Editorial Foot Ball Top News

മത്സരം മുറുകുന്ന ബുണ്ടസ്‌ലീഗ

October 26, 2019

author:

മത്സരം മുറുകുന്ന ബുണ്ടസ്‌ലീഗ

അന്താരാഷ്ട്ര ഫുട്ബോളിനേക്കാൾ ക്ലബ്ബ് ഫുട്‍ബോളിനു പ്രാധാന്യം നൽകുന്ന ഒരു കൂട്ടം ആളുകളുണ്ട്. വല്ലപ്പോഴും മാത്രം നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളെക്കാൾ വർഷം മുഴുവൻ നീളുന്ന ക്ലബ് മത്സരങ്ങളാണ് പലപ്പോഴും ആസ്വാദകരിലും ആവേശം പകരുകയെന്നതാണ് അവരുടെ പക്ഷം.

ശരിയാണ്, മത്സരവീര്യത്തിലും പലപ്പോഴും ക്ലബ്ബുകൾ ഒരുപടി മുന്നിലാണ്. പോയൻറ് പട്ടികയിൽ ബലാബലം നടത്തുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും ലാ ലീഗയിലുമൊക്കെ ക്ലബ്ബുകൾ പകരുന്ന ആവേശം ചില്ലറയല്ല.

മത്സരവീര്യത്തിൽ പക്ഷെ ഇത്തവണ അതിശയിപ്പിച്ചിരിക്കുന്നത് ജർമൻ ബുണ്ടസ് ലീഗാണ്. സാധാരണ വമ്പൻമാരായ ബയേൺ മ്യൂണികും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലുള്ള കിരീടപ്പോരാട്ടം കണ്ടിരുന്ന ബുണ്ടസ് ലീഗയിൽ പക്ഷേ ഇത്തവണ കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്. എട്ടു മത്സരങ്ങൾ കഴിഞ്ഞുവെങ്കിലും ഒന്നാം സ്ഥാനക്കാരായ മൊൻചെൻഗ്ലാഡ്ബാക്കും പതിനൊന്നാം സ്ഥാനക്കാരായ ഹൊഫെൻഹെയിമും തമ്മിലുള്ള വ്യത്യാസം വെറും അഞ്ചു പോയന്റുകളാണ്. മൊൻചെൻഗ്ലാഡ്ബാക്കിനൊപ്പം വോൾവ്‌സ്ബെർഗും പതിനാറു പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിടുമ്പോൾ ഒരു പോയിന്റ് മാത്രം പിറകിലായി നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണികും ബോറുസിയയും ലെപസിഗുമുണ്ട്. പതിനാലു വീതം പോയന്റുകൾ നേടി നാലു ടീമുകളാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.

ലീഗിന്റെ ആദ്യഘട്ടം മാത്രമാണ് പുരോഗമിക്കുന്നതെങ്കിലും അടുത്ത കാലത്ത് ആദ്യമായാകും ജർമൻ ക്ലബ്ബുകൾ ഇത്രയും വാശിയോടെ കിരീടത്തിനായി പോരാടുന്നത്. കഴിഞ്ഞ സീസണിൽ ഭൂരിഭാഗം സമയവും ബൊറൂസിയ ആധിപത്യം നടത്തിയിരുന്നുവെങ്കിലും അവസാന ഘട്ടങ്ങളിൽ അടിപതറിയ അവർ കിരീടം ബയേണിനു അടിയറവെയ്ക്കുകയായിരുന്നു.

പുതിയ സീസണിലും ക്ലൈമാക്സിലേക്കു പ്രവേശിക്കുമ്പോൾ കാര്യങ്ങൾ മാറിമറിയുമെന്നു തന്നെയാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. നിർണായക ഘട്ടങ്ങളിൽ കാലിടറുന്ന പതിവ് ബൊറൂസിയ അടക്കമുള്ള ടീമുകൾ തുടരുകയും ബയേൺ കിരീടം സ്വന്തമാക്കുമെന്നും അവർ വിശ്വസിക്കുന്നു. എങ്കിലും കൂടുതൽ തുറന്ന ഒരു സീസണായതിനാൽ കിരീടത്തിന് പുതിയ അവകാശികളുണ്ടാകാനുള്ള സാധ്യതയും ആരും തള്ളിക്കളയുന്നില്ല.

ലീഗിലെ പോരാട്ടം ശ്രദ്ധയോടെ വീക്ഷിക്കുന്നത് ആരാധകരും കളി വിദഗ്ധരും മാത്രമല്ല. യൂറോപ്പിലെ മറ്റു പ്രധന ലീഗുകളിലെ വമ്പൻ ടീമുകളെല്ലാം തന്നെ ഈ മത്സരത്തെ സാകൂതം പിന്തുടരുന്നുണ്ട്. പല ജർമൻ ലീഗ് ടീമുകളിലെയും യുവ പ്രതിഭകളെ ഇതിനോടകം തന്നെ അവർ നോട്ടമിട്ടിട്ടുണ്ട്. അടുത്ത വാരങ്ങളിലായി നടക്കുന്ന പല പോരാട്ടങ്ങളും ലീഗിന്റെ ഗതി നിർണക്കുമെന്നാണ് കരുതപ്പെടുന്നത്. മത്സരവീര്യം മുറുകുമ്പോൾ അതു ഫുട്‍ബോളിന്റെ ഗുണത്തിനാകട്ടെ. പുതിയ പ്രതിഭകൾ ഉദയം ചെയ്യട്ടെ.

Leave a comment