മ്യൂണിച്ചിലെ കൂട്ടക്കൊലയും കൊള്ളയടിയും
ഒളിമ്പിക്സ്……
ലോകത്തിലെ എറ്റവും വലിയ കായിക മാമാങ്കം. 1896ൽ വെറും പതിനാലു രാജ്യങ്ങൾ അണിനിരന്നു തുടങ്ങിയ ആദ്യ ടൂർണമെന്റിൽ നിന്നും 2016ൽ 207 രാജ്യങ്ങളിൽ നിന്നുമുള്ള പതിനായിരത്തിലേറെ കായികതാരങ്ങൾ മാറ്റുരച്ച ബ്രഹ്മാണ്ഡ കായികമേളയിലേക്കുള്ള ഒളിംപിക്‌സിന്റെ യാത്ര വളരെയധികം സംഭവബഹുലമായിരുന്നു.
പുതിയ താരോദയങ്ങൾക്കും വൻ വീഴ്ചകൾക്കും സാക്ഷ്യം വഹിച്ച ഒളിംപിക്‌സിന്റെ ചരിത്രത്തിലെ മറക്കാൻ സാധിക്കാത്തൊരു അധ്യായമാണ് 1972 മ്യൂണിച് ഒളിംപിക്‌സ്. രണ്ടു സംഭവങ്ങളാണ് ഈ പശ്ചിമ ജർമൻ നഗരത്തിൽ നടന്ന ഒളിംപിക്സിനെ സംഭവബഹുലമാക്കിയത്.
പുകയുന്ന ഒരു അഗ്നിപർവതമായിരുന്നു എഴുപതുകളിൽ ലോകം. ശീതയുദ്ധവും പശ്ചിമേഷ്യൻ സംഘര്ഷങ്ങളും ലോകത്തിന്റെ തന്നെ വളർച്ചയെ കാര്യമായി മന്ദീഭവിപ്പിച്ചിരുന്നു അങ്ങനെയിരിക്കെയാണ് ലോകമഹായുദ്ധശേഷം ആദ്യമായി പശചിമ് ജർമനി ഒളിംപിക്സിനു വേദിയാകുന്നത്.
മത്സരങ്ങളുടെ ആവേശത്തിലേക്ക് അലിഞ്ഞുചേരാൻ കാത്തിരുന്ന ജർമൻ ജനതയെ സെപ്റ്റംബർ അഞ്ചാം തീയതിയിലെ പ്രഭാതം വരവേറ്റത് ഒരു ഞെട്ടലുളവാക്കുന്ന വാർത്തയോടെയായിരുന്നു. ഇസ്രായേൽ കായിക താരങ്ങൾ താമസിച്ചിരുന്ന ഗെയിംസ് വില്ലേജിലെ മുപ്പത്തിയൊന്നാം നമ്പർ കെട്ടിടം പാലസ്തിൻ തീവ്രവാദ സംഘടനയായ “ബ്ലാക്ക് സെപ്റ്റംബർ” തട്ടിയെടുത്തു പതിനൊന്നു ഇസ്രായേൽ അത്ലിറ്റുകളെയും ഒഫീഷ്യലുകളെയും ബന്ദികളാക്കിയിരിക്കുന്നു. ഇസ്രായേലിലെ ജയിലുകളിൽ തടവിലാക്കപ്പെട്ട 234 പാലസതീൻ പൗരൻമാരെ വിട്ടയക്കുക എന്നതായിരുന്നു അവരുടെ ആവശ്യം.
തുടർന്നു ജർമൻ പോലീസ് സേന ഒരു ഗറില്ലാ ആക്രമണത്തിലൂടെ ബന്ദികളെ രക്ഷപെടുത്താൻ ശ്രമിച്ചു. എട്ടു തീവ്രവാദികളിൽ അഞ്ചുപേരെയും പോലീസ് വധിച്ചുവെങ്കിലും. പതിനൊന്നു അത്ലിറ്റുകളുടെയും ഒരു പോലിസുകാരന്റെയും വിലപ്പെട്ട ജീവനുകൾ അതിനു പകരം നൽകേണ്ടി വന്നു. “മ്യൂണിച് ദുരന്തം” എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഭവം ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമാണ്.
മ്യൂണിച് കൂട്ടക്കൊലയുടെ നടുക്കത്തിൽ അരങ്ങേറിയ ഒളിംപിക്‌സ് ഗെയിംസ് ഇനങ്ങളിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ ഇനമായിരുന്നു ബാസ്കറ്റ് ബോൾ. ഗെയിംസിൽ ഉൾപെടുത്തപ്പെട്ടതു മുതൽ സ്വർണമെഡൽ കൈവശം വച്ചുപോന്ന അമേരിക്കൻ ടീമിനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ടീമിനെയാണ് ചിര വൈരികളായ സോവിയറ്റ് യൂണിയൻ അണിനിരത്തിയത്. എങ്ങനെയും സ്വർണമെഡൽ നേടുകയെന്ന ലക്ഷ്യവുമായി ഇരുന്നൂറിലധികം പരിശീലനമത്സരങ്ങൾ കളിച്ചു വന്ന സോവിയറ്റുപട പ്രാഥമിക റൗണ്ടുകളിൽ എതിരാളികളെ തകർത്തെറിഞ്ഞു ഫൈനലിൽ പ്രവേശിച്ചു. പ്രതീക്ഷിക്ഷിച്ച പോലെ തന്നെ ഒളിമ്പിക്സിലെ തങ്ങളുടെ തുടർച്ചയായ 64ആം വിജയം ലക്ഷ്യമിട്ടിറങ്ങിയ അമേരിക്കൻ ടീം ആയിരുന്നു ഫൈനലിൽ അവരെ കാത്തിരുന്നത്.
കടുത്ത ഒരു മത്സരം തന്നെയാണ് ഫൈനലിൽ അരങ്ങേറിയത്. നിരവധി പരിശീലനമത്സരങ്ങളിൽ കളിച്ചു മികച്ച ഒത്തിണക്കം കാട്ടിയ സോവിയറ്റ് ടീമിനെതിരെ അമേരിക്കൻ യുവനിര ശരിക്കും വിയർത്തു. പകുതി സമയത്തിൽ അഞ്ചു പോയന്റിനും മത്സരം അവസാനിക്കാൻ വെറും പത്തു മിനിറ്റുകൾ മാത്രം ശേഷിക്കെ പത്തു പോയന്റുകൾക്കും പിറകിലായി അമേരിക്ക. മത്സരം അവസാനിക്കാൻ മുപ്പതു സെക്കൻഡ് ബാക്കി നിൽക്കെ ഡഗ് കോളിൻസിനെ ഫൗൾ ചെയ്തതിനു ലഭിച്ച രണ്ടു ഫ്രീ ത്രോകൾ കോളിൻസ് തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരത്തിൽ ആദ്യമായി അമേരിക്ക ലീഡ് കരസ്ഥമാക്കി.
പിന്നീടാണ് തികച്ചും അപ്രതീക്ഷിതമായ നിമിഷങ്ങൾക്കു ബയേൺ മ്യൂണിക് ബാസ്കറ്റ്ബാൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് കൂടിയായ റൂഡി സെഡ്‌മേയർ ഹാൾ സാക്ഷിയായതു. മത്സരം അവസാനിക്കാൻ ഒരു സെക്കൻഡ് മാത്രം ബാക്കിനിൽക്കെ സോവിയറ്റ് ഒഫിഷ്യലുകൾ പ്രതിഷേധവുമായെത്തി. കോളിൻസിന്റെ രണ്ടാമത്തെ ത്രോക്കു മുന്നേ തങ്ങൾ ടൈം ഔട്ട് വിളിച്ചിരുന്നുവെന്നും അതു റഫറി ശ്രദ്ധിച്ചില്ലെന്നുമായിരുന്നു അവരുടെ വാദം. ഇതേത്തുടർന്ന് മത്സരത്തിലെ അവസാന മൂന്നു സെക്കൻഡുകൾ വീണ്ടും കളിക്കാൻ തീരുമാനിച്ചു. 50 – 49 എന്ന ലീഡിൽ അമേരിക്ക ആ മൂന്നു സെക്കൻഡുകളും പൂർത്തിയാക്കി വിജയം ആഘോഷിക്കാൻ തുടങ്ങവേ വീണ്ടും റഫറി ഇടപെട്ടു. അവസാന മൂന്നു സെക്കന്റുകളിൽ സ്റ്റോപ്പ് വാച്ച് പ്രവർത്തിച്ചില്ലെന്നും അതിനാൽ ആ മൂന്നു സെക്കൻഡുകൾ വീണ്ടും കളിക്കണമെന്നുമായിരുന്നു റഫറി ആവശ്യപ്പെട്ടത്. ഇത്തവണ രണ്ടു പോയിന്റുകൾ കൂടി കരസ്ഥമാക്കിയ സോവിയറ്റ് യൂണിയൻ 51-50 എന്ന സ്‌കോറിൽ സ്വർണമെഡൽ സ്വന്തമാക്കി.
കൊള്ളയടിക്കപ്പെട്ടതുപോലെയാണ് അമേരിക്കൻ കളിക്കാർ കളത്തിൽ നിന്നത്. അമേരിക്കൻ ഒഫീഷ്യലുകൾ ശക്തിയായി പ്രതിഷേധിച്ചുവെങ്കിലും റഫറിയും സ്‌കോറർമാരും അവർക്കെതിരെ വിധിയെഴുതി. ചരിത്രത്തിലാദ്യമായി അമേരിക്കക്കു സ്വർണമെഡൽ നഷ്ടമായി. തങ്ങൾ ചതിക്കപ്പെട്ടുവെന്നു മനസ്സിലാക്കിയ അമേരിക്കൻ താരങ്ങൾ വെള്ളിമെഡലുകൾ നിരസിച്ചു. മത്സരത്തിൽ തങ്ങളാണ് യഥാർത്ഥ വിജയികളെന്നും വെള്ളിമെഡലുകൾ തങ്ങൾക്കു ആവശ്യമില്ലെന്നും അവർ പ്രസ്താവിച്ചു. പിന്നീടു പലവർഷങ്ങളിലും ഒളിംപിക് അസോസിയേഷൻ ആ വെള്ളിമെഡലുകൾ സ്വീകരിക്കാൻ അവരെ നിർബന്ധിച്ചുവെങ്കിലും അവർ വഴങ്ങിയില്ല. അന്നത്തെ അമേരിക്കൻ ടീം ക്യാപ്ടനായിരുന്ന കെന്നി ഡേവിസ് തന്റെ ഭാര്യക്കോ വരും തലമുറകൾക്കോ ആ വെള്ളിമെഡൽ വാങ്ങാൻ അർഹതയില്ലെന്ന് വിൽപത്രത്തിൽ എഴുതിവയ്ക്കുക പോലും ചെയ്തു.
“തോല്പിക്കപ്പെട്ടിരുന്നുവെങ്കിൽ അഭിമാനപൂർവം ഞങ്ങളാ വെള്ളിമെഡലുകൾ കഴുത്തിലണിഞ്ഞേനെ. പക്ഷേ അവിടെ ഞങ്ങൾ ചതിക്കപ്പെടുകയായിരുന്നു. ഞങ്ങൾ അർഹിച്ച സ്വര്ണമെഡലുകൾ അപഹരിക്കപ്പെടുകയായിരുന്നു”. അന്നു നടന്ന മത്സരത്തെപ്പറ്റി കളിക്കാരിലൊരാൾ വർഷങ്ങൾക്കു ശേഷം പറഞ്ഞു. സ്വിട്സര്ലാണ്ടിലെ ലുസാന്നെയിലുള്ള ഇന്റർനാഷണൽ ഒളിംപിക്‌സ് കമ്മിറ്റിയുടെ ആസ്ഥാനത്തിലുള്ള ലോക്കറിൽ ആ വെള്ളിമെഡലുകൾ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്. യഥാർത്ഥ അവകാശികൾ ആരെന്നറിയാതെ.






































