യൂറോ 2020 ക്വാളിഫയര്‍: ഗോളിലാറാടി ജർമ്മനി
യൂറോ കപ്പ് ക്വാളിഫയറിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വടക്കൻ അയർലണ്ടിനെ ഗോൾ മഴയിൽ മുക്കി ജർമ്മനി. സെർജിയോ ഗ്നബ്രിയുടെ ഹാട്രിക്ക് മികവിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ജർമനിയുടെ വിജയം. ജയത്തോടെ 8കളിയിൽ 7ജയവുമായി ഗ്രൂപ്പ് C യിൽ ഒന്നാമതെത്തി.
മത്സരം തുടങ്ങി 7മിനുട്ടിനുള്ളിൽ തന്നെ ആതിഥേയരെ ഞെട്ടിച്ചു വടക്കൻ അയർലണ്ട് മുന്നിലെത്തി. പ്രതിരോധ താരം സ്മിത്തിന്റെ ഷോട്ട് ജർമൻ ഗോളി ടെൻ സ്റ്റീജനെ കീഴ്പെടുത്തി വലയിലേക്ക്. എന്നാൽ ആക്രമിച്ചു കളിച്ച ജർമ്മനി 19ആം മിനുട്ടിൽ സമനില നേടി.ഹെക്ടറിന്റെ പാസ്സ് സ്വീകരിച്ചു ഉഗ്രനൊരു ഷോട്ടിലൂടെ സെർജിയോ ഗണാബ്റി ജർമനിയുടെ അക്കൗണ്ട് തുറന്നു. ഇടവേളയ്ക്കു പിരിയും മുൻപ് 43ആം മിനുട്ടിൽ ഗ്രോയ്റ്റ്സ്കയുടെ ഗോളിലൂടെ ജർമ്മനി ലീഡ് നേടി.രണ്ടാം ഗോൾ വീണതോടെ മത്സരത്തിൽ വടക്കൻ അയർലണ്ടിന്റെ പിടി അയഞ്ഞു.
രണ്ടാം പകുതിയിൽ 47,60മിനിറ്റുകളിൽ സ്കോർ ചെയ്തു ഗണാബ്റി തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയപ്പോൾ, 73ആം മിനുട്ടിൽ തന്റെ രണ്ടാം ഗോളിലൂടെ ഗ്രോയ്റ്റ്സ്ക ജർമനിയുടെ അഞ്ചാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ജൂലിയൻ ബ്രാൻഡിന്റെ ഗോളിലൂടെ ജർമ്മനി പട്ടിക പൂർത്തിയാക്കി.






































