അസ്സൂറിപ്പട തിരിച്ചു വരുമ്പോൾ
പ്രതിരോധമായിരുന്നു ഇറ്റാലിയൻ ഫുട്ബോൾ പിന്തുടർന്നിരുന്ന നയം. എതിരാളികളുടെ ആർത്തലച്ചു വരുന്ന ആക്രമണങ്ങളെ ഒരു വൻമതിൽ കെട്ടി തടഞ്ഞുനിർത്തി വിജയങ്ങൾ നേടിയിരുന്ന അവരുടെ ശൈലിയാകാം ഒരുപക്ഷെ അന്താരാഷ്ട്ര ഫുട്ബോളിൽ കിരീടവിജയങ്ങൾ ഏറെ നേടിയിട്ടും ശക്തമായ ഒരു ഫാൻ ഫോള്ളോവിങ് അവർക്കു ലഭിക്കാത്തതും അതിനാലാകാം.
ഇടക്കാലത്തു തീരെ മോശമായ ഒരു അവസ്ഥയിലേക്കുപോയെങ്കിലും അവരുടെ പതനം ഏറെ ചർച്ച ചെയ്യപ്പെടാതിരുന്നതും അതിനാലാകാം.
ലോകഫുട്‍ബോളിലെ പരമ്പരാഗത ശക്തികളിൽ ഒന്നാണ് ഇറ്റലി. അഞ്ചു ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ബ്രസീലിനു പിന്നിൽ നാലു വിശ്വവിജയങ്ങൾ നേടി ശക്തി തെളിയിച്ചവർ. 1949ൽ ടോറിനോ ഫുട്ബോൾ ടീമിനു സംഭവിച്ച ആകാശ ദുരന്തത്തിൽ തങ്ങളുടെ ഭൂരിഭാഗം കളിക്കാരെയും നഷ്ടമായതിനെ തുടർന്നു ശക്തി ക്ഷയിച്ചെങ്കിലും വീണ്ടും പൂർവാധികം ശക്തിയോടെ അവർ തിരികെ വന്നു. 1968ലെ യൂറോ കപ്പ് വിജയിച്ചും തൊട്ടടുത്ത ലോകകപ്പിൽ ഫൈനൽ പ്രവേശനം നടത്തിയും തിരിച്ചുവരവു പ്രഖ്യാപിച്ച അസൂറികൾ 1982ൽ വീണ്ടുമൊരിക്കൽക്കൂടി ഫുട്ബോൾ ലോകത്തെ രാജാക്കന്മാരായി.
മാൽഡിനിയും ബാജിയോയും ഡെൽപിയറോയുമടങ്ങിയ ലോകോത്തര താരങ്ങളെ തുടർച്ചയായി സംഭാവന ചെയ്തുകൊണ്ടിരുന്ന ഇറ്റലി ലോകഫുട്ബോളിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. 94ൽ ഒരു പെനാൽറ്റിയകലത്തിൽ നഷ്ടമായ ലോകകിരീടം ഒരു വ്യാഴവട്ടകാലത്തിനുശേഷം വീണ്ടുമവർ സ്വന്തമാക്കി. കന്നവരോയും മറ്റെരാസിയുമടങ്ങിയ പ്രതിരോധനിര തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച ടൂർണമെന്റായിരുന്നു അത്.
പക്ഷേ 2006 ലോകകപ്പിനുശേഷം ഇറ്റാലിയൻ ഫുടബോളിന് അത്ര നല്ല നാളുകളല്ല. അടുത്ത ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ അസൂറികൾ 2018ൽ അഞ്ചു പതിറ്റാണ്ടുകൾക്കുശേഷം വീണ്ടുമൊരിക്കൽക്കൂടി ലോകകപ്പിനു യോഗ്യത നേടാതെ മടങ്ങി. ഫുട്ബോളിലെ പരമ്പരാഗതശക്തികളുടെ പതനം ഇറ്റാലിയൻ ഫുട്‍ബോളിന്റെ അവസാനമായി കരുതിയ ഫുട്ബോൾ വിദഗ്ധരും കുറവല്ല.
പക്ഷേ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഇറ്റാലിയൻ ഫുട്ബോൾ വീണ്ടും തിരിച്ചുവരവിന്റെ പാതയിലേക്കു വന്നിരിക്കുന്നു. 2020 യൂറോകപ്പ് യോഗ്യതാമത്സരങ്ങളിൽ തോൽവിയറിയാതെയാണ് നീലപ്പട മുന്നേറുന്നത്. പത്തു മത്സരങ്ങളിൽ നിന്നും പത്തു വിജയങ്ങളുമായാണ് അവർ യൂറോ കപ്പിനു യോഗ്യത നേടിയത്. അതിലേറെ വിസ്മയിപ്പിക്കുന്ന കാഴ്ച പരമ്പരാഗതമായി പിന്തുടർന്നുവന്ന ശൈലിയിൽ നിന്നും വ്യതിചലിച്ച നീലപ്പട ഗോളുകൾ അടിച്ചുകൂട്ടുന്നുവെന്നതാണ്.
യുവതാരങ്ങളുടെ മികവിലാണ് ഇറ്റലി വിജയങ്ങൾ കൊയ്തെടുക്കുന്നത്. പത്തൊന്പതുകാരനായ സാൻഡ്രോ ടോണാലിയും ഇരുപതുകാരനായ സാനിയോളയുമൊക്കെ അപാരഫോമിലാണ്. 2018ൽ ടീമിന്റെ ചുമതലയേറ്റ റോബർട്ടോ മാൻസിനീയെന്ന പരിശീലകന്റെ ഏറ്റവും മികച്ച വിജയവും അതായിരുന്നു. സാനിയോളയ്‌ക്കൊപ്പം ഇരുപത്തിമൂന്നുകാരനായ ചീസയും പരിചയസമ്പന്നനായ ബെർണാഡേഷിയും ചെൽസിയ്‌ക്കുവേണ്ടി പുറത്തെടുത്ത മികച്ച പ്രകടനം അസ്സൂറികൾക്കു വേണ്ടിയും പുറത്തെടുക്കുന്ന ജോർജീഞ്ഞോയുമൊക്കെ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. യോഗ്യതാറൗണ്ടിലെ അവസാനമത്സരത്തിൽ അർമേനിയയ്ക്കെതിരെ ഒൻപതു ഗോളുകളാണ് അവർ അടിച്ചുകൂട്ടിയത്.
അതേ, നീലപ്പട തിരിച്ചുവരവിന്റെ പാതയിലാണ്. ഒരു മേജർ കിരീടവിജയത്തോടെ അതിനു വേഗത കൂട്ടാൻ അസ്സൂറികൾക്കു കഴിയട്ടെ.






































