗോളും നേടിയത്. അവസാന നിമിഷങ്ങളിൽ വിജയ ഗോൾ നേടാൻ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ അകന്നു നിന്നു.

Leave a comment