പ്രതീക്ഷയുണർത്തുന്ന ചെൽസി
പ്രതീക്ഷകൾ വർധിപ്പിക്കുകയാണ് പ്രീമിയർ ലീഗിൽ ചെൽസിയുടെ പ്രകടനം. സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ കൂടുമാറ്റവും അതിനൊപ്പം കിട്ടിയ സീസണിലെ ട്രാൻസ്ഫർ ബാനും ചേർന്നു നൽകിയ പ്രഹരം 2019-20 സീസണിൽ ടീമിനെ റെലഗേഷൻ സോണിൽ എത്തിക്കും എന്നുവരെ വിമർശിക്കാൻ പല പ്രീമിയർ ലീഗ് നിരൂപകരെയും പ്രേരിപ്പിച്ചു. പക്ഷേ നീലക്കുപ്പായക്കാർ തിരിച്ചു വരികയാണ്. പല വമ്പന്മാരും വീണുപോയ രാവിലും ചെൽസിയുടെ യുവനിര അവരുടെ കുതിപ്പു തുടരുകയാണ്.
ഒന്നിലേറെ കാര്യങ്ങൾ ഒരുപോലെ അനുകൂലമായി വന്നു ഭവിച്ചതിന്റെ ഫലമാണ് ചെൽസിയുടെ ഈ കുതിപ്പ്. ട്രാൻസ്ഫർ ബാൻ ലഭിച്ചതോടെ ഒന്നിലധികം യുവതാരങ്ങളെ ഒരുമിച്ചു കളിപ്പിക്കാൻ മാനേജ്മെന്റ് നിർബന്ധിതരായി. ഒരു പക്ഷേ അടുത്തിടെയൊന്നും ടീമിൽ ഇടം നേടാൻ സാധ്യതയില്ലാതിരുന്ന അല്ലെങ്കിൽ മറ്റേതെങ്കിലും ലീഗുകളിൽ ലോൺ അടിസ്ഥാനത്തിൽ പോകുമായിരുന്ന ഒരു കൂട്ടം അക്കാദമി താരങ്ങൾ. അവരുടെ കരുത്തിലാണ് ചെൽസിയുടെ കുതിപ്പ്. ടീമിന്റെ ടോപ് സ്കോററായി കുതിക്കുന്ന ടോമി എബ്രഹാം, മേസൺ മൗണ്ട്, റീസ് ജെയിംസ്, കല്ലം ഹഡ്സൺ ഒഡോയ്, സൂമ, തമോറി എന്നിങ്ങനെ നീളുന്ന യുവനിരയോടൊപ്പം സീസണിൽ ചെൽസിയിലെത്തിയ ക്രിസ്ത്യൻ പുലിസിച്ചും ലോൺ റദ്ദാക്കി ടീമിലെത്തിയ മിക്കി ബാറ്റിഷുയിയുമൊക്കെ ടീമിന്റെ അവിഭാജ്യ ഘടകങ്ങൾ ആവുകയാണ്. ഹസാർഡിന്റെ അഭാവത്തിൽ ടീമിനെ മുന്നോട്ടു നയിക്കുമെന്ന് പ്രതീക്ഷിച്ച കാന്റെയുടെ പരിക്ക് ചെൽസിയെ ബാധിക്കാതെ സൂക്ഷിക്കാൻ ഈ യുവനിരയ്ക്കു ഇതുവരെ സാധിച്ചു.
ഒരിക്കൽ വളരെയധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരു ട്രാൻസ്ഫറായിരുന്നു കോവാസിച്ചിന്റെത്. പക്ഷേ അയാളായിരുന്നു ഇന്നലെ നടന്ന മത്സരത്തിൽ ടീമിന്റെ നട്ടെല്ല്. പാസ്സുകളിലും ടച്ചുകളിലും എല്ലാം പൂർണത നിറഞ്ഞ ഇന്നലത്തെ പ്രകടനം തന്റെ വിമർശകർക്കു ക്രൊയേഷ്യൻ താരം നൽകുന്ന മറുപടിയാണ്. കെപ അറിസബാലാ എന്ന ഗോൾകീപ്പറായിരുന്നു ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു താരം. കഴിഞ്ഞ സീസണിൽ കോച്ചുമായുണ്ടായ ഒരഭിപ്രായവ്യത്യാസം വിമർശനങ്ങൾ മാത്രമല്ല പരിഹാസവും വിളിച്ചു വരുത്തി. പക്ഷേ ഇന്നലെ നടന്ന മത്സരത്തിൽ അവസാന നിമിഷം അയാൾ നടത്തിയ സേവ്. ഒരു നിമിഷം അയാളുടെ കൈകൾ രക്ഷക്കെത്തിയില്ലായിരുന്നുവെങ്കിൽ തൊണ്ണൂറു മിനുട്ടും കളത്തിൽ കാഴ്ചവെച്ച മേധാവിത്വം ചെൽസിയ്ക്കു ഉപകാരപ്രദമാകാതെ പോയേനെ. നായകൻ അസ്പിലികുവെറ്റ നേതൃത്വം നൽകുന്ന പ്രതിരോധം അൽപം കൂടി ഒത്തിണക്കം കളത്തിൽ കാട്ടേണ്ടതുണ്ട്.
ഫ്രാങ്ക് ലാംപാർഡ് എന്ന മനുഷ്യനെപ്പറ്റി പറയാതെ എങ്ങനെ ഈ ലേഖനം പൂർണമാകും?. ഒരുപക്ഷെ പേരുകേട്ട ഒരു പരിശീലകനും ഇത്തരമൊരു യുവനിരയെ ഇത്രയും ഭംഗിയായി നയിക്കാൻ കഴിയുകയില്ല. ഒന്നും നഷ്ടപ്പെടാനില്ലെന്നും നാം നേടുന്ന ഓരോ വിജയവും ഭാവിയിലേക്കുള്ള ചുവടുവെയ്പുകളാണെന്നും ടീമിനെ പറഞ്ഞു വിശ്വസിപ്പിച്ച ലാംപാർഡ് എന്ന പരിശീലകൻ ചെൽസിയുടെ വിജയങ്ങളിൽ പ്രധാന കരണമാവുകയാണ്.
തീർച്ചയായും ഇതൊരു സമ്പൂർണ വിജയമല്ല. ഈ ടീമിന് ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്. എങ്കിലും ലാംപാർഡും സംഘവും ചെൽസി ആരാധകരുടെ പ്രതീക്ഷകൾക്ക് നിറം പകരുകയാണ്. ഓരോ മത്സരം കഴിയുമ്പോഴും.






































