ആഘോഷം തുടരുന്ന മാത്യു ഹെയ്ഡൻ
ക്രീസിൽ നിൽകുമ്പോൾ കാടനടികൾ കൊണ്ട് ഇന്ത്യൻ ആരാധകരെ ഭയപ്പെടുത്തിയിരുന്നയാൾ, പിന്നീട് കമന്ററി ബോക്സിൽ അതേ ആരാധകർക്ക് പ്രിയപ്പെട്ടയാൾ. മാത്യു ഹെയ്ഡൻ എന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ ഇന്ത്യക്കു മാത്രമല്ല ക്രിക്കറ്റ് കളിക്കുന്ന ഒരു രാജ്യത്തിനും മറക്കാൻ സാധിക്കില്ല.
വേഗത്തിലും ബൗളറുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിലും റൺസ് നേടാനുള്ള കഴിവായിരുന്നു എന്നും മാത്യു ലോറൻസ് ഹെയ്ഡൻ എന്ന ക്വീൻസ്ലേണ്ടുകാരൻ ബാറ്സ്മാൻറെ പ്രത്യേകത. ഒരു റെസ്ലിങ് താരത്തെ ഓർമിപ്പിക്കുന്ന ശരീരഭാഷയും ബാറ്റിങ് സ്‌റ്റൈലുമായി എന്നും ക്രീസിനെ ഭരിക്കാൻ അയാൾക്കു കഴിഞ്ഞിരുന്നു.
1993ൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും മൈക്കൽ സ്ലേറ്ററും മാർക് ടെയ്‌ലറും ഓസ്ട്രേലിയൻ ഓപ്പണിങ് സ്ഥാനം കുത്തകകയാക്കി വച്ചിരുന്നതിനാൽ അയാളുടെ തുടക്കത്തിലെ യാത്ര അത്ര സുഖകരമായിരുന്നില്ല. ടീമിനകത്തും പുറത്തുമായി നിന്ന അയാളുടെ കരിയറിൽ ഏറ്റവും പ്രധാനമായത് ഓസ്ട്രേലിയൻ ടീമിന്റെ 2001ലെ ഇന്ത്യൻ പര്യടനമായിരുന്നു. ഓസ്ട്രേലിയൻ ബാറ്സ്മാന്മാരുടെ പേടിസ്വപ്നമായിരുന്ന ഇന്ത്യൻ പിച്ചുകളിൽ ഹെയ്ഡൻ നിറഞ്ഞാടി. സീരീസ് അവസാനിക്കുമ്പോൾ 110 റൺ ശരാശരിയിൽ 549 റണ്ണുകളാണ് അയാൾ അടിച്ചുകൂട്ടിയത്. ഈ പ്രകടനത്തിന്റെ പിൻബലത്തിൽ ടീമിൽ സ്ഥിരമായ ഹെയ്ഡൻ അടുത്ത അഞ്ചു കലണ്ടർ വർഷങ്ങളിലും തുടർച്ചയായി ആയിരം റണ്ണുകളിലേറെ നേടി റെക്കോർഡിട്ടു. 2003ൽ സിംബാംവെക്കെതിരെ 380 റണ്ണുകൾ നേടി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് ഹ്രസ്വകാലത്തേക്കെങ്കിലും കൈവശം വെക്കുവാനും ഹെയ്ഡനു സാധിച്ചു.
പരിമിത ഓവർ ക്രിക്കറ്റിലും അയാൾ തന്റെ കഴിവു തെളിയിച്ചിരുന്നു. ടെസ്റ്റിലേതുപോലെ ടീമിൽ സ്ഥിരം ഇടം നേടാൻ വളരെക്കാലം കാത്തിരിക്കേണ്ടി വന്നെങ്കിലും കിട്ടിയ അവസരങ്ങൾ അയാൾ നന്നായി മുതലാക്കി. 2007ൽ വിൻഡീസിൽ നടന്ന ലോകകപ്പ് ഹെയ്ഡൻ തന്റേതാക്കി മാറ്റി. 659 റണ്ണുകളുമായി ടൂർണമെന്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനായതും അയാൾ തന്നെ.
2007ൽ ന്യൂസിലന്ഡിനെതിരെ പുറത്താകാതെ നേടിയ 181 റണ്ണുകളാണ് ഹെയ്ഡന്റെ ഏറ്റവും മികച്ച ഏകദിന സ്കോർ.
കുട്ടിക്രിക്കറ്റിൽ മാത്യു ഹെയ്ഡൻ എന്ന് ഓപ്പണിങ് ബാറ്റ്സ്‌മാന്റെ സംഭാവനകൾ എങ്ങനെ മാറ്റിനിർത്താനാകും?. ടി ട്വൻറി ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച എന്റർടൈനർമാരിൽ ഒരാളാണ് അയാൾ. ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയങ്ങളിൽ അയാളുടെ പങ്ക് ചെറുതല്ല. ഒരു പക്ഷേ ഐ.പി.എൽ വഴി ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയത് ഈ ഇടംകയ്യൻ ഓപ്പണർ ആയിരിക്കും.
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷവും കളിയെഴുത്തുകാരനായും ദൃക്‌സാക്ഷി വിവരണക്കാരനായും അയാൾ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മുന്നിൽ നിറഞ്ഞു നില്കുന്നു. ആ പഴയകാലം ഓർമിപ്പിച്ചുകൊണ്ട്.
ജന്മദിനാശംസകൾ ഹെയ്ഡൻ….






































