Editorial Foot Ball Top News

ഫുട്ബോളിലെ പുതിയ പ്രതീക്ഷകൾ

November 18, 2019

author:

ഫുട്ബോളിലെ പുതിയ പ്രതീക്ഷകൾ

കാൽപന്തുകളിയോടുള്ള ആവേശത്തിന് അതിരുകളിലെന്നു ലോകത്തിനു വളരെ മുന്നേ മനസ്സിലായതാണ്. എല്ലാം നശിച്ചുപോയിടത്തു നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവരാൻ എത്രയോ പേരെ ആ പന്തു സഹായിച്ചിരിക്കുന്നു. ലോകത്തിലെല്ലായിടത്തും ഒരുപോലെ ആവേശം വാരിവിതറാൻ കാൽപന്തിനു സാധിക്കുന്നു.

സൗന്ദര്യം ഇഷ്ടപ്പെടുന്ന ഏതു മനസ്സിലും സന്തോഷത്തിന്റെ വിത്തുകൾ പാകാൻ ഫുട്‍ബോളിനു കഴിയുന്നു. അതുകൊണ്ട് തന്നെയാണ് അത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ഒരു ഗെയിമായി മാറിയത്. ഫുട്ബോളിൽ സംഭവിക്കുന്ന ചെറുവിജയങ്ങൾ പോലും ഒരു ജനതയുടെ ആഘോഷമായി മാറുന്നതും അതുകൊണ്ടാണ്. ആ വിജയത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ പോലും ചരിത്രമാകുന്നതും അതിനാലാണ്.

കിരീടവിജയങ്ങൾക്കായി വമ്പന്മാർ തമ്മിലുള്ള കൊമ്പുകോർക്കലിനിടയിലും ചില ചെറിയ പോരാട്ടങ്ങളുടെ കഥകൾ ഒട്ടും ഒളിമങ്ങാതെ ഫുട്ബോൾ പ്രേമികളുടെ ഹൃദയങ്ങളിൽ നിലനിൽക്കും. കാലാവസ്ഥ സൃഷ്ടിക്കുന്ന പരിമിതികളെയും മറികടന്നു കഴിഞ്ഞ ലോകകപ്പിൽ ഇടം നേടി പിന്നീട് സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീനയെ പിടിച്ചുകെട്ടിയ ഐസ്ലന്റിനെ എങ്ങനെ അവർക്കു മറക്കാൻ സാധിക്കും?. ഇപ്പോഴിതാ 2020 യൂറോ കപ്പിനു യോഗ്യത നേടിക്കൊണ്ട് അവരുടെ മുന്നിൽ മറ്റൊരു അദ്‌ഭുതമായി മാറിയിരിക്കുന്നു ഫിൻലൻഡ്‌ എന്ന കുഞ്ഞൻ രാജ്യം.

1937ൽ നടന്ന രണ്ടാം ലോകകപ്പിനുള്ള യോഗ്യതാറൗണ്ടിൽ പങ്കെടുത്തതുമുതൽ തുടങ്ങിയതാണ് ഒരു മേജർ ടൂർണമെന്റിൽ മുഖം കാണിക്കാനുള്ള ഫിൻലൻഡ്‌ ഫുട്ബോൾ ടീമിന്റെ ശ്രമങ്ങൾ. പിന്നീടിങ്ങോട്ടു വർഷങ്ങളായുള്ള പരിശ്രമങ്ങൾ. മുപ്പതു തവണയാണ് അവർ ആ നിമിഷത്തിനായുള്ള പോരാട്ടത്തിൽ പാതിവഴിയിൽ വീണുപോയത്. ജെറി ലിറ്റമാനൻ, ആന്റി നെയ്‌മി, സമി ഹൈപ്യ, മൈക്കൽ ഫോർസൽ തുടങ്ങി മികച്ച താരങ്ങളെ ഫുട്ബോൾ ലോകത്തിനു സംഭാവന ചെയ്‌തെങ്കിലും ആ മനോഹരനിമിഷം അവരിൽ നിന്നും അകന്നു നിന്നു.

കഴിഞ്ഞ ദിവസം ലീചൻസ്റ്റൈനുമായി നടന്ന മത്സരത്തിനു ശേഷം പക്ഷേ ഫിൻലൻഡ്‌ ജനത ആഘോഷത്തിമിർപ്പിലായിരുന്നു. മത്സരത്തിൽ നേടിയ 3-0 വിജയം അവരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ അന്ത്യമായിരുന്നു. ചരിത്രത്തിലാദ്യമായി ഫിൻലൻഡ്‌ എന്ന രാജ്യം ഒരു മേജർ ടൂർണമെന്റിൽ പന്തുതട്ടാനുള്ള യോഗ്യത നേടിയിരിക്കുന്നു. 2020 യൂറോ കപ്പിൽ അവരുടെ സ്വന്തം ടീമുമുണ്ടാകും.

ടീമു പുക്കിയെന്ന ഇരുപത്തിയൊൻപതുകാരൻ സ്‌ട്രൈക്കറുടെ
മികവിലാണ് ഫിൻലൻഡ്‌ ടീം യൂറോ കപ്പിനു യോഗ്യത നേടിയത്. ഒൻപതു യോഗ്യതാ മത്സരങ്ങളിൽനിന്നും ഒൻപതു ഗോളുകൾ നേടി പുക്കി മുന്നിൽ നിന്നു നയിച്ചപ്പോൾ
അവരുടെ പ്രതിരോധനിരയും അത്രതന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2018 ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്കു ശേഷം ഫിൻലൻഡ്‌ കളിച്ച 23 മത്സരങ്ങളിൽ നിന്നും വെറും പതിനാറു ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയത്. പതിനഞ്ചു മത്സരങ്ങളിലും അവരുടെ പ്രതിരോധം ഭേദിക്കാൻ എതിരാളികൾക്കു കഴിഞ്ഞില്ല.

യൂറോപ്പിന്റെ കിരീടം നേടാനുള്ള വമ്പൻ സ്രാവുകളുടെ പോരാട്ടത്തിൽ ഒരുപക്ഷെ അധികം മുന്നേറാൻ ഫിൻലാൻഡിനു സാധിച്ചേക്കില്ല. പക്ഷേ ടൂർണമെന്റിൽ പലരുടെയും വിധി നിർണയിക്കാൻ മാർക്കു കാനേർവ പരിശീലിപ്പിക്കുന്ന ഫിൻലാൻഡിനു സാധിച്ചേക്കും. ടൂർണമെന്റിൽ ചരിത്രം സൃഷ്ടിക്കാൻ ഫിൻലണ്ടിന് സാധിക്കണേയെന്നു പ്രാർത്ഥിക്കുന്ന ഒരു പറ്റം ഫുട്ബോൾ പ്രേമികൾ തീർച്ചയായും ഈ ലോകത്തുണ്ടാകും.

കാരണം ഫുട്ബോൾ എല്ലാവരുടെയും ആഘോഷമാണ്.

Leave a comment