Editorial Foot Ball legends Top News

മൊഹമ്മദ്‌ യൂസഫ് ഖാൻ; ഇന്ത്യയുടെ ആദ്യത്തെ മിഡ്ഫീൽഡ് ജനറൽ

November 26, 2019

author:

മൊഹമ്മദ്‌ യൂസഫ് ഖാൻ; ഇന്ത്യയുടെ ആദ്യത്തെ മിഡ്ഫീൽഡ് ജനറൽ

ഏതൊരു ഫുട്ബോൾ ടീമിലും അവിഭാജ്യഘടകമായി നിൽക്കുന്ന ഒരു സ്ഥാനമാകും സെൻട്രൽ മിഡ്‌ഫീൽഡ് എന്നത്. മധ്യനിരയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും, തക്കസമയങ്ങളിൽ പ്രധിരോധനിരക്കു കരുത്തേകുകയും ചെയ്യുന്ന ബുദ്ധിശാലികളായ മിഡ്‌ഫീൽഡ് ജനറൽമാരുടെ സാന്നിധ്യം ടീമുകൾക്ക് നൽകുന്ന ഊർജം ചെറുതല്ല. ഇന്ത്യൻ ഫുട്ബാളിന്റെ സുവര്ണകാലഘട്ടമായിരുന്ന അൻപതുകളുടെ അവസാനകാലഘട്ടത്തിലുംഅറുപതുകളിലും ഇന്ത്യൻ ടീമിന്റെ മിഡ്‌ഫീൽഡ് വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്ന താരമാണ് “മൊഹമ്മദ്‌ യൂസഫ് ഖാൻ”.

1937 ഓഗസ്റ്റ് 5 നു ഹൈദരാബാദിലാണ് യൂസഫ് ജനിച്ചത്. പ്രാദേശിക ടീമുകൾക്കുവേണ്ടി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത യൂസഫിനു ഹൈദരാബാദ് പോലീസ് ടീമിലേക്കുള്ള വിളി വന്നത് സ്വാഭാവികമായിരുന്നു. ഹൈദരാബാദ് പോലീസ് ടീമിന്റെയും പിന്നീട് ഇന്ത്യൻ ടീമിന്റെയും മാനേജർ ആയിരുന്ന സയീദ് അബ്ദുൽ റഹിം കണ്ടെത്തിയ മാണിക്യമായിരുന്നു യൂസഫ് എന്നുപറയുന്നതിൽ ഒട്ടുംതന്നെ അതിശയോക്തി ഉണ്ടാകില്ല. മികച്ച ഒരു ഇന്ത്യൻ ടീമിനെ വാർത്തെടുത്ത റഹീമിന്റെ വിശ്വസ്തനായ പോരാളി ആയിരുന്നു യൂസഫ്.

റഹീമിന്റെ തന്ത്രങ്ങൾ അതേപടി കളിക്കളത്തിൽ നടപ്പാക്കിയ യൂസഫ് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മുന്നോട്ടുള്ള വളർച്ചയിൽ വളരെയധികം പങ്കുവഹിച്ചു. 1960 റോം ഒളിംപിക്സിലെ ഇന്ത്യൻ ഫുട്ബാൾ ടീമിൽ അംഗമായിരുന്ന യൂസഫിന്റെ ഏറ്റവും മികച്ച പ്രകടനം 1962 ജകാർത്ത ഏഷ്യൻ ഗെയിംസിലായിരുന്നു. ടൂര്ണമെന്റിലുടനീളം ഉജ്ജ്വല ഫോമിലായിരുന്ന യൂസഫിന്റെ ചുമലിലേറിയാണ് ഇന്ത്യൻ ടീം ശക്തരായ ദക്ഷിണകൊറിയയെ കീഴടക്കി കിരീടം നേടിയത്. ടീമിന്റെ വിജയത്തിനായി അധ്വാനിച്ചു കളിച്ചിരുന്ന യൂസഫ് പന്തയക്കുതിര എന്നായിരുന്നു അറിയപ്പെട്ടത്.

ഇന്ത്യൻ ഫുട്ബാളിന് നൽകിയ സംഭാവനകളെ ബഹുമാനിച്ചു രാജ്യം 1966 ൽ യൂസഫിന് അർജുന അവാർഡ് നൽകി ആദരിച്ചു. 1965ലെ ഏഷ്യൻ ഇലവനിൽ യൂസഫ് സ്ഥാനം പിടിച്ചിരുന്നു.

തുടർച്ചയായുള്ള പരിക്കുകളെ തുടർന്ന് ഫുട്ബാളിൽ നിന്നും വിരമിച്ച അദ്ദേഹത്തിന് 1994ൽ പാർക്കിസൺസ് രോഗം പിടിപെട്ടു. കളിക്കുന്ന കാലത്തു തലയിലേറ്റ ഗുരുതരമായ പരിക്കയിരുന്നു രോഗകാരണം. പന്തുകൊണ്ട് ഇന്ദ്രജാലം തീർത്ത ആ കാലുകൾ സ്വന്തം ശരീരഭാരം പോലും താങ്ങാനാകാത്തവിധം ശോഷിച്ചു. വളരെയധികം ദുരിതപൂര്ണമായിരുന്നു അദ്ദേഹത്തിന്റെ വാർദ്ധക്യം.

സാമ്പത്തികമായും വളരെയധികം പരാധീനതകൾ നിറഞ്ഞതായിരുന്നു യൂസഫിന്റെ ജീവിതം. ഹൈദരാബാദ് പോലീസിന്റെ 3500 രൂപ പെന്ഷനും കേന്ദ്ര ഗവണ്മെന്റിന്റെ 2000 രൂപ സഹായവുമായിരുന്നു രോഗബാധിതനായ യൂസഫും ആറു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനം. 2006 ജൂലൈ ഒന്നാം തീയതി അദ്ദേഹം തന്റെ ദുരിതങ്ങളിൽ നിന്നും നിത്യശാന്തി നേടി.

യൂസഫിനെപ്പോലെയുള്ള താരങ്ങളും അവരുടെ സംഭവനകളുമാണ് നാം ഇന്നു കാണുന്ന ഇന്ത്യൻ കായികലോകത്തിന്റെ അടിത്തറ. കാലത്തിന്റെ കുത്തൊഴുക്കിൽ ചിതലരിച്ച അധ്യായങ്ങളായി മാറിയ ഇവരുടെ കഥകൾ ഏതൊരു കായികപ്രേമിയുടെയും മനസ്സിൽ തീർച്ചയായും ഒരു വിങ്ങലായി നില്കും..

Leave a comment