പക വീട്ടാൻ കാത്തിരിക്കുന്നു ക്രിസ്ത്യാനോ റൊണാൾഡോ
യുവേഫ ചാംപ്യൻസ് ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ യൂറോപ്പിലെ വമ്പന്മാരെല്ലാം വീണ്ടും പരസ്പരം പോരാടാനായി കളത്തിലിറങ്ങുകയാണ്. അതിലേറ്റവുമധികം ആരാധകശ്രദ്ധ പിടിച്ചുപറ്റുന്ന മത്സരങ്ങളിൽ ഒന്നാകും യുവന്റസ് vs അത്ലറ്റികോ മാഡ്രിഡ് എന്നതിൽ സംശയമില്ല. ഇരുടീമുകളും രണ്ടു ഗോളുകൾ നേടി സമനിലയിൽ അവസാനിച്ച ആദ്യപാദത്തിനു ശേഷം മേൽക്കോയ്മ നേടാനുള്ള ശ്രമം ഇരു ടീമുകളും വീണ്ടും പുറത്തെടുക്കുമ്പോൾ മത്സരം ആവേശകരമാകുമെന്നുറപ്പ്.
ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും സ്പാനിഷ് മുൻനിര ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡും തമ്മിലുള്ള മത്സരങ്ങൾക്കു പതിവിലേറെ ശ്രദ്ധ ലഭിച്ചു തുടങ്ങിയത് ക്രിസ്ത്യാനോ റൊണാൾഡോ എന്ന സൂപ്പർതാരം ഓൾഡ് ലേഡിയുടെ തട്ടകത്തിൽ പന്തു തട്ടാനിറങ്ങിയതോടെ ആണ്. സ്പാനിഷ് ലീഗിലും ചാംപ്യൻസ് ലീഗിലും പല തവണ അത്ലെറ്റിയ്ക്കോയ്ക്ക് വെല്ലുവിളിയായ ആ മനുഷ്യന്റെ സാന്നിധ്യം തന്നെയാണ് ഈ പോരാട്ടത്തിന് എരിവും പുളിയും പകർന്നു നൽകുന്നത്.
റയലിനു വേണ്ടി 2015-16 സീസൺകലാശപ്പോരാട്ടത്തിൽ നേടിയ നിർണായക പെനാൽറ്റി ഷൂട്ട് ഔട്ട് ഗോൾ, തൊട്ടടുത്ത സീസൺ സെമി ഫൈനലിൽ സാന്റിയാഗോ ബെർണബ്യുവിൽ വെച്ചു സിമിയോണിയുടെയും സംഘത്തിന്റെയും വിധിയെഴുതിയ ഹാട്രിക് പ്രകടനം. അങ്ങനെ വളരെ മുന്നേ തന്നെ ഈ പോരാട്ടം ശ്രദ്ധയാകർഷിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് റൊണാൾഡോ റയലിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കു ചേക്കേറിയത്.
കഴിഞ്ഞ സീസണിലായിരിക്കാം റൊണാൾഡോ – അത്ലറ്റികോ റൈവൽറി ഏറ്റവും ശക്തി പ്രാപിച്ചത്. ആദ്യ മത്സരത്തിലെ 2-0 വിജയത്തിനു ശേഷം അത്ലറ്റികോ പരിശീലകൻ സിമിയോണി നടത്തിയ പ്രകോപനപരമായ ആഹ്ലാദ പ്രകടനം റോണോയുടെ അതൃപ്തി വിളിച്ചു വരുത്തിയിരുന്നു. ടൂറിനിൽ അത്ലറ്റികോ മാഡ്രിഡിൻറെ ക്വാർട്ടർ പ്രതീക്ഷകൾ ഹാട്രിക്കിലൂടെ തച്ചുടച്ച റൊണാൾഡോ അതിനു മറ്റൊരു പ്രകോപനപരമായ സെലിബ്രേഷനിലൂടെ മറുപടിയും നൽകിയിരുന്നു.
ഈ സീസണിൽ ആദ്യ പാദത്തിൽ സ്‌പെയിനിൽ വച്ചു നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ റൊണാൾഡോയെ ഗോളടിക്കാൻ സമ്മതിക്കാതെ പിടിച്ചു നിർത്തിയ അത്ലറ്റിക്കോ പ്രതിരോധം രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ കൂടുതൽ ആത്മവിശ്വാസം കാട്ടാൻ സാധ്യതയുണ്ട്. എങ്കിലും റൊണാൾഡോയല്ല യുവന്റസ് ടീമാണ് തങ്ങളുടെ എതിരാളികൾ എന്നു പറഞ്ഞ സിമിയോണി തങ്ങളുടെ മേലുള്ള സമ്മർദ്ദം ഒഴിവാക്കാനാകും ശ്രമിച്ചിരിക്കുക. പക്ഷെ ടൂറിനിൽ അവരെ കാത്തിരിക്കുന്നത് റൊണാൾഡോ തന്നെയാണ്.
സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ.






































