Cricket Editorial Top News

തിളക്കമുള്ളതാണ് ഈ വിജയം

November 11, 2019

author:

തിളക്കമുള്ളതാണ് ഈ വിജയം

ലോകകപ്പിൽ സംഭവിച്ച പിഴവിനു വലിയ വില നൽകേണ്ടി വന്നതൊഴിച്ചാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീം ഇന്ത്യ ശരിയായ ദിശയിൽ തന്നെയാണ് സഞ്ചരിക്കുന്നത്. ആ പിഴവ് വീണ്ടും ആവർത്തിക്കാതെയിരിക്കാൻ തീരുമാനിച്ചുറച്ചതുകൊണ്ടാകാം അടുത്ത വർഷത്തെ ടി ട്വന്റി ലോകകപ്പിനു മുന്നേ തന്നെ കൃത്യമായ ഒരു ലൈൻ അപ്പ്‌ ഉണ്ടാക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നതും.

ലോകകപ്പ് പോലെ നീണ്ട ടൂർണമെന്റ് കളിക്കുമ്പോൾ ഏതൊരു ടീമിനും വ്യക്തമായ ഒരു റീപ്ലേസ്‌മെന്റ് പോളിസി ഉണ്ടായിരിക്കണം. അത്തരമൊരു മുൻകരുതൽ ഇല്ലാതിരുന്നതായിരുന്നു ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയിലേക്കു വരാതിരുന്നതിന്റെ മൂലകാരണം. പരിമിത ഓവർ ക്രിക്കറ്റിൽ ബംഗ്ലാദേശ് ആരെയും തോല്പിക്കാൻ സാധിക്കുന്ന ടീമായി മാറിയിട്ടും അവർക്കെതിരെ പ്രധാന താരങ്ങളെ മാറ്റി നിർത്തി യുവതാരങ്ങൾക്ക് അവസരം നൽകാൻ സെലെക്ടർമാർ ധൈര്യം കാട്ടിയതും അതിനാൽ തന്നെയാകാം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അവഗണിക്കപ്പെടാനാകാത്ത ഒരു ശക്തിയായി തങ്ങൾ മാറിക്കഴിഞ്ഞുവെന്നു ആദ്യ മത്സരത്തിലെ വിജയത്തിലൂടെ ബംഗ്ലാദേശ് തെളിയിച്ചു. സാഹചര്യത്തിനൊത്തു പന്തെറിഞ്ഞ ബൗളർമാരും മുഷ്‌ഫികുർ റഹീമിന്റെ പരിചയസമ്പത്തും ചേർന്നൊരുക്കിയ ആദ്യവിജയം ബംഗ്ലാദേശ് ആരാധകരെ ഇന്ത്യൻ മണ്ണിൽ ഒരു സീരീസ് വിജയം എന്ന സ്വപ്നം കാണാൻ പ്രേരിപ്പിച്ചപ്പോൾ മറുവശത്ത ഇന്ത്യൻ ആരാധകർ ഭയപ്പെട്ടു തുടങ്ങിയിരുന്നു. ഇന്ത്യൻ യുവനിരയുടെ കഴിവിൽ ചിലരെങ്കിലും സംശയം പ്രകടിപ്പിക്കുവാൻ തുടങ്ങി.

പക്ഷേ കിട്ടിയ അവസരങ്ങളിലെല്ലാം തന്റെ ക്യാപ്റ്റൻസി മികവു പ്രകടിപ്പിച്ചിട്ടുള്ള രോഹിത് ശർമ ടീമിനെ മുന്നിൽ നിന്നു നയിച്ചു. നഷ്ടമായ ആത്മവിശ്വാസം എങ്ങനെ വീണ്ടെടുക്കാമെന്ന് ഒരേയൊരു ഇന്നിംഗ്സിലൂടെ രോഹിത് ഉദാഹരണമായി.
ഇന്ത്യൻ യുവനിരയ്ക്കു പ്രചോദനമായതിനൊപ്പം ബംഗ്ലാദേശിന്റെ സർവ പ്രതീക്ഷകളും നശിപ്പിക്കുന്നതായിരുന്നു ആ ഇന്നിംഗ്സ്. ഒരു പൂവിറുക്കുന്ന ലാഘവത്തോടെ അയാളുടെ ബാറ്റിൽ നിന്നും സിക്സറുകൾ ഉയർന്നപ്പോൾ അവയ്ക്കൊപ്പം ഗാലറിയ്ക്കു പുറത്തേക്കുയർന്നത് അയാൾക്കൊപ്പമുണ്ടായിരുന്ന യുവനിരയുടെ ആശങ്കകളുമായിരുന്നു.

മൂന്നാം ടി ട്വൻറിയിലെ ഇന്ത്യയുടെ പ്രകടനത്തിലൂടെ ഒന്നു കണ്ണോടിക്കൂ. നിങ്ങൾക്കാ യാഥാർഥ്യം മനസ്സിലാകും മികച്ച പ്രകടനങ്ങളെല്ലാം വന്നത് യുവ താരങ്ങളിൽ നിന്നുമായിരുന്നു. രോഹിതും ധവാനും പുറത്തായശേഷം രാഹുലിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടു നയിച്ച ശ്രേയസ് അയ്യർ ഏറെക്കാലമായി ഇന്ത്യക്കു തലവേദനയാകുന്ന നാലാം നമ്പറിലെ പ്രശ്നങ്ങൾക്ക് താനൊരു പരിഹാരമാകുമെന്നു തെളിയിച്ചു. രാഹുലിന്റെ അർധസെഞ്ചുറിയും അയാൾ വിയർപ്പൊഴുക്കി നേടിയതാണ്. ടെസ്റ്റിലെ മോശം പ്രകടനം പരിമിത ഓവർ ടീമിലെ തന്റെ സ്ഥാനത്തിനു തത്കാലം ഭീഷണിയല്ലെന്നയാൾ മനസ്സിലാക്കിയിരിക്കുന്നു. അവസാന ഓവറുകളിൽ വെറും ഹാർഡ് ഹിറ്റിങ്ങിനു മാത്രമല്ല ക്ലാസ്സിക്‌ ഷോട്ടുകൾക്കും പ്രാധാന്യമുണ്ടെന്ന് മനീഷ് പാണ്ഡേയും തെളിയിച്ചു.

ബൗളിങ്ങിലും തിളങ്ങിയത് യുവതാരങ്ങൾ തന്നെ. യുസ്വേന്ദ്ര ചഹാൽ നിറം മങ്ങിയെങ്കിലും ലോകറെക്കോർഡ് പ്രകടനവുമായി ദീപക് ചഹാർ മുന്നിൽ നിന്നു നയിച്ചു. കഴിഞ്ഞ മത്സരങ്ങളിലേതിനു വിപരീതമായി ഖലീൽ മികച്ച പിന്തുണ നൽകിയതോടെ കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിലായി. ശിവം ദുബെയെ എങ്ങനെ മാറ്റിനിർത്താനാകും?. മത്സരത്തിലെ തന്നെ ഏറ്റവും നിർണായകമായ രണ്ടു വിക്കറ്റുകളടക്കം മൂന്നു വിക്കറ്റ് പ്രകടനങ്ങളുമായി വിമർശനങ്ങളെപ്പോലും അവഗണിച്ചു രോഹിത് തന്നിലർപ്പിച്ച വിശ്വാസം ദുബെ കാത്തു സൂക്ഷിച്ചു.

ഇതു രോഹിതിന്റെ കൂടി വിജയമാണ്. നായകനെന്ന നിലയിൽ അയാളുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്. നമ്മുടെ സ്വന്തം സഞ്ജു വീണ്ടും അവഗണിക്കപ്പെട്ടത് തത്കാലം നമുക്കു മറക്കാം. തുടർച്ചയായി പരാജയമാകുന്ന ഋഷഭ് പന്തിനോട് ഒരു തവണകൂടി ക്ഷമിക്കാം. കാരണം മനുഷ്യൻ എടുക്കുന്ന തീരുമാനങ്ങളെല്ലാം എല്ലായ്പോഴും പൂർണത കൈവരിക്കില്ല. എല്ലാം മറന്നു നമുക്കീ വിജയം ആഘോഷിക്കാം, കാരണം ഇതു വെറുമൊരു വിജയമല്ല. പിന്നിൽ നിന്നും പിടിച്ചു കയറി നമ്മുടെ യുവതാരങ്ങൾ ഒരുക്കിയ വിജയമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എത്രത്തോളം സുരക്ഷിതമാണെന്നതിന്റെ തിളക്കമുള്ള ഉദാഹരണമാണ്.

Leave a comment