ഇത് തിളക്കമുള്ളവരുടെ ലോകം.
ഒരാഴ്ചമുന്നേ അയാൾ നമുക്കു കാണിച്ചുതന്നു മനക്കരുത്തു കൊണ്ടു നേടാനാകാത്തതായി ഒന്നുമില്ലെന്ന്. സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും ശബ്ദിച്ച വിപ്ലവകാരി വാസിൽ ലെവ്സ്കിയുടെ പേരിലുള്ള സ്റ്റേഡിയത്തിൽ തനിക്കു നേരെ വർഗീയ വിഷം തുപ്പിയ കാണികൾക്കു മുന്നിൽ കാൽപന്തുകളിയിൽ നിറവും ഗോത്രവുമല്ല കളിമികവിനാണു പ്രാധാന്യമെന്നയാൾ തെളിയിച്ചു. ഗോൾ നേടിയശേഷവും പ്രകോപനപരമായ ആഘോഷപ്രകടനങ്ങൾക്കു മുതിരാതെ തന്റെ മനസ്സ് അവയോട് എത്രമാത്രം പൊരുത്തപ്പെട്ടുകഴിഞ്ഞുവന്നയാൾ പറയാതെ പറഞ്ഞു.
ഇന്നലെയും റഹീം സ്റ്റെർലിങ്ങിന്റെ ബൂട്ടുകൾ തനിക്കു നേരെ അവജ്ഞയോടെ തിരിയുന്ന മുഖങ്ങൾക്കു നേരെ നിറയൊഴിച്ചു. ഒന്നല്ല മൂന്നു തവണ. പിറന്ന ഗോത്രവും മനുഷ്യൻ സൃഷ്‌ടിച്ച ദേശങ്ങളുടെ അതിർവരമ്പുകളും തന്റെ പ്രതിഭയെക്കാൾ സംസാരവിഷയമാകുന്നതിൽ അയാൾ ഉള്ളാലെ ദുഃഖിതനാകാം, പക്ഷേ അയാളുടെ കളിയെ അതു ബാധിക്കുന്നേയില്ല. വെളുപ്പിന്റെ പരിശുദ്ധിയും കറുപ്പിന്റെ ദുഃഖവും മനുഷ്യൻ കൽപിച്ചുനൽകിയ വെറും മുഖംമൂടികളാണെന്നു തിരിച്ചറിഞ്ഞ ഒരു കൂട്ടമാളുകളുണ്ട് ഈ ഭൂമിയിൽ. മനുഷ്യൻ വലിയവനാകുന്നത് അവന്റെ ജന്മം കൊണ്ടല്ല കർമം കൊണ്ടാണെന്നു തിരിച്ചറിഞ്ഞവർ. അവർക്കു മുന്നിലേക്കാണ് റഹിം തന്റെ പ്രകടനങ്ങൾ വിലയിരുത്തലുകൾക്കായി നീട്ടിവെയ്ക്കുന്നത്.
കായികരംഗത്തു വിദ്വേഷത്തിന്റെ വിത്തുകൾ പാകിയവർക്ക് എന്നും കാലം തിരിച്ചടികൾ നല്കിയിട്ടുമുണ്ട്. ഹിറ്റ്ലറുടെ വർണവെറിയ്‌ക്കു മുന്നിൽ മെഡൽ തിളക്കവുമായി നിന്ന ജെസ്സി ഓവൻസ്, കുട്ടിക്കാലത്തു വിജയിച്ച മത്സരങ്ങളിൽ തന്റെ നിറം കാരണം മെഡലുകൾ നൽകാൻ വിസമ്മതിച്ച അതേ ഓസ്ട്രേലിയൻ ജനതയ്ക്കു മുന്നിൽ ഒളിമ്പിക്സ് ദീപം തെളിയിച്ച കാത്തി ഫ്രീമാൻ.
അങ്ങനെ എത്രയോ ഉദാഹരണങ്ങൾ. വിജയം നേടാൻ നിറമല്ല കഴിവാണു പ്രധാനമെന്ന് നമുക്കു മുന്നിൽ തെളിയിച്ചു കാട്ടിയവർ.
അവർ തെളിച്ച വഴിയെയാണ് സ്റ്റെർലിംഗും എംബപ്പയുമൊക്കെ സഞ്ചരിക്കുന്നത്. വർണവെറിയന്മാർക്ക്കുവേണ്ടി നീക്കിവെയ്ക്കാൻ അവരുടെ പക്കൽ സമയമില്ല. കളിക്കളത്തിൽ പന്തുമായി കുതിക്കുമ്പോൾ, ടീമുകളുടെ വിജയങ്ങളിൽ പങ്കാളികളാകുമ്പോൾ തങ്ങൾക്കു നേരെ ഉയരുന്ന നാവുകൾ താനേ നിശ്ബ്ദമാകുമെന്ന് അവർ മനസിലാക്കുന്നു. അതിലേറെ, കളിക്കാരന്റെ കാലുകളുടെ നിറത്തേക്കാൾ അവൻ തട്ടുന്ന പന്തിനെ സ്നേഹിച്ച ഒരു സമൂഹം അവർക്കു പിന്നിലുണ്ട്. ആ വിശ്വാസമാകാം വിദ്വേഷത്തിന്റെ ഓരിയിടലുകൾക്കു മുന്നിൽ പകച്ചു നിൽകാതെ ആ പന്തുമായി മുന്നേറാൻ അവരെ പ്രേരിപ്പിക്കുന്നത്.
തമസ്കരിക്കപ്പെട്ടവനെയും കുടിയേറ്റക്കാരനെയും കാൽകീഴിലാക്കാനുള്ള ഒരുകൂട്ടമാളുകളുടെ
ശ്രമങ്ങൾ തുടങ്ങിയത് ഇന്നുമിന്നലെയുമല്ല. അതിനിയും തുടരുമായിരിക്കും. പക്ഷേ അവരുടെ “കറുത്ത മുഖങ്ങൾക്കുനേരെയും മനസ്സുകൾക്കു നേരെയും” റഹീമിന്റെയും എംബപ്പേയുടേയുമൊക്കെ ബൂട്ടുകൾ ഇനിയും നിറയൊഴിക്കും.
ഒരിക്കൽ ബാസ്കറ്റ്ബോൾ ഇതിഹാസം ലെബ്രോൻ ജെയിംസ് പറഞ്ഞതുപോലെ.
“We shine because they hate us !”
“അവരുടെ വെറുപ്പ് ഞങ്ങൾക്കു കൂടുതൽ തിളക്കം നൽകുന്നു!”






































