ഗാമ ഫയൽവാൻ; അവിശ്വസനീയമായ യാഥാർഥ്യം
ഗുജറാത്തിലെ സ്യാജിബാഗിലുള്ള ബറോഡ മ്യൂസിയത്തിനു മുന്നിൽ ഒരു കല്ലു സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.
“ഈ കല്ല് 1902 ഡിസംബർ 23ആം തീയതി ശ്രീ “ഗുലാം മുഹമ്മദ്” ഉയർത്തിയതാണ്”. അതിനു താഴെ എഴുതിയിരിക്കുന്ന കല്ലിന്റെ ഭാരമായ 1200 കിലോഗ്രാം എന്നതിൽ മിഴികളുടക്കുമ്പോൾ ബാഹുബലി എന്ന ചിത്രത്തിലെ രംഗത്തിലേക്ക് നമ്മുടെ ഓർമ്മകൾ സഞ്ചരിച്ചാൽ അദ്‌ഭുതപ്പെടാനില്ല. ഇതു കാണുന്ന പുതുതലമുറയ്ക്ക് മാത്രമല്ല പഴയ കാലത്തിനും ഒരു വിസ്മയമായിരുന്നു ഗുലാം മുഹമ്മദ് ബക്ഷ് എന്ന നമ്മുടെ സ്വന്തം ഗാമാ ഫയൽവാൻ.
1878 ൽ പഞ്ചാബിലെ അമൃതസറിലെ അറിയപ്പെടുന്ന ഫയൽവാനായിരുന്ന മുഹമ്മദ് അസീസ് ബക്ഷിന്റെ മകനായാണ് ഗുലാം ജനിച്ചത്. നന്നേ ചെറുപ്പത്തിൽ തന്നെ മുത്തച്ഛന്റെ അഖാദയിൽ പരിശീലനമാരംഭിച്ച ഗാമ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് നാനൂറോളം പേർ മത്സരിച്ച ഒരു യോഗാഭ്യാസമത്സരത്തിൽ ആദ്യ പതിനഞ്ചു പേരിലൊരാളായപ്പോഴാണ്. ഈ പ്രകടനത്തോടെ ദാത്യ മഹാരാജാവിന്റെ കീഴിൽ പരിശീലനം നടത്താനുള്ള അവസരമാണ് ഗാമയ്ക്കു കൈവന്നത്.
തന്റെ പതിനേഴാം വയസ്സിൽ അന്നത്തെ ദേശീയ ചാമ്പ്യനായ റഹീം ഭക്ഷ് സുൽത്താനുമായി സമനില പിടിച്ചു കളി തുടങ്ങിയ അദ്ദേഹം 1910നുള്ളിൽ റഹീമൊഴികെ ഇന്ത്യയിലെ എല്ലാ പേരുകേട്ട ഫയൽവാൻമാരെയും തോൽപിച്ചു കഴിഞ്ഞിരുന്നു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ലോക റെസ്ലിങ് ചാംപ്യൻഷിപ്പിനായി ഇംഗ്ലണ്ടിലേക്കു തിരിച്ച അദ്ദേഹത്തിനെ പക്ഷെ സംഘാടകർ ഉയരക്കുറവെന്ന കാരണം പറഞ്ഞു മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ല.
ഇതേതുടർന്ന് പൊതുവേദിയിൽ വച്ചു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ വേണ്ടി ഇംഗ്ലണ്ടിലെത്തിയ എല്ലാ ഫയൽവാൻമാരെയും ഗാമ വെല്ലുവിളിച്ചു. ആരെങ്കിലുമൊരാൾ തന്നെ തോൽപ്പിച്ചാൽ പ്രധാന മത്സരത്തിലെ സമ്മാനത്തുക താനും നൽകാമെന്നായിരുന്നു വെല്ലുവിളി. വെല്ലുവിളിയേറ്റെടുത്ത പന്ത്രണ്ടു ഫയൽവാൻമാരെയും മലർത്തിയടിച്ച ഗാമയെ ഒടുവിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ സംഘാടകർ അനുവദിക്കുകയായിരുന്നു.
എല്ലാ എതിരാളികളെയും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന പോരാട്ടങ്ങളിൽ തറപറ്റിച്ച ഗാമ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു.
ഫൈനലിൽ നിലവിലെ ചാമ്പ്യൻ പോളണ്ടിന്റെ സ്റ്റാനിസ്ലാവൂസ് സബിസ്‌യോയുമായിരുന്നു ഗാമയുടെ മത്സരം. ആദ്യ മിനുട്ടിൽ തന്നെ സബിസ്‌യോ നിലത്തു വീണുവെങ്കിലും പിന്നീടുള്ള രണ്ടു മണിക്കൂർ സമയം മാറ്റിൽ അള്ളിപ്പിടിച്ചു കിടന്നും മറ്റു കുതന്ത്രങ്ങൾ ഉപയോഗിച്ചും സബിസ്‌യോ മത്സരം സമനിലയിലാക്കി. ഇതേതുടർന്ന് അടുത്ത ദിവസം പുനർനിശ്ചയിക്കപ്പെട്ട മത്സരത്തിനു സബിസ്‌യോ പങ്കെടുക്കാതിരുന്നതോടെ ഗാമയെ ലോകചാമ്പ്യനായി പ്രഖ്യാപിച്ചു. പിന്നീടും ഗാമ ഇംഗ്ലണ്ടിലെ ഫയൽവാൻമാരെ വെല്ലുവിളിച്ചെങ്കിലും പരാജയഭീതിയാൽ ആരും ഗാമക്കെതിരെ മത്സരിച്ചില്ല. ഇരുപതോളം പ്രഗല്ഭ ഫയൽവാൻമാരെയാണ് ഗാമ ഇംഗ്ലണ്ടിൽവച്ചു പരാജയപ്പെടുത്തിയത്.
തിരികെ ഇന്ത്യയിലെത്തിയ ഗാമ തന്റെ അവസാന കടമ്പയായ റഹിമിനെയും തോൽപിച്ചു ഇന്ത്യൻ റെസ്ലിങ് ചാമ്പ്യൻ പദവിയും സ്വന്തമാക്കി. 1922 ൽ ഇന്ത്യ സന്ദർശിച്ച വെയിൽസ് രാജകുമാരൻ ഗാമയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് ഒരു കൂറ്റൻ വെള്ളിഗദ സമ്മാനിക്കുകയുണ്ടായി.
ലോകം കീഴടക്കിയ ഇന്ത്യൻ ഫയൽവാന്റെ പ്രശസ്തി ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു.
1928 ൽ സബിസ്‌യോ ഇന്ത്യയിലെത്തുകയും ഗാമയെ മല്ലയുദ്ധത്തിനു വെല്ലുവിളിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള മത്സരത്തിൽ ഗാമ സബിസ്‌യോയെ മലർത്തിയടിച്ചു ലോകചാമ്പ്യൻ പട്ടം അരക്കിട്ടുറപ്പിച്ചു. “ഇന്ത്യൻ കടുവ”എന്നായിരുന്നു മത്സരശേഷം സബിസ്‌യോ ഗാമയെ വിശേഷിപ്പിച്ചത്.
ഗാമയുടെ പ്രശസ്തി കേട്ടറിഞ്ഞ ഹൈദരാബാദ് നൈസാം തന്റെ ഫയൽവാൻമാരെ നേരിടാൻ അദ്ദേഹത്തെ ക്ഷണിച്ചു. ആ വേദിയിൽ വച്ചു അക്കാലത്തെ ഏറ്റവും മികച്ച ഫയൽവാനായിരുന്ന ഹീരാമൻ യാദവിനെയും തോൽപിച്ചു ഗാമ തന്റെ അജയ്യത തുടരുകയായിരുന്നു.
വിഭജനത്തെത്തുടർന്നു പാകിസ്താനിലേക്ക് കുടിയേറിയ ഗാമ 1952ൽ ഗുസ്തിയിൽ നിന്നും വിരമിച്ചു. കരിയറിന്റെ അവസാന ഘട്ടങ്ങളിൽപോലും അദ്ദേഹത്തിന് എതിരാളികളുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. പിന്നീട് തന്റെ മരുമകനായ ഭോലുവിനെ ഇരുപതു വർഷത്തോളം പാകിസ്ഥാൻ ദേശീയ ചാമ്പ്യനാക്കാനും ഗാമയിലെ പരിശീലകന് സാധിച്ചു.
കഠിന പരിശീലനവും ചിട്ടയായ ഭക്ഷണരീതിയുമായിരുന്നു ഗാമയുടെ വിജയരഹസ്യം ദിവസേന പത്തു ലിറ്ററോളം പാലും രണ്ടു പൗണ്ട് ബദാമും കിലോക്കണക്കിന് ചിക്കനും മട്ടനും ഉൾപെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഒരു ദിവസം മൂവായിരം പുഷ് അപ്പുകളും അയ്യായിരം സിറ്റ് അപ്പുകളുമടങ്ങുന്ന ഗാമയുടെ വ്യായാമരീതി ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാനാകുകയില്ല. അദ്ദേഹം പരിശീലനത്തിനായുപയോഗിച്ചിരുന്ന 95 കിലോ തൂക്കം വരുന്ന ഹസ്‌ലി എന്നാ ഡിസ്ക് ഇപ്പോഴും പട്യാലയിലെ ദേശീയ കായിക അക്കാദമിയിൽ സൂക്ഷിച്ചിട്ടുണ്ട്. ലോകപ്രശസ്ത കായികാഭ്യാസിയായിരുന്ന ബ്രൂസ് ലീ, ഗാമയുടെ കടുത്ത ആരാധകനായിരുന്നു. ഗാമയുടെ പരിശീലനരീതി തന്നിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ബ്രൂസ് ലീ അഭിമുഖങ്ങളിൽ പറയുകയുണ്ടായി.
വാർദ്ധക്യസഹജമായ രോഗങ്ങളെതുടർന്ന് 1960 മെയ് 23ആം തീയതി ഗാമ ഈ ലോകത്തോടു വിട പറഞ്ഞു. സാമ്പത്തികമായി ദാരിദ്ര്യാവസ്ഥയിലായിരുന്ന അദ്ദേഹത്തിന് അവസാനകാലത്ത തുണയായിരുന്നത് പാകിസ്ഥാൻ സർക്കാരിന്റെ തുച്ഛമായ പെൻഷൻ തുകയും. ഇന്ത്യൻ വ്യവസായി G.D ബിർളയുടെ സാമ്പത്തികസഹായവുമായിരുന്നു.
അൻപതു വർഷം നീണ്ട കരിയറിൽ ഒരു മത്സരത്തിൽ പോലും പരാജയമെന്തെന്നറിഞ്ഞിട്ടില്ലാത്ത ഗാമ ഇന്നും ഇന്ത്യൻ കായികരംഗത്തിന് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഫയൽവാനാണ്. ഗുസ്തി പ്രമേയമായ മലയാളമടക്കം ഏതാണ്ടെല്ലാ ചലച്ചിത്രങ്ങളിലും ഗാമ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അസാമാന്യ കഴിവുള്ള ആളുകൾക്കുള്ള വിളിപ്പേരായിപോലും ഗാമ എന്ന വാക്കുപയോഗിച്ചിരുന്നു. നാടോടിക്കഥകളിലെ വീരനായകനായിപോലും ഗാമ മാറിയിരുന്നു.
അന്താരാഷ്ട്ര മല്ലയുദ്ധ രംഗത്തു ഇന്നും ഇന്ത്യൻ താരങ്ങൾ കഴിവു തെളിയിക്കുന്നുണ്ട. സുശീൽ കുമാർമാരും നർസിംഗ് യാദവുമാരും സാക്ഷി മാലികുമാരും ലോകം കീഴടക്കിയ വാർത്തകൾ കാണുമ്പോൾ നാം അഭിമാനത്തോടെ പറയണം ‘അവർ ഗാമയുടെ പിന്മുറക്കാരാണ് അവരിങ്ങനാണ് ‘






































