സച്ചിൻ, പ്രിയപ്പെട്ട സച്ചിൻ
പണ്ടൊരു കുഴലൂത്തുകാരന്റെ കഥ വായിച്ചിട്ടില്ലേ?. ഒരു നഗരത്തിലെ കുട്ടികളെ മുഴുവൻ മനോഹരമായ ഈണങ്ങളുമായി വശീകരിച്ചു തന്റെ പിന്നാലെ നടത്തിയ ഒരു നാടോടിയുടെ കഥ. ഇന്ത്യയിലുമുണ്ടായിരുന്നു അത്തരമൊരാൾ. ഒരു തലമുറയെ മുഴുവൻ വശീകരിച്ച, അവരുടെയെല്ലാം ബാല്യം തന്റേതാക്കി മാറ്റിയ, അവരെ മുഴുവൻ അയാൾക്കൊപ്പം ആ ഇരുപത്തിരണ്ടു വാരയിലൂടെ നടക്കാൻ പ്രേരിപ്പിച്ച ഒരു മുംബൈക്കാരൻ. അയാളുടെ കയ്യിലൊരു മാന്ത്രികദണ്ഡുണ്ടായിരുന്നു. അതിലെഴുതിയ പേരുകൾ പലപ്പോഴും മാറി മാറി വന്നു. പക്ഷേ അതു ചുഴറ്റിയിരുന്ന മാന്ത്രികനു അവരുടെ മനസ്സിൽ ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ, ഒരു പേരു മാത്രമേ അവരുടെ നാവുകളിൽനിന്നും ഉയർന്നിരുന്നുള്ളൂ. ഗ്യാലറികളിൽ അവർ മുഴക്കിയിരുന്ന ആരവങ്ങൾക്കും അതേ ശബ്ദമായിരുന്നു.
സച്ചിൻ……. സച്ചിൻ…..
ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നും കളത്തിലിറങ്ങുന്ന പതിനൊന്നുപേർക്കും ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കാനുണ്ടെന്നും മനസ്സിലാക്കിയവർ പോലും സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന കുറിയ മനുഷ്യൻ ക്രീസിൽ നിൽകുമ്പോൾ അയാളിൽ മാത്രം വിശ്വസിച്ചിരുന്നു. ഏതു വൈതരണിയിൽ നിന്നും ഇന്ത്യൻ ടീമിനെ ഒറ്റയ്ക്കു കൈ പിടിച്ചുയർത്തുവാൻ അയാൾക്കു സാധിക്കുമെന്ന് ശുഭാപ്തിവിശ്വാസം വച്ചു പുലർത്തിയിരുന്നു. അതൊരിക്കലുമൊരു അന്ധവിശ്വാസമായി കരുതാനാകില്ല. അവരുടെ വിശ്വാസങ്ങളെ അത്രയേറെ ഭദ്രമായി അയാൾ കാത്തുസൂക്ഷിച്ചിരുന്നു.
ഒരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകന്റെ ഹൃദയത്തിൽ ചില്ലിട്ടുസൂക്ഷിക്കാൻ സച്ചിൻ ഒരുപാടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്. അവരുടെ സായാഹ്നങ്ങളെ വർണശബളമാക്കിയ കുറെയേറെ ഇന്നിങ്സുകൾ. അയാളേക്കാൾ ഇന്ത്യയ്ക്ക് പ്രിയപ്പെട്ട മറ്റൊരു ക്രിക്കറ്റ് താരം ഇനി ജന്മമെടുക്കുമോയെന്നുതന്നെ സംശയമാണ്. അയാളുടെ ബാറ്റിൽനിന്നും ഉയരുന്ന പന്ത് നിലത്തുപതിക്കുംവരെ ശ്വാസമടക്കി കാത്തിരുന്ന ഒരു ജനത. അതു സച്ചിനു മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒന്നാണ്.
സെഞ്ചുറിയെന്ന വാക്കിനൊപ്പം ചേർത്തുവായിക്കപ്പെടുന്ന പേരാണ് സച്ചിൻ. കരിയറിൽ പത്തോ ഇരുപതോ തവണ ആ മൈൽസ്റ്റോൺ താണ്ടിയാൽ പോലും ഒരു ബാറ്റ്സ്മാൻ ഇതിഹാസമായി കണക്കാക്കപ്പെടുന്ന കാലത്താണ് സച്ചിൻ അതൊരു ദിനചര്യയായി കൊണ്ടു നടന്നത്. സെഞ്ചുറികളുടെ സെഞ്ചുറി പൂർത്തിയാക്കിയാണ് അയാൾ തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് വില്ലോ താഴെവച്ചത്.
സെഞ്ചുറികൾ മാത്രമല്ല അയാളെ എല്ലാവർക്കും പ്രിയങ്കരനാക്കിയിരുന്നത്. ഫീൽഡിൽ മാന്യതയുടെ അതിർവരമ്പു ഭേദിക്കാൻ ഒരിക്കലും അയാൾ ശ്രമിച്ചിരുന്നില്ല. എതിരാളികളുടെ സ്ലെഡ്ജിങ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ശകാരവർഷത്തെ അയാൾ നേരിട്ട രീതിയിലുണ്ട് അത്. എന്നും ബാറ്റുകൊണ്ടാണ് സച്ചിൻ അവയ്ക്കു മറുപടി നൽകിയിട്ടുള്ളത്. ഒരു ബൗൺസറിലൂടെ തന്റെ തലയെ ലക്ഷ്യമിട്ട ഷുഹൈബ് അക്തറിന്, പ്രതാപകാലത്തും പിന്നീട് കരിയറിന്റെ അവസാനപാദത്തിലും തന്റെ പ്രതിരോധം ഭേദിച്ച ഹെൻറി ഒലോൻഗയ്ക്കും വെയ്ൻ പാർലിനുമൊക്കെ ഒരുപോലെ അയാൾ ബാറ്റു കൊണ്ടാണ് മറുപടി നൽകിയിട്ടുള്ളത്.
ക്രിക്കറ്റ് ഗ്രൗണ്ട് എന്നും സച്ചിനൊരു പാഠശാലയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ കൗതുകത്തോടെയാണ് അയാൾ ഓരോ മത്സരത്തെയും സമീപിച്ചത്. മുൻ മത്സരത്തേക്കാൾ ഏതു മേഖലയിലാണ് താൻ പുരോഗമിയ്ക്കേണ്ടത് എന്നുള്ള ചോദ്യം എപ്പോഴുമയാൾ സ്വയം ചോദിച്ചിരുന്നു. പതിവു ഷോട്ടുകൾ പലതും ഉപേക്ഷിക്കേണ്ടിവന്നപ്പോൾ പുതുതായി പരീക്ഷിച്ച പാഡിൽ ഷോട്ടും, സീരീസിലുടനീളം തനിക്കു വിനയായ കവർ ഡ്രൈവ് ഷോട്ട് പൂർണമായും ഒഴിവാക്കി സിഡ്നിയിൽ നേടിയ ഇരട്ടസെഞ്ചുറിയും ഒക്കെ അതിന്റെ തെളിവുകളാണ്. അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധം ഒരു ചെറു ചിരിയിലൊതുക്കി സച്ചിൻ പവലിയനിലേക്കു നടക്കുമ്പോൾ അയാൾക്കു വേണ്ടി എത്രയോ തവണ നാം കലുഷിതമായ മനസ്സുമായി ടെലിവിഷനുകൾക്കു മുന്നിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ജനതയെ മുഴുവൻ തനിക്കൊപ്പം നടത്താൻ സാധിച്ചുവെന്നതാണ് സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന മനുഷ്യൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നും സ്വന്തമാക്കിയ ഏറ്റവും പ്രധാന നേട്ടം. കരിയറിന്റെ തുടക്കം മുതൽ ഏവരെയും വിസ്മയിപ്പിച്ച ആ എലഗൻസ് അയാൾ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽപോലും കാത്തുസൂക്ഷിച്ചു. നിലക്കാത്ത ആരവങ്ങൾക്കൊടുവിൽ ഒരിക്കൽക്കൂടി ആ ഇരുപത്തിരണ്ടു വാരയെ അഭിവാദ്യം ചെയ്തുകൊണ്ടു തിരിഞ്ഞുനടക്കുമ്പോൾ അയാൾ ഒപ്പം കൊണ്ടുപോയത് സച്ചിനിലൂടെ ക്രിക്കറ്റിനെ അടുത്തറിഞ്ഞ ആ ഗെയിമിനെ സ്നേഹിച്ച ഒരു തലമുറയുടെ സന്തോഷവുമായിരുന്നു.






































