പ്രീമിയർ ലീഗ് :ആർസെനലിനെ തകർത്ത് ലെസ്റ്റർ രണ്ടാമത്
പ്രീമിയർ ലീഗിൽ ആര്സെനലിന്റെ ദുരിതത്തിന് അറുതിയില്ല.ഇന്ന് എവേ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോടാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തകർന്നത്. ലെസ്റ്ററിനു വേണ്ടി ഒരു ഗോളും അസിസ്റ്റും നേടി സ്റ്റാർ സ്‌ട്രൈക്കർ ജാമി വാർഡി തന്റെ മികവ് തുടർന്നു. മാഡിസന്റെ വകയായിരുന്നു ലെസ്റ്ററിന്റെ രണ്ടാം ഗോൾ.
കിങ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ അകന്ന് നിന്നു രണ്ടാം പകുതിയിൽ രണ്ടു ടീമും അക്രമണത്തിലേക്ക് തിരിഞ്ഞപ്പോൾ മേൽകൈ ലെസ്റ്റർ നേടി. നിരന്തരം ആർസെനൽ ബോക്സിലേക്ക് ഇരമ്പിക്കയറിയ ടീമിന് 68ആം മിനുട്ടിൽ വാർഡി മുന്നിലെത്തിച്ചു. അധികം വൈകാതെ 75ആം മിനുട്ടിൽ വാർഡിയുടെ പാസ്സ് സ്വീകരിച്ചു മാഡിസൺ ഉജ്ജ്വലമായൊരു ഗോളിലൂടെ ലെസ്റ്ററിന്റെ വിജയമുറപ്പിച്ചു.
ജയത്തോടെ 26പോയിന്റുമായി ലെസ്റ്റർ പോയിന്റ് പട്ടികകയിൽ രണ്ടാമതെത്തി. ആർസെനൽ തോൽവിയോടെ 6ആം സ്ഥാനത്തേക്കിറങ്ങി. 12 കളിയിൽ നിന്നു 17പോയിന്റ് മാത്രമുള്ള ആർസെനൽ തങ്ങളുടെ ഏറ്റവും മോശം സീസണാണ് മുന്നിൽ കാണുന്നത് . ലീഗിൽ വിജയമില്ലാതെ തുടരെ നാലാം മത്സരവും കടന്നു പോകുന്നതോടെ തീർത്തും പരാജയമായി മാറിയ ആർസെനൽ കോച്ച് ഉനായി എമറിയുടെ പുറത്താകലിനു ഈ തോൽവി ആക്കം കൂട്ടും.






































