വിൽസൺ ജോൺസ്; ഇന്ത്യയുടെ പ്രഥമ ലോകചാമ്പ്യൻ
“വിൽസൺ ലയണൽ ഗാർടൻ ജോൺസ് ”
എന്ന പേര് എവിടെയെങ്കിലും കേട്ടതായി ഓർമ്മയുണ്ടോ ?. ഇല്ലായെന്നാണ് ഉത്തരമെങ്കിൽ തീർച്ചയായും ഈ ലേഖനം തുടർന്നു വായിക്കുക. ഓരോ കായികപ്രേമിയുടെയും ഓർമകളിൽ രജതരേഖയായി നിൽക്കേണ്ടൊരു പേരാണിത്. കാരണമെന്തെന്നല്ലേ, ആദ്യമായൊരു ലോകകപ്പ് വേദിയുടെ വിജയപീഠത്തിൽ നമ്മുടെ ത്രിവർണ പതാക പാറിക്കളിച്ചത് ഈ പേരിനൊപ്പമാണ്. അതെ, വിൽസൺ ജോൺസ് എന്ന ഇന്ത്യയുടെ ആദ്യത്തെ ലോകചാമ്പ്യൻ.
1922 മെയ് രണ്ടാം തീയതി പുണെയിലെ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനിച്ച വിൽസനു തുടക്കത്തിൽ താൻ പഠിച്ച ബ്രിട്ടീഷ് സ്കൂളിലെ ബില്യാർഡ്സ് ടേബിൾ ഒരു അദ്ഭുതമായിരുന്നു. പിന്നീട് വൈകുന്നേരങ്ങളിൽ ബില്യാർഡ്സ് കളിക്കാൻ പോകുന്ന തന്റെ അമ്മാവനൊപ്പം അവൻ ആദ്യമായി ആ മേശക്കു തൊട്ടരികിലെത്തി. പന്തുകളെ കൃത്യതയോടെ പോക്കറ്റിലേക്കയക്കുന്ന ബില്യാർഡ്സ് താരങ്ങളെ ആരാധനയോടെ നോക്കിക്കണ്ട ആ ബാലൻ മനസ്സിൽ ചിന്ദിച്ചിരിക്കണം “ഒരുനാൾ ഞാനും ഈ കളിയിലെ രാജാവാകും, ഈ ലോകം എന്റെ കാൽകീഴിലാകും”.
തന്റെ ലക്ഷ്യപൂർതീകരണത്തിനുള്ള കഠിനപരിശ്രമമായിരുന്നു വിൽസന്റെ തുടർന്നുള്ള ജീവിതം. കോളേജ് ടൂർണമെന്റുകളിലെല്ലാം എതിരാളികളെ നിഷ്പ്രഭമാക്കിയ പ്രകടനങ്ങൾ. ദിവസം കുറഞ്ഞത് എട്ടു മണിക്കൂർ നീണ്ട പരിശീലനം. ബില്യാർഡ്സ് എന്ന ഗെയിം ഒരു തപസ്യയാക്കുകയിരുന്നു വിൽസൺ.
സ്വാതന്ത്ര്യത്തിനു ശേഷം ദേശീയതലത്തിൽ മത്സരിക്കാൻ തുടങ്ങിയ വിൽസൺ 1950ൽ തന്റെ ആദ്യ ദേശീയ കിരീടം സ്വന്തമാക്കി. തൊട്ടടുത്ത വർഷം ലോക ബില്യാർഡ്സ് ടൂര്ണമെന്റായ ആർതർ വാക്കർ ട്രോഫിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിൽസൻ ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായി. ഇംഗ്ലീഷ്, ഓസ്ട്രേലിയൻ താരങ്ങൾ കുത്തകയാക്കി വച്ചിരുന്ന ആ ലോകകിരീടം സ്വന്തമാക്കുകയെന്നത് ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. പക്ഷെ തോൽവി ചവിട്ടുപടിയാക്കിയ വിൽസൺ ഏഴു വർഷങ്ങൾക്കു ശേഷം 1958ൽ കൽക്കട്ടയിൽ വച്ചു നടന്ന ടൂർണമെന്റിൽ ആ നേട്ടം സ്വന്തമാക്കി. ആർതർ വാക്കർ ട്രോഫിയിൽ മുത്തമിട്ട വിൽസൺ അങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ലോകകപ്പ് ജേതാവായി.
ദേശീയ തലത്തിൽ വിൽസൺ എതിരാളികളില്ലാതെയാണ് മുന്നേറിയത് ഒരു വ്യാഴവട്ടക്കാലം ബില്യാർഡ്സ് ദേശീയ കിരീടം തന്റെ മാത്രം കുത്തകയാക്കിവച്ച വിൽസൺ ഈ കാലയളവിൽ അഞ്ചു സ്നൂക്കർ കിരീടങ്ങളും സ്വന്തമാക്കി. എണ്ണിയാലൊടുങ്ങാത്ത അമച്വർ കിരീടങ്ങളും അദ്ദേഹത്തിന്റെ ഷെൽഫിനെ അലങ്കരിക്കുന്നുണ്ട്. 1964 ൽ ന്യൂസീലൻഡിൽ വച്ചു രണ്ടാമതും ലോകചാമ്പ്യനായ വിൽസണെ രാജ്യം 1963ൽ അർജുന അവാർഡും 1965ൽ പദ്മശ്രീ അവാർഡും നൽകി ആദരിച്ചു.
1967ൽ ലോകചാമ്പ്യനായിരിക്കെ മത്സരരംഗത്തു നിന്നും വിരമിച്ച അദ്ദേഹം പിന്നീട് മുഴുവൻ സമയ പരിശീലകനായി. ഒട്ടേറെ മികച്ച കളിക്കാരെ വാർത്തെടുത്ത അദ്ദേഹം തന്റെ ശിഷ്യന്മാരായ “ഗീത് സേഥി”,”അശോക് ശാണ്ഡില്യ” എന്നിവരിലൂടെ ബില്യാർഡ്സ് ലോകകിരീടം വീണ്ടും ഇന്ത്യയിലെത്തിച്ചു. നിസ്വാർത്ഥനായ ആ ഗുരുനാഥനു രാജ്യം 1996ൽ ദ്രോണാചാര്യ പുരസ്കാരം നൽകി ബഹുമാനിക്കുകയുണ്ടായി. 2003 ഒക്ടോബർ 5 ന് ഹൃദയാഘാതം മൂലം അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
ലോകകായിക ഭൂപടത്തിൽ ഇന്ത്യയുടെ പേരേഴുതിചേർത്തവരിൽ പ്രധാനിയാണ് വിൽസൺ ജോൺസ്. അദ്ദേഹത്തിന്റെ സംഭാവനകൾ ഓരോ കായികപ്രേമിയിലും അഭിമാനം ജനിപ്പിക്കുമെന്ന കാര്യത്തിൽ സംശയമേതുമില്ല. ലോക ബില്യാർഡ്സ് രംഗത്തു നമ്മുടെ നാടിന്റെ യശ്സ് വാനോളമുയർത്തിയ ആ മഹാന്റെ ഓർമ്മക്ക് മുന്നിൽ ഒരു നിമിഷം ശിരസ്സു നമിക്കാം.
A proud salute to the first world champion of indipendant India…






































