Editorial Foot Ball legends Top News

ആഘോഷിക്കപ്പെടേണ്ട സ്വന്തം സുനിൽ ഛേത്രി

November 29, 2019

author:

ആഘോഷിക്കപ്പെടേണ്ട സ്വന്തം സുനിൽ ഛേത്രി

ഫുട്ബോൾ ലോകത്ത്‌ അധികം വാർത്തകൾ സൃഷ്ടിക്കാനോ ആരാധകരുടെ ശ്രദ്ധ ആകർഷിക്കാനോ വർത്തമാന ഇന്ത്യൻ ഫുട്‍ബോളിനു കഴിയുന്നില്ലായെന്നത് ദുഖകരമായ ഒരു യാഥാർഥ്യമാണ്. ഏഷ്യൻ ഫുട്ബോളിൽ ഇന്ത്യ ഒരു ശക്തിയായി പോലും പരിഗണിക്കപ്പെടുന്നില്ല എന്നതും വാസ്തവമാണ്. ഒരു പക്ഷേ അതുകൊണ്ടാകാം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിക്‌സിന്റെ ഏറ്റവും മികച്ച പ്ലേമേക്കർക്കുള്ള പുരസ്‌കാരമത്സരത്തിൽ ഒന്നാമനായ ലയണൽ മെസ്സിയെ പ്രശംസകൾ കൊണ്ടു മൂടുന്നതിനിടയിലും ആ പട്ടികയിൽ ഏറ്റവും മികച്ച സ്ഥാനം കൈവരിച്ച ഏഷ്യക്കാരനായ സുനിൽ ഛേത്രിയെ നാം സൗകര്യപൂർവ്വം മറന്നുപോകുന്നത്.

അർജന്റീനൻ ഫുടബോളിന് എന്താണോ മെസ്സി അതുതന്നെയാണ് സുനിൽ ഛേത്രിയെന്ന മനുഷ്യൻ ഇന്ത്യൻ ദേശീയ ടീമിനായി ചെയ്യുന്നതും. നിലവിൽ പന്തു തട്ടുന്ന കളിക്കാരിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരിൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് മാത്രം പിറകിൽ രണ്ടാമതാണയാൾ. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ടീമുകൾ നേരിടുന്ന എതിരാളികളുടെ കരുത്തു പരിഗണിക്കുമ്പോൾ അയാളുടെ ഈ നേട്ടം അത്ര വലുതായി തോന്നുകയില്ല. പക്ഷേ ഇന്ത്യൻ ടീമിന്റെ സ്ഥിതികൂടി ഒന്നു പരിഗണിച്ചുനോക്കൂ. മികച്ച ടീമുകൾക്കെതിരെയുള്ള ജയമെന്ന ഇന്ത്യൻ ടീമിന്റെ സ്വപ്‌നങ്ങൾ പലപ്പോഴും യാഥാർഥ്യമായത് സുനിൽ ഛേത്രിയുടെ കാലുകളിലൂടെയല്ലേ?. ഇന്ത്യൻ ടീമിനെ ഒറ്റയ്ക്കു ചുമലിലേറ്റുകയല്ലേ അയാൾ?.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ എല്ലാമാണയാൾ. ഇന്ത്യയുടെ നീല ജേഴ്സിയിൽ ഏറ്റവും കൂടുതൽ തവണ കളത്തിലിറങ്ങിയവൻ, ഇന്ത്യക്കായി ഏറ്റവുമധികം ഗോളുകൾ നേടിയവൻ, ഏറ്റവുമധികം തവണ രാജ്യത്തെ മികച്ച കാൽപന്തുകളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടവൻ. അങ്ങനെ ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിൽ ഒന്നാണ് സുനിൽ ഛേത്രി. ഇന്ത്യൻ ഫുട്ബോളിനെ പിന്തുടരുന്നവർ കളത്തിൽ ആദ്യം തിരയുന്നതും അയാളുടെ മുഖമാകും.

ഒരുപാടു മികച്ച നിമിഷങ്ങളും അയാൾ നമുക്കു തന്നിട്ടുണ്ട്. കഴിഞ്ഞ എ.എഫ്.സി ഏഷ്യൻ കപ്പിലെ മനോഹരമായ ഇരട്ട ഗോളുകൾ, ഇരുപത്തിയേഴു വർഷങ്ങൾക്കു ശേഷം ഇന്ത്യയ്ക്കു ഏഷ്യൻ കപ്പിനു യോഗ്യത നൽകിയ ഏഷ്യൻ ചാലഞ്ജ് കപ്പിലെ പ്രകടനം. അങ്ങനെ എത്രയോ മികച്ച നിമിഷങ്ങൾ. ബൈച്ചുങ് ബൂട്ടിയ എന്ന വൻമരം തന്റെ കയ്യിലേൽപിച്ച ഇന്ത്യൻ ടീമിന്റെ സ്കോറിങ് ദൗത്യം അയാൾ ശിരസ്സാവഹിക്കുകയാണ്. ലോകത്തൊരു ഫുട്ബോൾ പ്ളെയർക്കും കഴിയാനാവാത്ത വിധം സ്വന്തം ആരാധകരുടെ മുന്നിൽ അയാൾ താഴ്ന്നിട്ടുണ്ട്. തങ്ങളുടെ കളി കാണുവാൻ ഇന്ത്യക്കാരോട് അയാൾ തൊഴുകൈയ്യോടെ അപേക്ഷിച്ചിട്ടുണ്ട്. കാരണം അയാൾ ഇന്ത്യൻ ഫുട്ബോളിനെ അത്രമേൽ സ്നേഹിക്കുന്നു.

ഇന്ത്യയിൽ പന്തു തട്ടുന്നുവെന്ന ഒരേയൊരു കാരണത്താൽ ലോകത്തിനു മുന്നിൽ അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഒരുപിടി പ്രതിഭകളുണ്ട്. ഐ. എം വിജയൻ, സത്യൻ, ബൈച്ചുങ് ബൂട്ടിയ മുതലായ മറ്റേതൊരു രാജ്യത്തും പൊന്നിനേക്കാൾ മാറ്റുള്ള താരങ്ങളായി വിരാജിക്കേണ്ടവർ. അവരിലെ അവസാന കണ്ണിയാണ് സുനിൽ ഛേത്രി. പടിയിറങ്ങുമ്പോൾ താൻ ഭദ്രമായി കാത്തു സൂക്ഷിച്ച ഇന്ത്യൻ ടീമിന്റെ സ്കോറിങ് ദൗത്യം ആരെ വിശ്വസിച്ചേല്പിക്കുമെന്ന ഇനിയും അയാൾക്കു തീരുമാനിക്കാൻ സാധിച്ചിട്ടില്ല. അത്രയേറെ ഇന്ത്യൻ ടീം അയാളെ ആശ്രയിക്കുന്നു. ഇനി എത്രകാലം അയാൾ ഈ ഭാരം ചുമക്കുമെന്നും തീർച്ചയില്ല. നമ്മുടെ നായകൻ നമുക്കു നൽകുന്ന ഒരോ വിജയവും അയാളുടെ വിയർപ്പും കഠിനാധ്വാനവുമാണ്. അയാളുടെ ഒരോ നേട്ടവും നമ്മുടേതുകൂടിയാക്കി ആഘോഷിക്കാം.

Leave a comment