Cricket Editorial Top News

പിങ്ക് ക്രിക്കറ്റിന്റെ പുതിയ മുഖമാകുമ്പോൾ

November 22, 2019

author:

പിങ്ക് ക്രിക്കറ്റിന്റെ പുതിയ മുഖമാകുമ്പോൾ

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ നടക്കുന്ന ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാം മത്സരം ചരിത്രമാവുകയാണ്. ഇന്ന് ഈഡൻ ഗാർഡൻസിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ മണ്ണിലെ ആദ്യ ഡേ ആൻഡ് നൈറ്റ്‌ ടെസ്റ്റിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഈ ചരിത്രനിമിഷം ക്രിക്കറ്റ് ലോകം ആഘോഷമാക്കുമ്പോൾ ഡേ ആൻഡ് നൈറ്റ്‌ ടെസ്റ്റുകളെപ്പറ്റി കൂടുതൽ പഠിക്കാം.

അതിവേഗക്രിക്കറ്റിന്റെ മുഖങ്ങളായ ടി ട്വൻറിയും മറ്റു ലീഗുകളും പിറവിയെടുത്തതോടെയാണ് ക്രിക്കറ്റിലെ ഏറ്റവും പരമ്പരാഗതരൂപങ്ങളിലൊന്നായ ടെസ്റ്റ്‌ ക്രിക്കറ്റിനു ജനസമ്മിതി കുറയുന്നുവെന്ന അഭിപ്രായം ഉയർന്നു വന്നത്. അതോടെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ കൂടുതൽ ആകർഷകമാക്കണമെന്ന അഭിപ്രായവും ഉയർന്നുവന്നു. കൂടുതൽ കാണികളെ മൈതാനത്തിലേക്കെത്തിക്കുകയെന്ന ഉദ്ദേശവുമായാണ് പകൽ രാത്രി ടെസ്റ്റ്‌ മത്സരം എന്ന ആശയം ഉടലെടുത്തത്. 2015 നവംബറിൽ ന്യൂസിലണ്ടിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ അഡിലെയ്ഡ് ഓവലിൽ ആണ് ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ്‌ ടെസ്റ്റ്‌ മത്സരം അരങ്ങേറിയത്.

പുതിയ സമയക്രമത്തിലുള്ള മത്സരങ്ങൾക്കു കൂടുതൽ കാഴ്ചക്കാരെ ഗാലറിയിൽ എത്തിക്കാൻ സാധിച്ചു. 2012ൽ തന്നെ ഡേ നൈറ്റ്‌ ടെസ്റ്റുകൾക്ക് ഐ. സി. സി അംഗീകാരം നൽകിയിരുന്നുവെങ്കിലും മൂന്നു വർഷങ്ങൾക്കുശേഷമാണ് ആദ്യ മത്സരം നടന്നത്. വീണ്ടും നാലു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് നിലവിൽ ടെസ്റ്റ്‌ റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യ ഒരു ഡേ നൈറ്റ്‌ ടെസ്റ്റ്‌ മത്സരം കളിക്കുന്നത്. അന്താരാഷ്ട്ര ടെസ്റ്റ്‌ മത്സരങ്ങളുടെ ചരിത്രത്തിലെ പന്ത്രണ്ടാമത്തെ ഡേ നൈറ്റ്‌ ടെസ്റ്റിനാണ് കൊൽക്കത്തയിൽ തുടക്കമായത്. വളരെയധികം ആഘോഷമായാണ് കൊൽക്കൊത്ത ഇന്ത്യയിൽ ആദ്യമായി അരങ്ങേറുന്ന ഡേ നൈറ്റ്‌ ടെസ്റ്റിനെ വരവേറ്റത്. മത്സരത്തിനുപയോഗിക്കുന്ന പന്തിന്റെ നിറമായ പിങ്ക് നിറത്തിലുള്ള അലങ്കാരവിളക്കുകൾ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയെല്ലാം അലങ്കരിച്ചു.

പിങ്ക് നിറത്തിലുള്ള പന്തുകളാണ് ഡേ നൈറ്റ്‌ ടെസ്റ്റുകളിൽ ഉപയോഗിക്കുക സാധാരണ ടെസ്റ്റുകളിൽ ഉപയോഗിക്കുന്ന ചുവന്ന നിറമുള്ള പന്തുകളെക്കാളും ഏകദിനക്രിക്കറ്റിൽ ഉപയോഗിക്കുന്ന വെള്ളപന്തുകളെക്കാളും കൂടുതൽ കാഴ്ചാ സൗകര്യം പിങ്ക് ബോളുകൾ പ്രദാനം ചെയ്യുന്നു. പിങ്ക് പന്തുകൾ സാധാരണ പന്തുകളെക്കാളും കൂടുതൽ വായുവിൽ ചലിക്കുമെന്നത് കൂടുതൽ സ്വിങ് സൃഷ്ടിക്കും. അതിനാൽ തന്നെ തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കാനും പിങ്ക് ബോളുകൾക്ക് സാധിക്കും. വനിതാ ക്രിക്കറ്റിലാണ് ആദ്യമായി പിങ്ക് പന്തുകൾ പരീക്ഷിച്ചത്.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി എട്ടുമണി വരെയാകും കൊൽക്കൊത്ത ടെസ്റ്റിന്റെ കളിസമയം. ആദ്യ ഇടവേള മൂന്നുമണിക്കും രണ്ടാം ഇടവേള വൈകുന്നേരം 5:40നും ആയിരിക്കും. പ്രമുഖ ക്രിക്കറ്റ്‌ ഉത്പന്നങ്ങളുടെ നിർമാതാക്കളായ എസ്.ജി സ്പോർട്സ് ആണ് മത്സരത്തിനായുള്ള പന്തുകൾ തയ്യാറാക്കിയിരിക്കുന്നത്.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകളാണ് തങ്ങളുടെ ആദ്യ ഡേ നൈറ്റ്‌ ടെസ്റ്റിൽ തന്നെ വിജയം നേടിയിട്ടുള്ളത്. ദുബായിൽ വിൻഡീസിനെതിരെ നടന്ന ടെസ്റ്റിൽ പാകിസ്താന്റെ അസ്ഹർ അലി നേടിയ 302 റണ്ണുകളാണ് ഡേ നൈറ്റ്‌ മത്സരങ്ങളിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. അതേ മത്സരത്തിൽ ഒരിന്നിംഗ്‌സിൽ എട്ടു വിക്കറ്റുകൾ വീഴ്ത്തിയ വിൻഡീസ് ബൗളർ ദേവേന്ദ്ര ബിഷുവാണ് പിങ്ക് പന്തിലെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനത്തിന്റെ ഉടമ. ദുബായ് ആതിഥ്യം വഹിച്ച രണ്ടാമത്തെ ഡേ നൈറ്റ്‌ ടെസ്റ്റിൽ പാകിസ്താനെ 68 റണ്ണുകൾക്ക് പരാജയപെടുത്തിയ ശ്രീലങ്ക ഡേ നൈറ്റ്‌ ടെസ്റ്റിൽ വിജയിക്കുന്ന ആദ്യ വിസിറ്റിംഗ് ടീം ആയി മാറി.

ചരിത്രടെസ്റ്റിൽ ഇന്ത്യയും ബംഗ്ലദേശും കൊമ്പുകോർക്കുമ്പോൾ ഈ റെക്കോർഡുകൾക്ക് ഇളക്കം തട്ടുമോ?. കാത്തിരിക്കാം.

Leave a comment