ഇവർ നയിക്കട്ടെ ടീം ഇന്ത്യയെ
രോഹിത് ഗുരുനാഥ് ശർമയുടെ പേരിൽ മറ്റൊരു കിരീടവിജയം കൂടി എഴുതി ചേർക്കപ്പെടുമ്പോൾ ഉയരുന്ന ആഹ്ലാദത്തിനും അഭിനന്ദനങ്ങൾക്കും ഒപ്പം തന്നെ ഉയർന്നു കേൾക്കുന്നതാണ് പരിമിത ഓവർ ക്രിക്കറ്റിൽ കോഹ്ലിക്കു പകരം ഹിറ്റമാനെ ടീം ഇന്ത്യയുടെ നായകസ്ഥാനം നൽകണമെന്ന വാദങ്ങളും. ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളിലും നായകനായി വിരാജിക്കുന്ന വിരാട് കൊഹ്‍ലിയെക്കാൾ നായകഗുണം രോഹിതിനുണ്ടെന്നു വിശ്വസിക്കുന്നവർ ഒട്ടും കുറവല്ല.
തത്ക്കാലം ഇന്ത്യൻ ക്യാപ്റ്റൻസിയിൽ ഒരു പുനർ ചിന്തനത്തിന്റെ ആവശ്യകതയുണ്ടോ?. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ മികച്ച പ്രകടനങ്ങൾ തന്നെയല്ലേ കാഴ്ചവെക്കുന്നത്?. തീർച്ചയായും അതെയെന്നു തന്നെയാണ് ഉത്തരം. ചുരുക്കം ചില ഘട്ടങ്ങളിലൊഴികെ ടീമിനെ എപ്പോഴും വിജയവഴിയിലൂടെ നയിക്കാൻ വിരാടിനു സാധിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്കു കിട്ടാക്കനി ആയിരുന്ന പല വിദേശസീരീസുകളും വിജയിക്കാൻ കോഹ്‌ലിയുടെ ടീമിനു സാധിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനമാണ് കൊഹ്‌ലിയ്ക്കെതിരായ ആയുധമായി പലരും എടുത്തുകാട്ടുന്നത്. ടീം പരിശീലകനടക്കം എല്ലാവരെയും തന്റെ ചൊൽപ്പടിക്കു നിർത്താൻ വിരാട് ശ്രമിക്കുന്നതായി പലപ്പോഴും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെയുടെ വിരമിക്കലും ലോകകപ്പിനിടെ ഇന്ത്യൻ സെലക്ടർമാർക്കു കോഹ്‌ലിയുടെ പത്നി അനുഷ്കയ്ക്ക് ചായ കൊണ്ടു കൊടുക്കേണ്ടി വന്നുവെന്ന വിവാദവുമൊക്കെ അതിനുള്ള തെളിവുകളായി അവർ ചൂണ്ടിക്കാട്ടുന്നു.
സ്പോർട്സ്മാൻ സ്പിരിറ്റിലും വിജയതൃഷ്ണയുടെ കാര്യത്തിലും കായികലോകത്തിനു തന്നെ ഉദാഹരണമാണ് വിരാട് കോഹ്ലി. പലപ്പോഴും അയാളുടെ അതിരുകടന്ന ആവേശം അഹങ്കാരമെന്നു കൂട്ടിവായിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ തന്റെ ടീമിനെ എല്ലായ്‌പോഴും വിജയങ്ങളിലേക്കു നയിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മികച്ച നായകൻ തന്നെയാണ് അദ്ദേഹം. മഹേന്ദ്രസിങ് ധോണിയുടെ സ്ട്രീറ്റ് സ്മാർട്ട് ക്രിക്കറ്റിനും ഐസ് കൂൾ മനോഭാവത്തിനും ശേഷം വന്ന കോഹ്‌ലിയുടെ ഈ സമീപനവുമായി കൂടുതൽ ആളുകൾക്കും പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
രോഹിത് ശർമയുടെ നായകമികവിനു നൂറു ശതമാനം മാർക്കും നൽകാതെ തരമില്ല. തന്റെ ടീമിനെ, പ്രത്യേകിച്ചും യുവതാരങ്ങളെ മുന്നിൽ നിന്നു നയിക്കാനും അവർക്ക് ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് സാധിക്കുന്നു. പക്ഷേ ഒന്നോർക്കുക രോഹിത് ശർമയുടെ പ്രതിഭ പൂർണമായും ആസ്വദിക്കുവാൻ നമുക്കു സാധിച്ചിട്ടുണ്ടോ?. അയാളുടെ കരിയറിലെ എത്രയോ വർഷങ്ങൾ അയാൾക്കു നഷ്ടപ്പെട്ടു. അതിനാൽ തന്നെ വീണ്ടുമൊരു പരീക്ഷണം ചിലപ്പോൾ അയാളുടെ കരിയറിനു തന്നെ വിഘാതം സൃഷ്ടിക്കാം. അതിനാൽ നമുക്കു കാത്തിരിക്കാം അടുത്ത വർഷം നടക്കാനിരിക്കുന്ന ടി ട്വന്റി ലോകകപ്പ് വരെയെങ്കിലും. കാരണം ഇന്ത്യൻ ടീമിന് ഇരുവരും ഒരുപോലെയാണ്. ഒരു ശരീരത്തിലെ രണ്ടു കരങ്ങൾ പോലെ.






































