കൊൽക്കൊത്തയുടെ രാജകുമാരനിലെ പ്രതീക്ഷകൾ
ഇന്ത്യൻ ക്രിക്കറ്റിൽ ഒരു നവോത്ഥാനാനത്തിന്റെ കാലഘട്ടമാണിത്. ഐ. പി.എൽ ഫിക്സിങ് വിവാദവും അതിനെത്തുടർന്നുണ്ടായ കോടതി ഇടപെടലുകളും ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാക്കിയ മാറ്റങ്ങളുടെ പരിണതഫലം കൂടിയാണ് അത്. അതിന്റ അവസാന പടിയായാകണം സൗരവ് ചന്ദീദാസ് ഗാംഗുലി എന്ന മുൻ ഇന്ത്യൻ നായകൻ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിന്റെ തലപ്പത്തുവന്നത്.
ക്രിക്കറ്റിന്റെ വളർച്ച ആഗ്രഹിക്കുന്ന ഏതൊരു ക്രിക്കറ്റ് പ്രേമിയും ഗാംഗുലിയുടെ വരവിൽ സന്തോഷിക്കും. കാരണം അത്രയേറെ വിശ്വാസം അവർക്ക് ആ കൊൽക്കൊത്തക്കാരനിലുണ്ട്. അതയാൾ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടു സൃഷ്‌ടിച്ച ഒരു ഫാന്റസിയല്ല ഒരു കളിക്കാരനായിരിക്കുമ്പോൾ മുതൽക്കേ അയാൾ നമ്മളിൽ ഊട്ടിയുറപ്പിച്ച വിശ്വാസമാണ്. ക്രിക്കറ്റ് എന്ന ഗെയിമിനെ അയാൾ എത്രയധികം സ്നേഹിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് നമുക്കു മുന്നിൽ തുറന്നുവച്ചിരിക്കുന്ന അയാളുടെ കരിയർ.
ആദ്യമായി ടീമിൽ സ്ഥാനം നേടുമ്പോൾ മുതൽക്കേ വിവാദങ്ങൾക്കെതിരെയുള്ള പോരാട്ടം അയാൾ തുടങ്ങിയിരുന്നു. പണം നൽകിയാണ് ടീമിലിടം നേടിയതെന്ന വിമർശനങ്ങളെ അയാൾ തകർത്തത് തന്റെ പ്രകടനങ്ങളിലൂടെയായിരുന്നു. സച്ചിനൊപ്പം ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ഓപ്പണിങ് ജോഡി തീർത്ത ഗാംഗുലി ടെസ്റ്റിൽ എന്നും വിശ്വസിക്കാവുന്ന ഒരു മധ്യനിരബാറ്സ്മാനായും തിളങ്ങി. വിമർശകരെക്കൊണ്ടുപോലും കൈയടിപ്പിച്ച ഒരു പിടി പ്രകടനങ്ങൾ അയാളുടെ പ്രതിഭയുടെ അളവുകോലായി ഗാംഗുലി അവശേഷിപ്പിച്ചിട്ടുണ്ട്.
നായകനും ഉപനായകനുമടക്കം പ്രതികളായ ഒരു കോഴവിവാദത്തിൽ ഏറ്റവും വലിയ പതനത്തിൽ നിൽക്കുമ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകപദവി കൊൽക്കൊത്തയുടെ രാജകുമാരനെ തേടിയെത്തുന്നത്. അവിടെയും അയാൾ തന്റെ മികവു പ്രകടിപ്പിച്ചു. തൊട്ടടുത്ത ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കലാശപ്പോരാട്ടത്തിലെത്തിച്ചാണ് ഗാംഗുലി ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ കാത്തത്. ഭാവിയിൽ ഇന്ത്യൻ ടീമിനു മുതൽക്കൂട്ടായ ഒരു താരനിരയെ വളർത്തിയെടുക്കുന്നതിൽ അയാൾ വഹിച്ച പങ്കു ചില്ലറയല്ല.
ചിലരുടെ കണ്ണുകളിൽ അഹങ്കാരിയാണയാൾ. നായകനായിരുന്ന കാലത്തു പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പലുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും പലപ്പോഴും കളിക്കളത്തിൽ കാട്ടിയ അമിതമായ വികാര പ്രകടനങ്ങളും അതിനുദാഹരണമായി അവർ നിരത്തുന്നു. പക്ഷേ ആ അഹങ്കാരമായിരുന്നു അയാളുടെ കരുത്ത്.
എന്നും അഹങ്കാരിയായ സൗരവ് ഗാംഗുലിയെയായിരുന്നു ആരാധകരും ഇഷ്ടപ്പെട്ടിരുന്നത്.
ഒരിക്കൽക്കൂടി അയാൾ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാനായി എത്തുകയാണ്. ഇത്തവണ കളിക്കളത്തിലല്ല പലപ്പോഴും രാഷ്ട്രീയക്കാരുടെ കുത്തകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അധ്യക്ഷ പദവിയിലേക്കാണ് അയാൾ എത്തുന്നത്. തീർച്ചയായും ഒരുപാടു വെല്ലുവിളികൾ നേരിടേണ്ടി വരും, മുള്ളുകൾ നിറഞ്ഞ വഴിയിലൂടെയാകും അയാളുടെ യാത്ര. പക്ഷേ ക്രിക്കറ്റിനെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയുടെ മുഴുവൻ പിന്തുണയും അയാൾക്കുണ്ട്. അവർക്ക് അയാളിൽ പൂർണ വിശ്വാസമുണ്ട്. കാരണം..
അയാളുടെ പേര് സൗരവ് ഗാംഗുലിയെന്നാണ്.






































