Cricket Editorial legends Top News

കാഴ്ചക്കപ്പുറത്തെ ക്യാപ്റ്റൻ കൂൾ

November 1, 2019

author:

കാഴ്ചക്കപ്പുറത്തെ ക്യാപ്റ്റൻ കൂൾ

ക്രിക്കറ്റ്‌ ഇന്ത്യയുടെ വികാരമാണ്, നമ്മുടെ മനസ്സിൽ മറ്റേതൊരു ഗെയിമിനെക്കാളും ആഴത്തിൽ വേരുറപ്പിക്കാൻ ക്രിക്കറ്റിനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രിക്കറ്റിൽ ഇന്ത്യ നേടിയ ഓരോ വിജയങ്ങളും നാം ഉത്സവമാക്കി. താരങ്ങൾ നമുക്കിടയിൽ സൂപ്പർ ഹീറോകളായി വിരാജിച്ചു, പണവും പ്രശസ്തിയും അവരെ തേടിയെത്തി. ഇന്ത്യയ്ക്കുവേണ്ടി ക്രിക്കറ്റിൽ ഒരുപാടു നേട്ടങ്ങൾ കൈവരിച്ച ഒരു താരത്തിന്റെ കഥ നമുക്കൊന്ന് കേട്ടാലോ ?.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ വെടിക്കെട്ടു ബാറ്സ്മാനായി വന്ന ഒരു വിക്കെറ്റ് കീപ്പർ വളരെ പെട്ടന്നു തന്നെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി അരങ്ങേറിയ ടി20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഏകദിനത്തിലെ ലോകകിരീടവും സ്വന്തമാക്കി ഏറ്റവും മികച്ച നായകനെന്നു പേരെടുത്തു.

എന്താണ് മാഷേ കേട്ടു മനഃപാഠമായ ഈ കഥ പിന്നേം പറയുന്നേ ?, എന്നു മനസ്സിൽ ചിന്തിച്ചു പോകുന്നുണ്ടോ ?. ക്ഷമിക്കണം, ഞാൻ പറയുന്നത് മഹേന്ദ്രസിംഗ് ധോണി എന്ന നായകനെകുറിച്ചല്ല, മറ്റൊരു വ്യക്തിയെകുറിച്ചാണ്. “ലക്ഷ്മൺ ശേഖർ നായിക് ” എന്ന കാഴ്ച്ചയില്ലാത്തവരുടെ ഇന്ത്യൻ ടീമിന്റെ നായകനെകുറിച്ച്.

ജന്മനാ അന്ധകാരത്തിന്റെ ലോകത്തായിരുന്ന ശേഖറിന്റെ ജീവിതം ഭാഗ്യ നിർഭാഗ്യങ്ങളുടെ ഒരു കളിയരങ്ങായിരുന്നു. കർണാടകയിലെ ഷിമോഗ എന്ന സ്ഥലത്തു ജനിച്ച ശേഖറിന്റെ കുടുംബത്തിൽ അദ്ദേഹത്തിന്റെ അമ്മയടക്കം പതിനാലു ബന്ധുക്കൾ ജന്മനാ അന്ധരായിരുന്നു. തന്റെ വൈകല്യം മൂലം പഠനത്തിൽ മുന്നേറാനൊ മറ്റു കുട്ടികളുടെ കൂടെ കളിക്കുവാനോ അവനു കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം നടക്കുന്നതിനിടെ നദിക്കരയിൽ വീണ ശേഖറിനു സാരമായ പറിക്കു പറ്റി. ആശുപത്രിയിൽ അവന്റെ തലയുടെ സ്കാൻ റിപ്പോര്ട്ട് പരിശോധിച്ച ഡോക്ടർമാർ ഒരു ശുഭവാർത്ത നൽകി, ഒരു മേജർ സർജറി ചെയ്താൽ അവന്റെ കണ്ണുകൾക്ക്‌ വെളിച്ചം ലഭിക്കാൻ സാധ്യത കാണുന്നുണ്ട്. അങ്ങനെ ശസ്ത്രക്രിയ മൂലം ശേഖറിന്റെ വലതു കണ്ണിന് 50 ശതമാനം കാഴ്ച ലഭിച്ചു.

ഭാഗികമായെന്കിലും സാധാരണ ജീവിതത്തിലേക്കു വന്ന അവൻ മറ്റു കുട്ടികളെപ്പോലെ കളിച്ചു വളരാൻ തുടങ്ങി. ക്രിക്കറ്റിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ കാലത്ത അച്ഛന്റെ മരണത്തിന്റെ രൂപത്തിൽ വിധി വീണ്ടും ശേഖറിനെ പരീക്ഷിച്ചു. എങ്കിലും മകൻ ജീവിതത്തിൽ വിജയിച്ചു വരുന്ന ഒരു ദിനം സ്വപ്നം കണ്ട ശേഖറിന്റെ അമ്മ അവനെ അന്ധത ബാധിച്ച കുട്ടികൾക്കായുള്ള പ്രത്യേക വിദ്യാലയതിലയച്ചു പഠിപ്പിച്ചു. പക്ഷെ വെറും പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ളപ്പോൾ ശേഖർ തീർത്തും അനാഥനായി. കളിച്ചുനടക്കേണ്ട കാലത്തു പണിയെടുത്തു കുടുംബം പോറ്റെണ്ടി വന്നു ആ ബാലന്. എങ്കിലും അവൻ മറ്റു കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാൻ സമയം കണ്ടെത്തി. കാരണം ക്രിക്കറ്റ് ബാറ്റ് അവന്റെ ശരീരത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞിരുന്നു.

കുട്ടിക്കാലത്തുതന്നെ ശേഖറിന്റെ ബാറ്റിംഗ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഒരു കണ്ണിനു മാത്രം കാഴ്ചയുമായി ഇന്ത്യൻ ടീമിന്റെ നായകപദവി പോലും അലങ്കരിച്ച “ടൈഗർ പടൗദി” എന്ന് മഹാന്റെ ജീവിതം പ്രചോദനമാക്കിയ അവൻ കർണാടക സംസ്ഥാന ടീമിൽ പ്രവേശനം നേടി. ക്രിക്കറ്റചരിത്രത്തിന്റെ തന്നെ ഭാഗമാകാനുള്ള അവന്റെ പ്രയാണത്തെ തടയാൻ ഒരു വൈകല്യത്തിനും കഴിയുമായിരുന്നില്ല. 2002ൽ ആദ്യമായി ദേശീയ ടീമിലെത്തിയ ശേഖർ 2006ൽ നടന്ന ലോകകപ്പിൽ ടൂർണമെന്റിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു.

തുടർച്ചയായുള്ള മികച്ച പ്രകടനങ്ങൾ ശേഖറിനെ 2012ൽ നടന്ന അന്ധർക്കായുള്ള പ്രഥമ ടി20 ലേകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നായകനാക്കി. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 58 പന്തിൽ നിന്നും 126 റണ്ണുകൾ നേടിയ ശേഖറിന്റെ മികവിൽ ഇന്ത്യൻ ടീം ടൂർണമെന്റ് ചാമ്പ്യൻമാരായി. രണ്ടു വർഷങ്ങൾക്കു ശേഷം സൗത്ത് ആഫ്രിക്കയിൽ വച്ചു നടന്ന ഏകദിന ലോകകപ്പിലും ശേഖറിന്റെ ടീം കിരീടം നേടി.

ഇന്ത്യൻ കായികമന്ത്രാലയത്തിനും ശേഖറിന്റെ നേട്ടങ്ങളെ അവഗണിക്കാനാകുമായിരുന്നില്ല. 2017 ൽ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോടൊപ്പം രാഷ്ട്രപതിയിൽ നിന്നും ശേഖർ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾ ആദരിക്കപ്പെട്ടത് ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ്‌ കൂടിയായിരുന്നു. പദ്മ പുരസ്‌കാരത്തിന് അര്ഹനാകുന്ന ആദ്യ ബ്ലൈൻഡ് ക്രിക്കറ്റ്‌ താരവും ശേഖർ തന്നെയാണ്.

അന്ധരുടെ ക്രിക്കറ്റിനെക്കുറിച്ചു രണ്ടു വാക്ക്, കാഴ്ചശക്തിക്കു കുറവു ബാധിച്ചവരെ ഉൾപ്പെടുത്തി 1922ൽ ആണ് ആദ്യമായി ഒരു ക്രിക്കറ്റ്‌ മാച്ച് സംഘടിപ്പിച്ചത്. 1998ൽ ഇന്ത്യയിൽ ആണ് ഈ വിഭാഗത്തിലെ പ്രഥമ ലോകകപ്പ് അരങ്ങേറിയത്. ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ആദ്യ കപ്പിൽ മുത്തമിട്ടു. 2014ലും 2018ലും ഇന്ത്യ ഈ വിഭാഗത്തിൽ ഏകദിനത്തിലും 2012ലും,17ലും ടി20യിലും ലോകകിരീടം നേടിയിട്ടുണ്ട്. പൂർണമായും അന്ധത ബാധിച്ച 4 പേർ, ഭാഗികമായി അന്ധത ബാധിച്ച 3 പേർ, ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള 4 പേർ എന്നിവരടങ്ങുന്നതാണ് ഒരു ടീം. പന്തുകളും, വിക്കറ്റും അന്ധത ബാധിച്ചവർക്കായി പ്രത്യേകം രൂപപ്പെടുത്തിയവയാണ്. പൂർണമായും അന്ധത ബാധിച്ച കളിക്കാർക്ക് മാത്രമായി ചില ആനുകൂല്യങ്ങളും നിയമത്തിലുണ്ട്. World Blind Cricket Counsil (WBCC) ആണ് ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന സംഘടന. WBCC യിൽ സ്ഥിരാംഗമാണ് എങ്കിലും കായികമന്ത്രാലയത്തിന്റെ കീഴിലല്ല ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം പ്രവർത്തിക്കുന്നത്. “സമര്ഥനം ട്രസ്റ്റ്‌” എന്ന ഒരു സന്നദ്ധ സേവാ സംഘടനയുടെ കീഴിലുള്ള Cricket Association for Blinds in India (CABI) ആണ് ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റിനെ സംരക്ഷിക്കുന്നത്.

ബ്ലൈൻഡ് ക്രിക്കറ്റിന്റെ കാര്യത്തിൽ ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ വാക്കുകളോട് നമുക്കു നീതി പുലർതാൻ കഴിഞ്ഞിട്ടില്ല. ക്രിക്കറ്റ്‌ ഒരു മതമായി മാറിയ ഇന്ത്യയിൽ ശേഖറിനെപ്പോലെ കൂരിരുൾ നിറഞ്ഞ ലോകത്തുനിന്നും മത്സരങ്ങളുടെ, വിജയങ്ങളുടെ വെളിച്ചത്തിലേക്കു നടക്കാൻ ഒരു കൈത്താങ്ങ് ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. അവരുടെ പ്രതിഭക്കും പ്രകടനങ്ങൾക്കും മുന്നിൽ നമ്മുടെ കായിക ഭരണാധികാരികളുടെ കണ്ണുകൾ തുറക്കട്ടെ…

Leave a comment