സഞ്ജുവിനെ മറക്കുന്ന ഇന്ത്യൻ സെലക്ടർമാർ
വിൻഡീസിനെതിരെയുള്ള നിശ്ചിത ഓവർ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ മലയാളി ക്രിക്കറ്റ് ആരാധകർ പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ പരമ്പരയിൽ സ്‌ക്വാഡിൽ ഉൾപെട്ടിട്ടും ഒരു മത്സരം പോലും കളിക്കാതിരുന്ന സഞ്ജു സാംസണ് ഇത്തവണ ടീമിൽ ഇടം നേടാൻ കഴിയുമെന്ന അവർ ഉറച്ചു വിശ്വസിച്ചു. പക്ഷേ അവരെ തീർത്തും നിരാശരാക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നത്. സഞ്ജു വീണ്ടും അവഗണിക്കപെട്ടിരിക്കുന്നു. ഇത്തവണ പതിനഞ്ചംഗ ടീമിൽപ്പോലും സഞ്ജുവിന് ഇടം നേടാനായില്ല.
സെലക്ടർമാർ നൽകുന്ന വിശദീകരണം തീർത്തും ലളിതമാണ്. നായകൻ വിരാട് കോഹ്ലി വിശ്രമം ആവശ്യപ്പെട്ട ഒഴിവിലാണ് സഞ്ജു ടീമിലെത്തിയത്. കോഹ്ലി ടീമിൽ തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ സ്ഥാനവും നഷ്ടമായിരിക്കുന്നു.
ഒരു പകരക്കാരനായി മാത്രം പരിഗണിക്കേണ്ടുന്ന കളിക്കാരനാണോ സഞ്ജു സാംസൺ?. അയാളുടെ കരിയർ റെക്കോർഡുകൾ പരിശോധിക്കുന്ന ഏതൊരു ക്രിക്കറ്റ് പ്രേമിയും ആ അഭിപ്രായത്തോടു യോജിക്കില്ല. അത്രയേറെ തവണ സഞ്ജു തന്റെ പ്രതിഭ ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയിട്ടുണ്ട്. കേരള രഞ്ജി ടീമിനായുള്ള മികച്ച പ്രകടനങ്ങളാണ് അയാൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ വർഷം റിയാൻ പരാഗ് മറികടക്കുന്നതുവരെ പ്രീമിയർ ലീഗിൽ അർധസെഞ്ചുറി നേടുന്ന എറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ഈ തിരുവനന്തപുരത്തുകാരനായിരുന്നു. വെറും പതിനെട്ടു വയസ്സു പ്രായമുള്ളപ്പോഴാണ് അയാൾ തന്റെ ആദ്യ ഐ. പി. എൽ ഫിഫ്റ്റി നേടുന്നത്. രണ്ടു സെഞ്ചുറികളും ലീഗിൽ അയാളുടെ പേരിൽ കുറിക്കപ്പെട്ടിട്ടുണ്ട്.
മികച്ച പ്രകടനങ്ങളുടെ പിന്തുണയിലും എന്തുകൊണ്ടാണ് സഞ്ജു തുടർച്ചയായി അവഗണന ഏറ്റുവാങ്ങുന്നത്?. സ്ഥിരതയില്ലായ്മ എന്ന ഒരേയൊരു മറുപടിയാകും സെലക്ടർമാർ പറയുക. പക്ഷേ അതിനൊരു മറുചോദ്യമുണ്ട്. മഹേന്ദ്രസിംഗ് ധോനിയ്ക്കുശേഷം ഇന്ത്യൻ ടീമിന്റെ വിക്കെറ്റ് കീപ്പറായി അവരോധിക്കപ്പെട്ട ഋഷഭ് പന്ത് എന്തു സ്ഥിരതയാണ് മൈതാനത്തിൽ പ്രകടമാക്കുന്നത്?. ബാറ്റിങ്ങിലും വിക്കെറ്റ് കീപ്പിങ്ങിലും കുറെയേറെ മത്സരങ്ങളായി വൻ പരാജയമാണ് പന്ത്. കഴിഞ്ഞ ബംഗ്ലാദേശ് പരമ്പരയിൽ നൂറിൽ താഴെ പ്രഹരശേഷിയിലാണ് അയാളുടെ എല്ലാ സ്കോറുകളും. അയാൾ ആവർത്തിക്കുന്ന പിഴവുകൾ പരിശീലകന്റെയും നായകന്റെയും വരെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നു.
പക്ഷേ അപ്പോഴും പന്തിന്റെ ടീമിലെ സ്ഥാനം ഭദ്രമാണ്. ടി ട്വന്റി ക്രിക്കറ്റിൽ അതിവേഗം റൺ നേടാനുള്ള എളുപ്പവഴിയാണ് അൺ ഓർത്തഡോക്സ് ബാറ്റിങ് ശൈലിയെന്ന മിഥ്യാധാരണയാണ് അതിനു കാരണം. മികവുറ്റ, സാങ്കേതികത്തികവാർന്ന ഷോട്ടുകളിലൂടെ അതിവേഗം റണ്ണുകൾ നേടാൻ മിടുക്കനാണ് സഞ്ജു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ വേഗതയാർന്ന ഇരട്ടസെഞ്ചുറിയുടെ ഉടമയാണയാൾ. അയാളുടെ കഴിവിൽ സംശയമുള്ളവർ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച ബൌളിംഗ് അറ്റാക്കിനെതിരെ അയാൾ നേടിയ സെഞ്ചുറി ഒന്നു കാണുക. ക്രീസിൽ പമ്പരം പോലെ കറങ്ങുന്ന, ലെഗ് സൈഡിൽ മാത്രമേ ബൗണ്ടറിയുള്ളൂ എന്നു വിശ്വസിക്കുന്ന പന്തിനേക്കാൾ എന്തുകൊണ്ടും സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥാനമർഹിക്കുന്നു.
ധോണിയെ മാറ്റിനിർത്തിയാൽ നിലവിൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജു. പക്ഷേ അപ്പോഴും ഇന്ത്യൻ ടീമിൽ സ്ഥാനം നേടാൻ സഞ്ജുവിനു സാധിക്കുന്നില്ല. ആഭ്യന്തരമത്സരങ്ങളിൽ അയാൾ കീപ്പിങ് ഗ്ലൗസ് അഴിച്ചു വെച്ചതാണോ കാരണം?. എങ്കിലും ശിഖർ ധവാനും കേദാർ ജാദവും എങ്ങനെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തി?. ആഭ്യന്തര ക്രിക്കറ്റിലെ ഏതു പ്രകടനമാണ് അവരെ അതിനു അർഹരാക്കിയത്?.
ചോദ്യങ്ങൾ ഒരുപാടു ബാക്കിനിൽക്കുകയാണ്. എങ്കിലും നമുക്കു വിശ്വസിക്കാം. ഒരിക്കൽ സഞ്ജു ആ നീലക്കുപ്പായമണിയുമെന്ന്. അതിനായി കാത്തിരിക്കാം നമുക്ക്. കാത്തിരിപ്പിന്റെ നീളം കൂടുംതോറും ആ നിമിഷത്തിന്റെ സൗന്ദര്യവും കൂടുമെന്നു വിശ്വസിക്കാം.






































