വിൻഡീസ് ക്രിക്കറ്റിന്റെ പ്രതീക്ഷ
ഒരുപാടു മഹാൻമാരായ ക്രിക്കറ്റ് താരങ്ങൾക്കു ജന്മം നൽകിയ നാടാണ് കരീബീയൻ ദ്വീപസമൂഹം. ബാർബഡോസും ട്രിനിഡാഡ് ആൻഡ് ടുബാഗോയും ജമൈക്കയുമൊക്കെ ക്രിക്കറ്റിന്റെ വിളനിലങ്ങളാണ്. അവിടെ കളിച്ചു വളർന്ന സർ ഡെസ്മണ്ട് ഹെയ്ൻസും, ക്ലെയ്വ് ലോയ്ഡും, വിവ് റിച്ചാർഡ്സും ബ്രയൻ ലാറയുമൊക്കെ ബാറ്റുകൊണ്ട് നമ്മെ വിസ്മയിപ്പിച്ചവരാണ്. മാൽകം മാർഷലും, കർട്ലി ആംബ്രോസും, കോട്നി വാൽഷുമൊക്കെ എറിയുന്ന പന്തുകൾ എത്രയോ തവണ ബാറ്റ്സ്മാന്മാരുടെ നെഞ്ചിൽ തീ കോരിയിട്ടിട്ടുണ്ട്.
ഒരുകാലത്തു എതിരാളികൾ ഭയപ്പെട്ടിരുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇന്നു പ്രതാപകാലത്തിന്റെ വെറും നിഴൽ മാത്രമാണ്. പ്രതിഭകൾക്കു ദാരിദ്ര്യം സംഭവിച്ചിട്ടില്ലെങ്കിലും ഏകദിന ടെസ്റ്റ് ഫോർമാറ്റുകളിൽ അവർ വളരെയധികം പിന്നോട്ടു പോയിരിക്കുന്നു. ടി ട്വൻറിയിൽ പലപ്പോഴും മികച്ച ഫോം പ്രകടിപ്പിക്കാറുണ്ടെങ്കിലും പഴയ വെസ്റ്റ് ഇൻഡീസിന്റെ നിഴൽ മാത്രമാണ് ഇപ്പോഴത്തെ വിൻഡീസ് ടീം.
വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ പിടിപ്പുകേടു തന്നെയാണ് ഈ അവസ്ഥയുടെ മുഖ്യ കാരണം. അതുകൊണ്ട് തന്നെയാണ് പലപ്പോഴും വിൻഡീസ് താരങ്ങൾ ദേശീയ ടീമിനു പകരം പണം വരുന്ന ടി ട്വൻറി ലീഗുകൾക്കായി അണിനിരക്കുന്നത്. പക്ഷേ അതിനൊരു അപവാദമാകുകയാണ് ഷായി ഹോപ്പ് എന്ന വിൻഡീസ് ബാറ്റ്സ്മാൻ.
പേരുപോലെ തന്നെ വിൻഡീസ് ക്രിക്കറ്റിന്റെ പ്രതീക്ഷയാണ് ഹോപ്. വിന്ഡീസിനു വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ഹോപ്പിനു സാധിക്കുന്നുണ്ട്. അടിച്ചു തകർക്കുകയെന്ന വിൻഡീസ് പുതുതലമുറയുടെ പതിവുരീതിക്കു പകരം ക്രീസിൽ സമയം ചെലവഴിച്ചു റണ്ണുകൾ സമാഹരിക്കുവാനുള്ള കഴിവാണ് ഈ ബാർബഡോസുകാരനെ വ്യത്യസ്തനാക്കുന്നത്.
ബ്രയാൻ ലാറ, ചന്ദർപോൾ തുടങ്ങി ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ മികവുതെളിയിച്ച വിൻഡീസ് താരങ്ങളുടെ പ്രതാപത്തോടു താരതമ്യം ചെയ്യാനായില്ലെങ്കിലും ഷൈ ഹോപ്പ് എന്ന ഇരുപത്തിയാറുകാരന് ഈ വിൻഡീസ് ടീമിൽ വളരെയധികം പ്രാധാന്യമുണ്ട്. കരിയറിന്റെ അവസാനകാലത്തിലൂടെ കടന്നു പോകുന്ന ക്രിസ് ഗെയിലിന്റെ ഒറ്റയാൾ പോരാട്ടങ്ങൾ നൽകുന്ന ചില രജതരേഖകൾ മാത്രം ആശ്വാസമാകുന്ന ടീമിന് ഒരു ബാറ്റിങ് നെടുംതൂൺ അത്യാവശ്യമായിരുന്നു കാലത്താണ് അയാൾ ടീമിലെത്തുന്നത്. ഷിംറോൺ ഹെറ്റമെയ്ർ, ബ്രാത്വയ്റ്റ് മുതലായ പല താരങ്ങളും നടത്തുന്ന മിന്നലാട്ടങ്ങൾക്കിടയിൽ ടീമിന്റെ ഇന്നിംഗ്സ് അവസാന ഓവറുകൾ വരെയും നീണ്ടുനില്കുന്നു എന്നുറപ്പുവരുത്താൻ ഹോപ്പിന്റെ സാന്നിധ്യത്തിന് സാധിക്കുന്നുണ്ട്.
വിൻഡീസ് ക്രിക്കറ്റ് ഒരുപാടു പിന്നിലേക്കു പോയ ഏകദിന ക്രിക്കറ്റിലാണ് ഹോപ്പ് മികച്ചു നില്കുന്നത്. അറുപത്തിയേഴ് മത്സരങ്ങളിൽ നിന്നും ഏഴു സെഞ്ചുറികളുടെ സഹായത്തോടെ അൻപതിലേറെ റൺ ശരാശരിയിൽ 2785 റണ്ണുകൾ അയാൾ സ്വന്തമാക്കിയിട്ടുണ്ട്. 2017ൽ ഹെഡിഗ്ലേയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്ര ടെസ്റ്റ് വിജയത്തിൽ രണ്ടിന്നിങ്സിലും സെഞ്ചുറികളുമായി വിൻഡീസ് ഇന്നിങ്സിൽ നെടുംതൂണായത് ഹോപ് ആയിരുന്നു. പലപ്പോഴും പ്രതീക്ഷകൾ അസ്തമിച്ചിടത്തുനിന്നുമായിരുന്നു ഹോപ് ടീമിനെ ഒറ്റയ്ക്കു തന്റെ ചുമലിലേറ്റിയത്. അതുകൊണ്ടുതന്നെയാണ് ഹോപ് വിൻഡീസ് ക്രിക്കറ്റിന്റെ പ്രതീക്ഷയാണെന്നു പറയുന്നതും.
കരീബിയൻ ദ്വീപുകളില്ലാത്ത ക്രിക്കറ്റിനെ പറ്റി ചിന്തിക്കുവാൻ തന്നെ ക്രിക്കറ്റ് ആരാധകർക്കു സാധിക്കില്ല. അതിനാൽ തന്നെ ഷൈ ഹോപ്പിന്റെ ചിറകിലേറി കുതിയ്ക്കുന്ന വിൻഡീസ് ടീമിനായാകും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുക.






































