Cricket Editorial Top News

ഫിൽ ഹ്യൂജ്സ് ; 63 നോട്ട്‌ ഔട്ട്‌

November 27, 2019

author:

ഫിൽ ഹ്യൂജ്സ് ; 63 നോട്ട്‌ ഔട്ട്‌

ഫിലിപ്പ് ജോയൽ ഹ്യൂജ്സ് എന്ന ഓസ്‌ട്രേലിയക്കാരന്റെ വിടവാങ്ങലിന് ഇന്ന് അഞ്ചു വർഷം പ്രായമാകുന്നു. ഓരോ ക്രിക്കറ്റ്‌ പ്രേമിയുടെയും മനസ്സിൽ ഒരു നൊമ്പരം ബാക്കി നിർത്തി, മൂന്നു ദിവസങ്ങൾ നീണ്ട അവരുടെ പ്രാർത്ഥനകൾ വിഫലമാക്കി, അവസാന ഇന്നിങ്സിൽ നേടിയ അറുപത്തിമൂന്നു റണ്ണുകളുമായി അയാൾ ആരും ആഗ്രഹിക്കാത്ത ലോകത്തേക്ക് ഒരിക്കലും ആസ്വദിക്കാത്ത ഒരു ഇന്നിങ്‌സിനായി നടന്നകന്നിട്ട് അഞ്ചു വർഷങ്ങളായി.

ക്രിക്കറ്റ്‌ ലോകത്തെ നടുക്കിയ ഒരു സംഭവമായിരുന്നു ഫിൽ ഹ്യൂജ്സ് എന്ന ഓസ്ട്രേലിയൻ ഭാവി വാഗ്ദാനത്തിനു സംഭവിച്ച ദാരുണമായ അന്ത്യം. 2014 നവംബർ ഇരുപത്തിയഞ്ചാം ന്യൂ സൗത്ത് വെയിൽസിനെതിരായ മത്സരത്തിലാണ് സൗത്ത് ഓസ്ട്രേലിയ ബാറ്സ്മാനായ ഫില്ലിനെ എതിർടീമിലെ ഫാസ്റ്റ് ബൗളർ സീൻ അബോട്ടിന്റെ ബൗൺസർ തലയിലേൽപിച്ച പരിക്കിനെത്തുടർന്നു സിഡ്‌നിയിലെ സെന്റ് വിൻസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനകളും ഉറങ്ങാതെ കൂട്ടിരുന്നിട്ടും മരണം അയാളുടെ ജീവൻ കവർന്നെടുത്തു കടന്നുപോയി. മൂന്നാം ദിവസം ഫിൽ ഹ്യൂജ്സിന്റെ മരണവാർത്തയും കേട്ടാണ് അവർ ഉണർന്നത്.

ലോകം മുഴുവനും ഫിൽ ഹ്യൂജ്സിനു വേണ്ടി വിതുമ്പിയ നാളുകളായിരുന്നു പിന്നീട്. ഫില്ലിന്റെ ശവസംസ്കാരച്ചടങ്ങുകൾക്കു സാക്ഷിയായ സഹപ്രവർത്തകരുടെ മുഖം എല്ലാവരുടെയും കണ്ണുകൾ നിറച്ചു. ക്രിക്കറ്റ്‌ ഓസ്ട്രേലിയയ്ക്കുവേണ്ടി പത്ര സമ്മേളനം നടത്തിയ നായകൻ മൈക്കൽ ക്ലാർക് വാക്കുകൾ മുഴുമിപ്പിക്കാതെ വിതുമ്പിയ കാഴ്ച അവർക്ക് എത്രമാത്രം പ്രിയപ്പെട്ട ഒരു സഹപ്രവർത്തകനായിരുന്നു വിടവാങ്ങിയത് എന്നു തെളിയിക്കുന്നതായിരുന്നു. സ്വന്തം മകന്റെ മരണാനന്ദര കർമങ്ങൾ നിര്വഹിക്കേണ്ടിവരുന്ന ഹതഭാഗ്യനായ ഒരച്ഛന്റെ കണ്ണുനീരടക്കാൻ പാടുപെടുന്ന മുഖം ഇന്നും നീറുന്ന ഒരോർമയായി അവരുടെ മനസ്സിലുണ്ട്.

2009ൽ തന്റെ ഇരുപതാം വയസ്സിൽ ഓസ്ട്രേലിയയ്ക്കുവേണ്ടി കളിച്ച രണ്ടാമത്തെ ടെസ്റ്റിൽത്തന്നെ സെഞ്ചുറി നേടിക്കൊണ്ടാണ് ഇന്റർനാഷണൽ കരിയറിനു ഫിൽ തുടക്കം കുറിച്ചത്. അതേ മത്സരത്തിൽ തന്നെ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയ അയാൾ ആ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. നാലു വർഷങ്ങൾക്കുശേഷം സംഭവിച്ച തന്റെ ഏകദിന അരങ്ങേറ്റത്തിലും സെഞ്ചുറി നേടിയ ഫിൽ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപെട്ടിരുന്നു. പക്ഷേ ആ സന്തോഷദിനങ്ങൾ അധികം നീണ്ടു നിന്നില്ല. തലയ്ക്കു നേരെ പാഞ്ഞെത്തിയ ഒരു ബൗൺസർ ആ പ്രതിഭയുടെ ജീവനെടുത്തുകൊണ്ടു കടന്നുപോയി. ക്രിക്കറ്റ്‌ പ്രേമികളുടെ മനസ്സിൽ കാലമെത്ര കഴിഞ്ഞാലും ഉണങ്ങാതെ ശേഷിക്കുന്ന ഒരു മുറിവുകൂടി സൃഷ്ടിച്ചാണ് ആ ബൗൺസർ കടന്നു പോയത്.

ഫില്ലിനൊപ്പം എല്ലാവരുടെയും പ്രാർത്ഥനകൾ ആ പന്തെറിഞ്ഞ സീൻ അബോട്ടിനുവേണ്ടിയും ഉയർന്നിരുന്നു. ഗ്രൗണ്ടിൽ സംഭവിച്ചത് ഒരു അപകടമാണെങ്കിലും ആ കുറ്റബോധം ആ ചെറുപ്പക്കാരനെ എങ്ങനെ സ്വാധീനിക്കുമെന്ന് എല്ലാവരും ഭയപ്പെട്ടു. പക്ഷേ വിധി അത്ര ക്രൂരനായിരുന്നില്ല. സീൻ അബോട്ട് ഇന്നും മൈതാനങ്ങളിൽ പന്തെറിയുന്നു. ഒരുപക്ഷേ മറ്റേതോ ലോകത്തിരുന്ന ഫിൽ പോലും അയാളുടെ തിരിച്ചുവരവിനായി പ്രാർഥിച്ചിരിക്കാം.

അതേ, ഫിലിപ്പ് ഹ്യൂജ്സിന്റെ മരണം ഒരപകടമായിരുന്നു. അതൊരിക്കലും ക്രിക്കറ്റ് എന്ന ഗെയിമിന്റെ മേൽ കരിനിഴലായി നിൽക്കില്ല. പക്ഷേ ഗെയിമിനെ സ്നേഹിക്കുന്ന ഒരോ ഹൃദയത്തിലും അയാളുടെ ചിരിക്കുന്ന മുഖം ഒരു കണ്ണീരോർമയായിരിക്കും. അടുത്ത മത്സരത്തിൽ അറുപത്തിമൂന്നു റണ്ണുകൾ നേടിയ ഡേവിഡ് വാർണർ മൈതാനത്തിൽ ഫില്ലിനു സമർപ്പിച്ച ആ സ്മരണാഞ്ജലി പോലെ അയാൾക്കായി ലോകം ഒരുപാട് ഓർമപ്പൂവുകൾ സമ്മാനിക്കും.

ഡിയർ ഫിലിപ്പ് ജോയൽ ഹ്യൂജ്സ്. കളിക്കളത്തിൽ നിന്നുമാത്രമല്ല ക്രിക്കറ്റിനെ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്ന ഒരോ കണ്ണുകളും നിങ്ങളെയിപ്പോഴും മൈതാനത്തു കാണുന്നു. നിങ്ങളൊരിക്കലും അവരുടെ ഹൃദയങ്ങളിൽ നിന്നും പ്രാർത്ഥനകളിൽ നിന്നും പുറത്താവുകയില്ല.

Phil Hughes is still 63 not out…

Leave a comment