ദേശീയ ജൂനിയർ അത്‌ലറ്റ് മീറ്റിൽ ഉണർന്ന് കേരളം
ഗുണ്ടൂർ: അഞ്ച് സ്വർണമടങ്ങുന്ന പത്ത് മെഡലുകളുമായി കേരളം ദേശീയ അത്‌ലറ്റ് മീറ്റിൽ ഉണർന്നു. ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാംദിനം 105 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്തെത്തി. നിലവിലെ ചാമ്പ്യൻമാരായ ഹരിയാന 173 പോയിന്റുമായി മുന്നിൽത്തന്നെയാണ്. തമിഴ‌്നാട‌്
114 പോയിന്റുമായി രണ്ടാമതുണ്ട‌്. രണ്ടാംദിനം നാല് ദേശീയ റെക്കോഡുകളും അഞ്ച് മീറ്റ് റെക്കോഡുമുണ്ടായി.
ഇരുപത‌് വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ പോൾവോൾട്ടിൽ ക്യാപ‌്റ്റൻ നിവ്യ ആന്റണി 3.75 മീറ്റർ ചാടി ദേശീയ റെക്കോർഡ് സ്വന്തമാക്കി. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ മീര ഷിബു (1.65 മീറ്റർ) സ്വർണമണിഞ്ഞു. ഹൈജമ്പിൽ എം ജിഷ്‌ണ 1.77 മീറ്ററിൽ മീറ്റ് റെക്കോഡ് പുതുക്കി.400 മീറ്ററിൽ സി ആർ അബ‌്ദുൽ റസാഖും അണ്ടർ 16 പെന്റാത‌്‌ലണിൽ കൊല്ലം സായിയിലെ തൗഫിഖ‌് നൗഷാദും സ്വർണപ്പട്ടികയിൽ ഇടം നേടി.
ബ്ലെസി കുഞ്ഞുമോൻ (3.15 മീറ്റർ) വെങ്കലം നേടി. 18 വയസ്സിനു താഴെയുള്ളവരുടെ പോൾവോൾട്ടിൽ ആരതി എ നായർ (3 മീറ്റർ) വെങ്കലവും നേടി.
ജിഷ‌്ണയും മീരയും ഹൈജമ്പിൽ പ്രതീക്ഷ കാത്തു. കല്ലടി എംഇഎസ‌് കോളേജ‌് ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിയായ ജിഷ‌്ണ 2018ൽ റാഞ്ചിയിൽ എം ആർ രേഖ സ്ഥാപിച്ച 1.75ന്റെ റെക്കോഡ് മറികടന്നു. 1.65 മീറ്റർ ചാടിയാണ‌് 18 വയസ്സിന‌് താഴെയുള്ളവരിൽ മീര സ്വർണം നേടിയത്. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ‌്കൂൾ പ്ലസ്‌ടു വിദ്യാർഥിയാണ‌് മീര.
അണ്ടർ 18 വിഭാഗം 400 മീറ്ററിൽ മാത്തൂർ സിഎഫ‌്ഡി സ‌്കൂൾ പ്ലസ‌്‌വൺ വിദ്യാർഥി അബ‌്ദുൽ റസാഖ‌് മികച്ച വ്യക്തിഗത സമയം കുറിച്ചാണ‌് ഒന്നാമതെത്തിയത‌്. 47.90 സെക്കൻഡിൽ ഏഷ്യൻ യൂത്ത‌് ചാമ്പ്യൻ ദൂരം പൂർത്തിയാക്കുകയായിരുന്നു. പെൺകുട്ടികളിൽ മേഴ‌്സിക്കുട്ടൻ അക്കാദമിയിലെ ഗൗരിനന്ദന വെള്ളി (55.59) നേടി. അണ്ടർ 16ൽ ഉഷാ സ‌്കൂളിലെ വി പ്രതിഭ (59.08) വെങ്കലവും സ്വന്തമാക്കി.
പെന്റാത‌്‌ലണിൽ ഒറ്റ പോയിന്റ‌് വ്യത്യാസത്തിലാണ‌് കൊല്ലം സായിയിലെ തൗഫിഖ‌് സ്വർണമണിഞ്ഞത്. ആകെ 2201 പോയിന്റ‌്.






































