ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം എന്നു പൂർത്തിയാകും?.
2022ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങുമോയെന്ന ചോദ്യത്തിന് മസ്തിഷ്‌കം ഇല്ലായെന്നുത്തരം പറയുമെങ്കിലും ഇന്ത്യൻ ആരാധകരുടെ ഹൃദയങ്ങൾ മറിച്ചൊരു വാർത്ത കേൾക്കാൻ ആഗ്രഹിച്ചിരുന്നുവെന്നതാകും യാഥാർഥ്യം.
ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ച ആഗ്രഹിക്കുന്ന ഏതൊരാളും അപ്രകാരം തന്നെയാകും ചിന്ദിച്ചിരിക്കുക. പക്ഷേ പലപ്പോഴും യാഥാർഥ്യം കയ്പേറിയതാണ്. അത്തരമൊരു യാഥാർഥ്യത്തിന്റെ കയ്പുനീർ കുടിച്ചിറക്കുകയാകും ഭൂരിഭാഗം ഇന്ത്യൻ ആരാധകരും.
കഴിഞ്ഞ ഏഷ്യൻ കപ്പിൽ ആദ്യ റൗണ്ട് പരാജയം രുചിച്ച ഇന്ത്യൻ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പടിയിറങ്ങിയ ശേഷമെത്തിയ ക്രോയേഷ്യൻ പരിശീലകൻ ഇഗോർ സ്ടിമാച്ചിൽ ആരാധകർ അത്രയേറെ പ്രതീക്ഷകൾ വെച്ചുപുലർത്തിയിരുന്നു. ഒരുപാടു കാലമായി അവർ ആഗ്രഹിച്ചിരുന്ന ലോകകപ്പ് ബെർത്ത് സ്ടിമാച്ചിന്റെ ഇന്ത്യൻ സംഘം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നവരും കുറവല്ല. പക്ഷേ ആദ്യ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ വിധി ഏതാണ്ടു തീരുമാനിക്കപ്പെട്ടു കഴിഞ്ഞു.
ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറും റാങ്കിങ്ങിൽ ഒരുപാടു മുന്നിലുള്ള ഒമാനും ഒപ്പമുള്ള ഗ്രൂപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മരണഗ്രൂപ്പ് എന്നു തന്നെ വിശേഷിപ്പിക്കാമായിരുന്നു. പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച വിദേശ താരങ്ങൾക്കൊപ്പം കളിച്ച ഇന്ത്യൻ താരങ്ങളുടെ പരിചയവും സ്ടിമാച്ചിന്റെ വരവിലൂടെ ടീമിനു ലഭിച്ച പുത്തനുണർവും ടീമിന്റെ പ്രകടനങ്ങളെ സ്വാധീനിക്കുമെന്ന് കരുതപ്പെട്ടു. പക്ഷേ യോഗ്യതാറൗണ്ടിലെ പ്രകടനങ്ങൾ വിരൽ ചൂണ്ടുന്നത് വിപരീത ദിശയിലേക്കാണ്.
ആദ്യമത്സരത്തിൽ ശക്തരായ ഒമാനെതിരെ മികച്ച പോരാട്ടം നടത്തിയാണ് ഇന്ത്യ കീഴടങ്ങിയത്. എൺപതു മിനുട്ടും കളിയിൽ മുന്നിട്ടു നിന്നശേഷം അവസാന പത്തുമിനുട്ടുകളിൽ വഴങ്ങിയ രണ്ടു ഗോളുകൾ പക്ഷേ ടീമിനു വിനയായി. അടുത്ത മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യൻമാരാകാൻ സാധ്യത കല്പിക്കുന്ന ഖത്തറിനെതിരെ പൊരുതി നേടിയ സമനില ആരാധകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.
പക്ഷേ പിന്നീടുള്ള രണ്ടു മത്സരങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. റാങ്കിങ്ങിൽ തങ്ങളേക്കാൾ ഒരുപാടു പിന്നിലുള്ള ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമെതിരെ ഇന്ത്യയുടെ പ്രകടനം വളരെ ദയനീയമായിരുന്നു. അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളിൽ ഇരു മത്സരങ്ങളിലും ഇന്ത്യ സമനിലയുമായി തടിതപ്പുകയായിരുന്നുവെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാകില്ല. ഒരുപക്ഷെ ടൂർണമെന്റിൽ ഇന്ത്യക്ക് ഏറ്റവുമധികം വിനയായി മാറിയതും ഈ രണ്ടു സമനിലകളാകാം.
വിജയം മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുകയെന്നുള്ള വിശ്വാസവുമായി ഇന്നലെ ഒമാനെതിരെ എവേ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്കു വീണ്ടും അടിപതറി. ആദ്യ പകുതിയിൽ അൽ ഗസനി നേടിയ ഗോളിൽ വീണ്ടും ഒമാൻ ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ അഞ്ചു മത്സരങ്ങളിൽ നിന്നും മൂന്നു സമനിലയും രണ്ടു തോൽവികളുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. മൂന്നു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കേ രണ്ടാം സ്ഥാനത്തുള്ള ഒമാനുമായി ഒൻപതു പോയിന്റിന്റെ വ്യത്യാസമായതോടെ ഇന്ത്യയുടെ സാദ്ധ്യതകൾ ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞു. 2026 ലോകകപ്പ് യോഗ്യതയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഇഗോർ സ്ടിമാച് ഇപ്പോൾ തന്നെ ആരാധകരുടെ വിമർശനങ്ങൾ ഏറ്റു വാങ്ങുവാൻ തുടങ്ങിയിരിക്കുന്നു.
2026 വരെ സ്ടിമാച് ഇന്ത്യൻ ടീമിനൊപ്പം തുടരുമോയെന്നറിയില്ല. എങ്കിലും ആരാധകരുടെ കാത്തിരിപ്പിനു നാലു വർഷം കൂടി ആയുസ്സ് നീണ്ടിരിക്കുന്നു. ഇന്ത്യൻ ഫുട്‍ബോളിന്റെ വളർച്ച ആഗ്രഹിക്കുന്ന നമുക്കോരോരുത്തർക്കും വീണ്ടും നിദ്ര തുടരാം. 2026ൽ ലോകകപ്പ് വേദിയിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങുന്ന നിമിഷം സ്വപ്നമായെങ്കിലും നമ്മിലേക്കെത്തുവാൻ.






































