പാൻ സിങ് തോമർ; സിനിമയെ വെല്ലുന്ന ജീവിതകഥ
ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഒരേടാണ് പാൻ സിംഗ് തൊമാറിന്റേത്. ഇന്ത്യൻ അത്ലറ്റുകൾ അധികം കൈവെച്ചിട്ടില്ലാത്ത സ്റ്റീപ്പിൾ ചേസ് എന്ന ഓട്ടമത്സരത്തിൽ ഏഴു തവണ തുടർച്ചയായി ദേശീയ ചാമ്പ്യനായ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ തോമാർ പിന്നീട് ചമ്പൽക്കാടുകളെയും പോലീസിനെയും വിറപ്പിച്ച ക്രിമിനലായി മാറിയ കഥ ഒരു മുത്തശ്ശിക്കഥ പോലെ അവിശ്വസനീയമാണ്.
1932 ൽ മധ്യപ്രദേശിലെ മൊറേന എന്ന സ്ഥലത്താണ് തോമാർ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ആർമിയിൽ സുബേദാറായി ജോലിയിൽ പ്രവേശിച്ച തോമാറിനു അവിടെ വച്ചുള്ള കഠിനമായ പരീശീലനമുറകളും വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള സൈനികന്റെ ചങ്കൂറ്റവും തന്നെയാകാം സ്റ്റീപ്പിൾ ചേസ് എന്ന കായിക ഇനം പരിശീലിക്കാൻ പ്രേരിപ്പിച്ചത്. 1950 – 60 കാലഘട്ടങ്ങളിൽ ഇന്ത്യയിലെ തന്നെ മികച്ച അത്ലീറ്റുകളിൽ ഒരാളായി മാറിയ തോമാർ 1958 ബുസാൻ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും ചെയ്തു. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ 9 മിനിറ്റ് 2 സെക്കന്റ് എന്ന അദ്ദേഹത്തിന്റെ ദേശീയ റെക്കോർഡ് നീണ്ട 10 വർഷക്കാലം അജയ്യമായി നിലകൊണ്ടു.1972 ൽ ആർമിയിൽ നിന്നും തോമാർ വിരമിച്ചു.. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം തീർത്തും നാടകീയമായിരുന്നു.
തിരികെ തന്റെ ജന്മദേശത്തെത്തിയ തൊമാറിനു അവിടത്തെ ഒരു ഭൂപ്രഭുവുമായി സ്വത്തു തർക്കത്തിൽ ഏർപെടേണ്ടി വന്നു. ഇത് പരിഹരിക്കാൻ വേണ്ടി കൂടിയ യോഗത്തിൽ ഡിസ്ട്രിക്ട് കളക്ടർ തോമറിനോട് 3000 രൂപ നൽകി ഭൂമി ഏറ്റെടുത്തുകൊള്ളാൻ ആവശ്യപ്പെടുകയും തോമാർ അത് അനുസരിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അനന്തരവൻ ഇതിനെ എതിർക്കുകയും ചർച്ച കയ്യാങ്കളിയിൽ കലാശിക്കുകയും ചെയ്തു. തന്റെ തൊണ്ണൂറു വയസ്സു പ്രായമുള്ള അമ്മയെ കയ്യേറ്റം ചെയ്ത ഭൂപ്രഭുവിനെ തോമാർ അടുത്ത ദിവസങ്ങളിലൊന്നിൽ വെടിവച്ചുകൊന്നു പ്രതികാരം ചെയ്തു. പിന്നീടുണ്ടായ അക്രമങ്ങളിൽ തോമറും സംഘവും 8 ഗ്രാമീണരെകൂടി വധിച്ചു.. ഇതോടെ സർക്കാർ തോമറിന്റെ തലയ്ക്കു പതിനായിരം രൂപ വിലയിട്ടു.
1981 ഒക്ടോബർ 1 നു സർക്കിൾ ഇൻസ്പെക്ടർ മഹേന്ദ്ര സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ 500ഓളം സായുധ പോലീസുകാർ തൊമാറിനെയും സംഘത്തെയും വളഞ്ഞു. 12 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ തൊമാറിനെയും കൂട്ടരെയും പോലീസ് സംഘം വധിച്ചു…
തോമറിന്റെ ജീവിതം 2012 ൽ ഇതേ പേരിൽ തന്നെ തിഗ്മാൻഷു ധുലിയ എന്ന സംവിധായകൻ ചലച്ചിത്രമാക്കി. ചിത്രത്തിൽ തോമറിന്റെ ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ചതിന് ഇർഫാൻ ഖാന് 2013 ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു..
സാഹചര്യങ്ങളും അതിനെ ശെരിയായ രീതിയിൽ നേരിടാനുള്ള അറിവില്ലായ്മയും തന്നെയാണ് തൊമാറിന്റെ ജീവിതം മാറ്റിമറിച്ചത്. വളർന്നു വരുന്ന തലമുറക്കുള്ള വലിയ ഒരു പാഠമാണ് തൊമാറിന്റെ ജീവിതകഥ.. അക്രമം ഒന്നിനും പരിഹാരമാകുന്നില്ല.






































