Cricket Editorial Top News

വീരേന്ദ്ര നായിക് ; മൈതാനത്തിലെ കണ്ണീരോർമ

November 18, 2019

author:

വീരേന്ദ്ര നായിക് ; മൈതാനത്തിലെ കണ്ണീരോർമ

താൻ എറ്റവുമധികം സ്നേഹിക്കുന്ന ചെയ്തിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ മരണത്തെ പുൽകുക.

അതൊരു ഭാഗ്യമാണെന്നാണ് പറയപ്പെടുന്നത്. ശരീരം പൂർണമായും ആ പ്രവൃത്തിയിൽ ലയിച്ചിരിക്കുമ്പോൾ മനസ്സ അത്രത്തോളം ഏകാഗ്രമായിരിക്കുമ്പോൾ തന്നെ തേടി നിശബ്ദനായെത്തുന്ന മരണത്തിനൊപ്പം യവനികയിലേക്കു മറയുക ഒരു സൗഭാഗ്യമാണത്രെ.

നാല്പത്തിയൊന്നാം വയസ്സിലും ആ ബാറ്റും തൂക്കി വീരേന്ദ്ര നായിക് ആ ഗ്രൗണ്ടിലെത്തിയെങ്കിൽ അതു തീർച്ചയായും ക്രിക്കറ്റ്‌ എന്ന ഗെയിമിനെ അയാൾ അത്രയേറെ സ്നേഹിക്കുന്നതു കൊണ്ടാണ്. തന്റെ പകുതിമാത്രം പ്രായമുള്ള കളിക്കാർക്കൊപ്പം ആ മനുഷ്യനെ ഗ്രൗണ്ടിൽ പിടിച്ചു നിർത്തിയത്, അവർക്കൊപ്പം ഓടിയെത്താൻ അയാളുടെ കാലുകൾക്ക് ബലം നൽകിയത് ആ കളി അയാളുടെ സിരകളിൽ നിറച്ച ആവേശമാകും.
പക്ഷേ കളിക്കൊടുവിൽ തന്റെ ബാറ്റും വർഷങ്ങളുടെ അനുഭവസമ്പത്തും ബാക്കിയാക്കി വീരേന്ദ്ര നായിക് യാത്രയായി തിരിച്ചുവരവില്ലാത്ത കാലത്തിന്റെ പവലിയനിലേക്ക്.

മറേഡ്പള്ളി സ്പോർട്ടിങ് ക്ലബും മറേഡ്പള്ളി ബ്ലൂസും തമ്മിലുള്ള A3 ഡിവിഷൻ ഏകദിന ടൂർണമെന്റിലാണ് ക്രിക്കറ്റ്‌ ലോകത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. സ്പോർട്ടിങ് ക്ലബ്ബിനായി മികച്ച രീതിയിൽ ബാറ്റു വീശിയ വീരേന്ദ്ര 66 റണ്ണുകൾ നേടിയശേഷം വിക്കറ്റ് കീപ്പർ പിടിച്ചു പുറത്തായി. തിരികെ പവലിയനിലെത്തിയ അദ്ദേഹം കുഴഞ്ഞു വീഴുകയും അടുത്തുള്ള യശോധാ ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്നേ തന്നെ മരണം സംഭവിക്കുകയും ചെയ്തു.

ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരം ഫിൽ ഹ്യൂഗ്സിനു സംഭവിച്ച ദാരുണമായ അന്ത്യത്തിന്റെ ഓർമകൾ നൽകുന്ന നടുക്കത്തിൽ നിന്നും ഇതേവരെ പൂർണമായും മുക്തി നേടാൻ ഇതേവരെ ക്രിക്കറ്റ്‌ ലോകത്തിനു സാധിച്ചിട്ടില്ല. നാടുകളുടെ, ഭാഷയുടെ, നിറത്തിന്റെ അന്തരമില്ലാതെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും അതു നൽകുന്ന വേദനകളും ഒരുപോലെയാകും അനുഭവപ്പെടുക.

ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ ഒരേയൊരു അത്താണിയായിരുന്നു വീരേന്ദ്ര നായക്. ഒരു പക്ഷേ അയാൾ തന്റെ കുടുംബത്തോളം തന്നെ ക്രിക്കറ്റിനെയും സ്നേഹിച്ചിരിക്കണം. ഗ്രൗണ്ടിൽ വീരേന്ദ്ര ഒരു ഇരുപതുകാരന്റെ ചുറുചുറുക്കോടെയാണ് നിന്നിരുന്നതെന്ന സ്പോർട്ടിങ് ക്ലബ്‌ നായകൻ തൃപ്ത സിംഗിന്റെ വാക്കുകളിൽ നിന്നുമറിയാം അദ്ദേഹം ക്രിക്കറ്റിനെ എത്രയധികം സ്നേഹിച്ചിരുന്നുവെന്ന്.

അറുപത്തിയാറു റണ്ണുകളുമായി പുറത്തായശേഷം പവലിയനിലെത്തിയ വീരേന്ദ്ര സെഞ്ചുറി നേടാൻ സാധിക്കാത്തതിലുള്ള നിരാശയാണ് ആദ്യം സഹതാരങ്ങളോട് പങ്കുവെച്ചത്. പൂർത്തിയാക്കാൻ സാധിക്കാത്ത ഒരുപിടി ആഗ്രഹങ്ങളുമായി അയാൾ തിരശീലയ്ക്കു പിന്നിലേക്കു നടന്നകലുമ്പോൾ ക്രിക്കറ്റ്‌ മൈതാനത്തിൽ വീണ കണ്ണുനീർ തുള്ളികൾ മാത്രമാകും അയാൾ അവസാനമായി സ്വീകരിക്കുന്ന ഗാർഡ് ഓഫ് ഹോണർ.

Leave a comment