സി.കെ. നായിഡു ; സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് നായകൻ
വളരെക്കാലം മുൻപ് നടന്ന ഒരു കഥയാണ്. ഒരിക്കൽ ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു ഒരു കൊച്ചു കുട്ടിക്ക് ഓട്ടോഗ്രാഫ് കൊടുക്കുമ്പോൾ അവനോടു താനാരാണെന്നറിയാമോ എന്നു ചോദിച്ചത്രേ, നിഷ്കളങ്കമായ ഒരു ചിരിയോടെ ആ ബാലൻ മറുപടിയും നൽകി. “തീർച്ചയായും, താങ്കൾ സി കെ നായിഡുവിന്റെ ഭാര്യയാണ് “. താരനിബിഡമായ ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യത്തെ സൂപ്പർ താരമായിരുന്നു നമ്മുടെ ആദ്യ ടെസ്റ്റ് ടീം നായകനായിരുന്ന “കൊട്ടാരി കനകയ്യ നായിഡു” എന്ന് സി കെ നായിഡു.
1895 ഒക്ടോബർ 31നു മഹാരഷ്ട്രയിലെ നാഗ്പുർ എന്ന സ്ഥലത്തു കോട്ടരി സൂര്യപ്രകാശ് നായിഡുവിന്റെ മകനായാണ് സി കെ നായിഡു ജനിച്ചത്. ഏഴാം വയസ്സിൽ സ്കൂൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നായിഡു 1916 ൽ നടന്ന ബോംബെ ട്രയാങ്‌ലർ ടൂർണമെന്റിൽ ഹിന്ദു ക്രിക്കറ്റ് ടീമിനുവേണ്ടിയാണ് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.
സെഹ്‌വാഗിനെയും ധോണിയെയുമൊക്കെ ആരാധിക്കുന്ന പുതു തലമുറയ്ക്ക് ഒരു പക്ഷെ നായിഡുവായിരുന്നു ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ വെടിക്കെട്ടു താരമെന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നിയേക്കാം. ക്രിക്കറ്റിന്റെ തമ്പുരാക്കന്മാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന മാരിൽബോൺ ക്രിക്കറ്റ് ക്ലബ് (MCC) 1928ൽ ഇന്ത്യയിലേക്കയച്ച ആദ്യ ക്രിക്കറ്റ് ടീമിന് പക്ഷെ ഇക്കാര്യത്തിൽ എതിരഭിപ്രായമുണ്ടാകുകയില്ല. A.E.R ഗില്ലിഗന്റെ നേതൃത്വത്തിലുള്ള MCC ടീമിനെതിരെ വെറും 187 പന്തുകളിൽ നിന്നും 11 സിക്സറുകളും 13 ഫോറുകളുമടക്കം 153 റൺസാണ് നായിഡു അടിച്ചുകൂട്ടിയത്. ആ മത്സരത്തിൽ ബോബ് വാട്ട് എറിഞ്ഞ ഒരു പന്ത് സ്റ്റേഡിയത്തിന്റെ മേല്കൂരയിലാണ് ചെന്ന് പതിച്ചത്. മത്സരശേഷം വെള്ളിയിൽ നിർമിച്ച ഒരു ബാറ്റ് സമ്മാനമായി നൽകിയാണ് MCC നായിഡുവിന്റെ പ്രകടനത്തെ ബഹുമാനിച്ചത്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം നായിഡുവിന് ഇന്ത്യയുടെ പ്രഥമ ടെസ്റ്റ് മത്സരത്തിനുള്ള ടീമിലിടം നേടിക്കൊടുത്തു. 1932 ജൂൺ ഇരുപത്തിയഞ്ചാം തീയതി ലോർഡ്‌സ് മൈതാനത്തിൽ നടക്കാനിരുന്ന മത്സരത്തിൽ നട്വർസിൻജിയും ഘനശ്യാം സിൻജിയുമായിരുന്നു യഥാക്രമം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായി നിയമിക്കപ്പെട്ടിരുന്നത്. എന്നാൽ മത്സരത്തിനുമുന്പ് ഇരുവരും ടീമിൽനിന്നും ഒഴിവായതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ആദ്യ നായകനാകുക എന്ന അസുലഭഭാഗ്യം നായിഡുവിനെ തേടിയെത്തി.

മത്സരത്തിൽ നായിഡു ടീമിനെ മുന്നിൽ നിന്നു തന്നെ നയിച്ചു. ആദ്യം ബൗൾ ചെയ്‌ത ഇന്ത്യക്കുവേണ്ടി ഫീൽഡ് ചെയ്യുമ്പോളേറ്റ പരിക്കു വകവയ്ക്കാതെ ബാറ്റിങ്ങിനിറങ്ങിയ നായിഡു 40 റൺസുമായി ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്സ്കോററായി.
ദിവസങ്ങളോളം ബാറ്റ് ചെയ്തു റൺസ് സമാഹരിക്കുകയെന്ന പതിവുശൈലിയിൽ നിന്നും വ്യത്യസ്തമായി കഴിയുന്നത്ര വേഗം റൺസ് സ്കോർ ചെയ്തിരുന്ന നായിഡു കൗണ്ടി ക്രിക്കറ്റിലും തന്റെ കഴിവു തെളിയിച്ചു. 1932 ലെ കൗണ്ടി മത്സരങ്ങളിൽ ആയിരത്തിലധികം റൺസ് അടിച്ച അദ്ദേഹം തന്റെ ഓഫ് സ്പിൻ ബൗളിങ്ങിലൂടെ 71 വിക്കറ്റുകളും നേടി. 1933 കൗണ്ടി സീസണിൽ മാത്രം 32 സിക്സറുകളാണ് നായിഡു പറത്തിയത്. എഡ്ജ്ബാസ്റ്റൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വാർവിക്ഷർ കൗണ്ടിക്കെതിരെ കളിക്കുമ്പോൾ നായിഡു അടിച്ച ഒരു സിക്സ് റീ നദിയും താണ്ടി തൊട്ടടുത്ത കൗണ്ടിയായ വോസ്റ്റർഷർലാണ് പതിച്ചത്. ആ വർഷത്തെ വിസ്‌ഡന്റെ ക്രിക്കറ്റെർ ഓഫ് ദി ഇയർ പുരസ്കാരവും നായിഡുവിനായിരുന്നു.
1933-34 ൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലണ്ട് ടീമിനെതിരെയും നായിഡുവായിരുന്നു ഇന്ത്യൻ നായകൻ. ഡിസംബർ 15 മുതൽ 18 വരെ ബോംബെ ജിംഖാന ഗ്രൗണ്ടിൽ നടന്ന ഇന്ത്യൻ മണ്ണിലെ ആദ്യ ക്രിക്കറ്റ് മത്സരം വീക്ഷിക്കാനെത്തിയത് ഒരു ലക്ഷത്തോളം കാണികളാണ്. മത്സരത്തിൽ പക്ഷെ ഇന്ത്യൻ ടീം 158 റൺസിന് പരാജയപ്പെട്ടു.
സച്ചിനും ധോണിയും വിരാട് കൊഹ്ലിയുമൊക്കെ അരങ്ങുവാഴുന്ന പരസ്യചിത്ര മേഖലയിലുമുണ്ട് നായിഡുവിന്റെ കയ്യൊപ്പ്. 1941ൽ ബാത്ത്ഗേറ്റ് എന്ന ലിവർ ഓയിലിന്റെ ബ്രാൻഡ് അംബാസഡറാകുമ്പോൾ ആദ്യമായി ഒരു ബ്രാൻഡുമായി കരാറൊപ്പിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമായും നായിഡു മാറി.
രഞ്ജി ട്രോഫി കരിയറിന്റെ തുടക്കത്തിൽ ഹോൾകർ ടീമിന് വേണ്ടി കളത്തിലിറങ്ങിയ നായിഡു പിന്നീട് ആന്ധ്ര, ഉത്തർപ്രദേശ് സംസ്ഥാന ടീമുകൾക്കു വേണ്ടിയും കളിച്ചു . 1956 -57 രഞ്ജി സീസണിൽ തന്റെ 62ആം വയസ്സു വരെയുംഅദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ തുടർന്നു. അവസാന രഞ്ജി സീസണിൽ വിനു മങ്കാദ് ഉൾപ്പെടുന്ന രാജസ്ഥാൻ ബൌളിംഗ് നിരക്കെതിരെ 82 റൺസ് നേടിയ അദ്ദേഹത്തിന്റെ പ്രകടനം എടുത്തുപറയത്തക്കതാണ്.
ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകളെ മാനിച്ചു 1956 ൽ ഇന്ത്യൻ ഗവണ്മെന്റ് അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. പദ്മഭൂഷൺ ബഹുമതി നേടുന്ന ആദ്യ ക്രിക്കറ്റ് താരവും നായിഡു തന്നെയാണ്.
1967 നവംബർ പതിനാലാം തീയതി 72ആം വയസ്സിൽ സി കെ നായിഡുവിന്റെ ജീവിതത്തിലെ ഇന്നിങ്സിന് തിരശീല വീണു. 2006 മുതൽ ബിസിസിഐ നായിഡുവിന്റെ ഓർമക്കായി സി കെ നായിഡു ലൈഫ്ടൈം അചീവമെന്റ് അവാർഡ് നൽകിവരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്ന് സമഗ്രസംഭാവനക്കാണ് ഈ അവാർഡ് നൽകുന്നത്. ശൈശവാവസ്ഥയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റിനു ദിശാബോധം നൽകിയ നായകനായിരുന്നു സി കെ നായിഡു






































