ആവേശപ്പോരാട്ടത്തിൽ ഇന്നിംഗ്സ് വിജയവുമായി കിവീസ്
ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹരമായ നിമിഷങ്ങളിൽ ചിലത് നൽകിക്കൊണ്ടാണ് ന്യൂസിലാൻഡ് vs ഇംഗ്ലണ്ട് മത്സരം അവസാനിച്ചിരിക്കുന്നത്. മത്സരത്തിലെ ന്യൂസിലൻഡിന്റെ ഒരിന്നിംഗ്സിനും അറുപത്തിയഞ്ച് റണ്ണുകൾക്കുമുള്ള വിജയമെന്ന അടിക്കുറിപ്പ വായിക്കാതെ മത്സരം വീക്ഷിച്ചാൽ തീർച്ചയായും നമുക്ക ആ നിമിഷങ്ങളിലൂടെ കടന്നുപോകാൻ സാധിക്കും.
ന്യൂസിലൻഡിലെ മൗണ്ട് മൗങ്കനിയിൽ ഇന്നവസാനിച്ച ഒന്നാം ടെസ്റ്റിന്റെ ആദ്യ രണ്ടു ദിനങ്ങൾ ഇംഗ്ലീഷ് – ന്യൂസിലാൻഡ് ടീമുകളുടെ മത്സരത്തിൽ മേൽക്കോയ്മ നേടാനുള്ള കടുത്ത പോരാട്ടത്തിലൂടെയാണ് കടന്നുപോയതെങ്കിൽ മൂന്നാം ദിനം അവസാനിച്ചപ്പോൾ നേടിയ ചെറിയ മുൻതൂക്കം നാലാം ദിവസത്തെ മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ ന്യൂസിലൻഡ് മത്സരവിജയത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. എവേ മത്സരങ്ങളിലെ മോശം പ്രകടനങ്ങളുടെ ചരിത്രവും സ്വയം സൃഷ്ടിച്ച സമ്മർദ്ദവും ചേർന്നു നൽകിയ ഇംഗ്ലീഷ് ബാറ്സ്മാന്മാരുടെ മോശം പ്രകടനങ്ങളാണ് അഞ്ചാം ദിവസത്തെ ഇന്നിംഗ്സ് തോൽവിയിലേക്ക് അവരെ എത്തിച്ചത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ആദ്യദിനം അവസാനിക്കുമ്പോൾ നാലു വിക്കറ്റുകൾ നഷ്ടത്തിൽ 241റണ്ണുകൾ നേടിയിരുന്നു. ആദ്യ രണ്ടു വിക്കറ്റുകളിലെ അർദ്ധസെഞ്ചുറി കൂട്ടുകെട്ടും ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ അർദ്ധസെഞ്ചുറിയുമാണ് ആദ്യദിനം തങ്ങളുടേതാക്കാൻ അവരെ സഹായിച്ചത്. രണ്ടാം ദിനം ടിം സൗത്തീയിലൂടെയും നീൽ വാഗ്നറിലൂടെയും ന്യൂസിലാൻഡ് കൃത്യ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചെങ്കിലും 353 റൺസ് എന്ന മാന്യമായ ടോട്ടലിലാണ് ഇംഗ്ലീഷ് ഇന്നിംഗ്സ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഭേദപ്പെട്ട തുടക്കമായിരുന്നുവെങ്കിലും ഇരുനൂറു റണ്ണുകൾ കടക്കുന്നതിനു മുന്നേ അർദ്ധസെഞ്ചുറി നേടിയ നായകൻ കെയ്ൻ വില്യംസൺ അടക്കം അവരുടെ അഞ്ചു മുൻനിര ബാറ്സ്മാന്മാരും പവലിയനിൽ മടങ്ങിയെത്തിയിരുന്നു. പക്ഷേ കോളിൻ ഡി ഗ്രാൻഡ്ഹോമിനെ കൂട്ടുപിടിച്ചു വിക്കെറ്റ് കീപ്പർ ബ്രാഡ്ലി വാറ്റ്ലിങ് നടത്തിയ രക്ഷാപ്രവർത്തനം മികച്ച ഒന്നാമിന്നിംഗ്സ് ലീഡ് നേടാനുള്ള ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങളെ തകിടം മറിച്ചു. ഇരുവരും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ട് ന്യൂസിലാൻഡ് ടോട്ടൽ മുന്നൂറു കടന്ന ശേഷമാണ് വഴിപിരിഞ്ഞത്.
ഡാനിയൽ വെട്ടോറിയെന്ന് യൂട്ടിലിറ്റി പ്ലേയർക്കു ചേർന്ന പിന്തുടർച്ചാവകാശിയാണ് താനെന്നു മിച്ചൽ സാന്റ്നർ തെളിയിച്ച ഇന്നിങ്സിനാണ് പിന്നീട് കാണികൾ സാക്ഷ്യം വഹിച്ചത്. ക്രീസിൽ നിലയുറപ്പിച്ചിരുന്ന വാറ്റ്ലിങ്ങിനൊപ്പം സാന്റ്നർ പടുത്തുയർത്തിയ വൻ കൂട്ടുകെട്ടാണ് കളിയിലെ വഴിത്തിരിവായത്. ഇരട്ടസെഞ്ചുറി നേടിയ വാറ്റ്ലിങ്ങിനൊപ്പം സാന്റ്നർ സെഞ്ചുറിയും നേടിയതോടെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 615 റണ്ണുകൾ എന്ന നിലയിൽ കിവീസ് ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തു.
ഒരു ദിവസത്തിലേറെ ബാക്കിനിൽക്കെ ഒരു ബാറ്റിങ് പരാജയം ഇന്നിംഗ്സ് പരാജയത്തിലേക്ക് വഴിതുറക്കുമെന്ന ബോധം ഇംഗ്ലീഷ് ബാറ്സ്മാന്മാരിൽ സൃഷ്ടിച്ച സമ്മർദ്ദം സാന്റ്നർ പൂർണമായും മുതലെടുത്തു. 55 റണ്ണുകൾക്ക് മൂന്നു വിക്കറ്റ് എന്ന നിലയിൽ ഇംഗ്ലണ്ട് പരുങ്ങിയപ്പോൾ വീണ എല്ലാ വിക്കറ്റുകളും സാന്റ്നർ ആണ് സ്വന്തമാക്കിയത്. അഞ്ചാം ദിനം പിച്ചിൽനിന്നും ലഭിച്ച ആനുകൂല്യം മുതലാക്കിയ നീൽ വാഗ്നർ ഫാസ്റ്റ് ബൗളിങ്ങിന്റെ പൂർണമായ സൗന്ദര്യം കളത്തിൽ സൃഷ്ടിച്ചതോടെ കറനും ജോഫ്ര ആർച്ചറും ചേർന്നു നടത്തിയ ഒൻപതാം വിക്കറ്റിലെ ചെറുത്തു നിൽപിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. മത്സരം അവസാനിക്കാൻ ഇരുപതോളം ഓവറുകൾ മാത്രം ബാക്കിനിൽക്കെ 197 റണ്ണുകളിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റ് പ്രകടനവുമായി വാഗ്നർ അവരുടെ അന്തകനായി.
പരസ്പരം മേൽക്കോയ്മ നേടാനുള്ള പോരാട്ടവും ചെറുത്തുനില്പുകളും നിറഞ്ഞ മത്സരം കാണികളെ വളരെയധികം സന്തോഷിപ്പിച്ചുവെന്നതിൽ യാതൊരു സംശയവുമില്ല. ബാറ്റും ബോളും തമ്മിലുള്ള ഇത്തരം മികച്ച പോരാട്ടങ്ങൾ ഇനിയും തുടരട്ടെ.






































