Editorial Foot Ball Top News

എമിലിയാനോ സാല; ഓർമയിൽ വിരിയുന്ന കണ്ണീർപ്പൂവ്

October 31, 2019

author:

എമിലിയാനോ സാല; ഓർമയിൽ വിരിയുന്ന കണ്ണീർപ്പൂവ്

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ജൻമദിനമായിരിക്കണം എമിലിയാനോ സാല ഇന്നാഘോഷിച്ചിരിക്കുക. പക്ഷേ കരിയറിലെ ഏറ്റവും മികച്ച ട്രാൻസ്ഫറിന്റെ മധുരം ആഘോഷിക്കുന്നതിനു മുന്നേ ഇംഗ്ലീഷ് ചാനലിന്റെ ആഴങ്ങളിലേക്കവൻ മാഞ്ഞുപോയി. കാൽപന്തുകളിയെ സ്നേഹിക്കുന്ന എല്ലാ ഹൃദയങ്ങളിലും ഒരു ചെറു കണ്ണുനീർ തുള്ളി ബാക്കിയാക്കി അവൻ ഒരോർമയായി മാറി.

കാർഡിഫ് സിറ്റിയെന്ന ഇംഗ്ലീഷ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് അവർ ഫ്രഞ്ച് ക്ലബ്ബായ നാന്റെസിൽ നിന്നും സാലയെ ടീമിലെത്തിച്ചത്. തീർച്ചയായും അതവന്റെ കഴിവിനുള്ള പ്രതിഫലം തന്നെയായിരുന്നു. മൂന്നു വർഷത്തിനിടെ നാന്റെസിനു വേണ്ടി നാൽപത്തിയൊന്ന് ഗോളുകൾ അവൻ സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗിൽ റെലഗേഷൻ സോണിൽ നിന്നിരുന്ന കാർഡിഫിന് മുന്നോട്ടുള്ള യാത്രയിൽ സാലയുടെ കാലുകൾ കരുത്തേകുമെന്ന് ക്ലബ്‌ വിശ്വസിച്ചിരുന്നിരിക്കണം. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ ഒറ്റ എഞ്ചിൻ പൈപ്പർ മാലിബു ഫ്ലൈറ്റിൽ പൈലറ്റായിരുന്ന ഇബോട്സണുമൊത്ത കാർഡിഫിലേക്കുള്ള യാത്രയിൽ അവൻ ഇംഗ്ലീഷ് ചാനലിന്റെ ആഴങ്ങളിലേക്ക് എറിയപ്പെട്ടു. തന്റെ സ്വപ്‌നങ്ങൾ ബാക്കിയാക്കി അവൻ യാത്രയായി, തിരിച്ചുവരവില്ലാത്ത ഒരു ലോകത്തിലേക്ക്.

ഫുട്ബോൾ ലോകത്തു ഞെട്ടലുണ്ടാക്കിയ ഒരു വാർത്തയായിരുന്നു സാലയുടെ തിരോധാനം. ഇംഗ്ലീഷ് ചാനലിലെ നാലായിരത്തോളം കിലോമീറ്ററുകൾ തിരച്ചിൽ നടത്തിയെങ്കിലും അവന്റെ മൃതദേഹം കണ്ടെടുക്കാൻ സാധിക്കാതിരുന്നതോടെ ഏതെങ്കിലുമൊരു തുരുത്തിൽ അവൻ ജീവനോടെയുണ്ടാകുമെന്ന് ലോകം വിശ്വസിച്ചു. ഇംഗ്ലീഷ് ചാനലിനു മുകളിലൂടെ താഴ്ന്നു പറക്കുന്ന ഏതെങ്കിലുമൊരു വിമാനത്തിൽ അവന്റെ മുഖം പതിയുമെന്നു കരുതി അവർ കാത്തിരുന്നു. തിരിച്ചുവരുന്ന അവനെ സ്വീകരിക്കാനായി അവന്റെ കൊച്ചു കുടുംബം പ്രതീക്ഷയോടെ കാത്തിരുന്നു. ദിവസങ്ങളോളം സമുദ്രത്തിൽ കഴിച്ചുകൂട്ടി ജീവിതത്തിലേക്കു തിരിച്ചുവന്ന പലരുടെയും കഥകൾ അവർക്കു കൂട്ടായുണ്ടായിരുന്നു. കാർഡിഫ് സിറ്റിയ്ക്കു വേണ്ടി ഗോളുകൾ നേടുന്ന സാലയെ അഭിനന്ദിക്കുവാനായി അവരുടെ നാവുകൾ കാത്തിരുന്നു.

പക്ഷേ ആ കാത്തിരിപ്പിന്റെ അവസാനം ബാക്കിയായത് എമിലിയാനോ സാല എന്ന അർജെന്റിൻ ഫുട്ബോളറുടെ മൃതദേഹമായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അവന്റെ ശരീരം കരയ്‌ക്കെത്തിക്കുമ്പോൾ അവന്റെ കുടുംബം മാത്രമല്ല ലോകം മുഴുവൻ വിതുമ്പി. കാരണം അസ്തമിച്ചത് അവരുടെ കൂടി പ്രതീക്ഷകളായിരുന്നു. നന്റെസിന്റെയും കാർഡിഫ് സിറ്റിയുടെയും മുന്നിൽ നിറഞ്ഞ കണ്ണീർപൂവുകൾ അതിന്റെ തെളിവായിരുന്നു. ഫുട്ബോൾ ലോകം അവന്റെ തിരിച്ചുവരവ് എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന്റെ നേർസാക്ഷ്യമായിരുന്നു അത്. ഇറാനിയൻ വനിതകളുടെ പ്രതിഷേധത്തിന്റെ തീജ്വാലയായി മാറിയ സെഹർ ഖോദയാരിയെപ്പോലെ, ഒരു സെൽഫ് ഗോളിന്റെ പിഴവിൽ ഓർമയായ ആന്ദ്രേ എസ്കോബാറിനെപ്പോലെ എന്നും ഫുട്ബോൾ ലോകത്തിനു മുന്നിൽ വിതുമ്പുന്ന ഓർമയായി എമിലിയാനോ സാലയും നിലനിൽക്കും. കാൽപന്തുരുളുന്ന കാലത്തോളം…

Leave a comment