ഗോമസിനായി പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം
പരിക്കുകൾ കളിക്കാരന്റെ കൂടെപ്പിറപ്പാണ്. പലപ്പോഴും കളിയിലെ ആവേശം മുറുകുമ്പോൾ രംഗബോധമില്ലാത്ത കോമാളിയായി പരിക്കുമെത്തും. എത്ര മികച്ച കളിക്കാരനാണെങ്കിലും ചില പരിക്കുകൾ അവന്റെ കരിയറിനു തന്നെ വഴിത്തിരിവായി മാറും.
ഫുട്ബോൾ ലോകത്തും ഇത്തരം പരുക്കുകൾ സാധാരണം തന്നെ. പന്തിനായുള്ള പോരാട്ടം മൂർച്ഛിക്കുമ്പോൾ പലപ്പോഴും അതു കായികമായ ശക്തി പരീക്ഷണം കൂടിയാകുന്നു. രണ്ടു ടീമുകളും വിജയത്തിനു കൂടുതൽ പ്രാധാന്യം നൽകുമ്പോൾ പലപ്പോഴും പരിക്കുകൾ സൃഷ്ടിക്കപ്പെടുന്നു. അത്തരമൊരു പരിക്കിനാണ് ഇന്നലെ ഫുട്ബോൾ ലോകം സാക്ഷിയായത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനും ടോട്ടൻഹാം ഹോട്സ്പറും തമ്മിലുള്ള മത്സരത്തിലായിരുന്നു കാണികളിൽ നടുക്കം സമ്മാനിച്ച ആ നിമിഷം കടന്നു വന്നത്. ടോട്ടൻഹാം ഒരു ഗോളിനു മുന്നിട്ടു നിന്ന മത്സരത്തിൽ ഒപ്പമെത്താനുള്ള എവർട്ടന്റെ തീവ്ര ശ്രമങ്ങൾക്കിടെയാണ് അതു സംഭവിച്ചത്. മത്സരത്തിന്റെ എഴുപത്തിയെട്ടാം മിനുട്ടിൽ പന്തുമായി കുതിച്ച എവർട്ടന്റെ പോർട്ടുഗീസ് താരം ആന്ദ്രേ ഗോമസിനെ ടോട്ടനത്തിന്റെ കൊറിയൻ മിഡ് ഫീൽഡർ സോൺ-ഹുയാൻ -മിൻ ഫൗൾ ചെയ്തു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റു ഗോമസ് നിലത്തു വീഴുമ്പോൾ തന്നെ ഫൗൾ ചെയ്ത സണ്ണിന്റെ മുഖഭാവത്തുനിന്നും അതിന്റെ തീവ്രത വായിച്ചെടുക്കാമായിരുന്നു. കഠിന വേദനയിൽ പുളയുന്ന ഗോമസിന്റെ വേദന കണ്ടു നിൽകാനാകാതെ കണ്ണുകൾ പൊത്തുന്ന സണ്ണിന്റെയും സഹതാരങ്ങളുടെയും കാഴ്ച ഒരു സങ്കടകാഴ്ചയായി.
താൻ ചെയ്ത തെറ്റിന്റെ ഭീകരത എത്രമാത്രമുണ്ടെന്നു സണ്ണിനു ബോധ്യമായിരുന്നു. വിതുമ്പിക്കൊണ്ടാണ് അയാൾ റഫറിയുടെ ചുവപ്പുകാർഡ് ശിക്ഷ സ്വീകരിച്ചു കളിക്കളം വിട്ടത്. എതിർ ടീമിലെ കളിക്കാരനു വേണ്ടി ഗ്രൗണ്ടിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ടോട്ടനം താരമായ ഓറിയർ ഒരു നൊമ്പരക്കാഴ്ചയായി. ഇതുകാരണം പന്ത്രണ്ടു മിനിറ്റുകൾ അധികമായി കൂട്ടിച്ചേർക്കപ്പെട്ട മത്സരത്തിൽ ഇരു ടീമുകളും 1-1 സമനിലയിൽ പിരിഞ്ഞു. പക്ഷേ ഗോമസിനു സംഭവിച്ച പരിക്കിൽ ദുഖിതരായി മത്സരം തുടരാൻ ബുദ്ധിമുട്ടുന്ന കളിക്കാരെയാണ് പിന്നീടു കാണുവാൻ സാധിച്ചത്.
ഗോമസിനേറ്റ പരിക്ക് സാരമുള്ളതും ചിലപ്പോൾ കരിയറിനു തന്നെ ദോഷകരമാകുന്നതുമാകാമെന്നാണ് ആദ്യ നിഗമനങ്ങൾ. പക്ഷേ ഫുട്ബോൾ ലോകത്തിന്റെ പിന്തുണയും പ്രാർത്ഥനയും ഗോമസിനൊപ്പമുണ്ട്. ഈ സമയവും കടന്നുപോകും. നിങ്ങൾ തിരികെ വരും ഗോമസ്, ലോകത്തിൽ ഏറ്റവും സുന്ദരമായ ഗെയിം ഫുട്ബോൾ ആണെന്നതിന്റെ ഉദാഹരണമായി.






































