Editorial Foot Ball Top News

സമനിലക്കുരുക്കു പൊട്ടാതെ ബെംഗളൂരു – നോർത്ത് ഈസ്റ്റ്‌ പോരാട്ടം

October 22, 2019

author:

സമനിലക്കുരുക്കു പൊട്ടാതെ ബെംഗളൂരു – നോർത്ത് ഈസ്റ്റ്‌ പോരാട്ടം

അസമാവോ ഗ്യാൻ എന്ന് പ്രതിഭയുടെ മിന്നലാട്ടങ്ങൾ, നോർത്ത് ഈസ്റ്റ്‌ ഗോൾ കീപ്പർ സുഭാശിഷ് റോയ് ചൗധരിയുടെ മികച്ച ഒരു സേവ് ഇരു ടീമുകളുടെയും മികച്ചു നിന്ന പ്രതിരോധനിര. ഇവയൊക്കെയായിരുന്നു ഇന്നലെ നടന്ന ബെംഗളൂരു – നോർത്ത് ഈസ്റ്റ്‌ മത്സരത്തിലെ പ്രധാന പ്രത്യേകതകൾ.

മത്സരത്തിന്റെ തുടക്കം മുതലേ തന്നെ ഇരു ടീമുകളും മധ്യനിരയിൽ മേൽക്കോയ്മ നേടാനായിരുന്നു ശ്രമിച്ചത്. സീസണിൽ ചെന്നൈയിൽ നിന്നും ടീമിലെത്തിയ മിഡ് ഫീൽഡ് ജനറൽ റാഫേൽ അഗസ്റ്റോയുടെ നേതൃത്വത്തിൽ ബെംഗളൂരുവും. മുന്നേറ്റനിരയിലെ സൂപ്പർ താരം അസമാവോ ഗ്യാനിനു തുടർച്ചയായി പന്തെത്തിക്കാനുള്ള ശ്രമത്തിൽ നോർത്ത ഈസ്റ്റും ശ്രമിച്ചത് മധ്യനിരയുടെ കടിഞ്ഞാൺ ഏറ്റെടുക്കാനായിരുന്നു.

പതിവിനു വിപരീതമായി ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ച മലയാളി താരം ആഷിഖ് കുരുണിയന്റെ പതിനഞ്ചാം മിനുറ്റിലെ “സോളോ റൺ” ആയിരുന്നു നോർത്ത് ഈസ്റ്റിനെ വിറപ്പിച്ച ബെംഗളുരുവിന്റെ ആദ്യ മുന്നേറ്റം. ബെംഗളൂരു മധ്യനിരയും മുന്നേറ്റനിരയും ചേർന്നുള്ള ആസൂത്രിതമായ മുന്നേറ്റങ്ങളിൽ ആദ്യം പതറിയെങ്കിലും നോർത്ത് ഈസ്റ്റ്‌ ശക്തമായി തിരിച്ചു വന്നു. ഇരുപത്തിയൊന്നാം മിനുട്ടിൽ മാർട്ടിൻ ഷാവേസ് തൊടുത്ത ഷോട്ട് ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സന്ധു പണിപ്പെട്ടാണ് സേവ് ചെയ്തത്.

ഇരുപത്തിയേഴാം മിനുട്ടിലാണ് മത്സരത്തിലെ ബെംഗളുരുവിന്റെ ഏറ്റവും മികച്ച അവസരം കൈവന്നത്. റാഫേൽ അഗസ്റ്റോ തളികയിലെന്നവണ്ണം നൽകിയ ത്രൂ ബോൾ ഉദാന്ത പോസ്റ്റിലേക്കു തൊടുത്തെങ്കിലും ലക്ഷ്യത്തിൽ നിന്നും അകന്നുപോയി. മറുവശത്തു രാഹുൽ ഭേകെയുടെ ഒരു ബാക്ക് പാസ് ഷാവേസ് പിടിച്ചെടുത്തു നിറയൊഴിച്ചെങ്കിലും ഷോട്ട് ഗാലറിയിൽ വിശ്രമിച്ചു. മികച്ച അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും മുതലാക്കാനാകാതെ പോയ നിരാശയിലാണ് കളിക്കാർ ആദ്യപകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിലും മേൽക്കോയ്മ നേടാനുള്ള ശക്തമായ ശ്രമങ്ങൾ ഇരുടീമുകളിൽനിന്നുമുണ്ടായി. അൻപത്തിമൂന്നാം മിനുട്ടിലായിരുന്നു കളിയിലെ ഏറ്റവും നിർണായക മുഹൂർത്തം. വീണ്ടും മികച്ച ഒരു പാസ്സിലൂടെ ഷാവേസ് പന്ത് ഗ്യാനിലേക്കെത്തിച്ചു. ഫ്രീ സ്പേസ് മുതലാക്കിയ ഗ്യാനിന്റെ വലങ്കാലൻ ഷോട്ട് ക്രോസ് ബാറിലിടിച്ചു തെറിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ബെംഗളൂരു രക്ഷപെടുകയായിരുന്നു.

ഇടയ്ക്കു പെയ്ത മഴ രസംകൊല്ലിയായെങ്കിലും കളി ചൂടുപിടിച്ചുകൊണ്ടേയിരുന്നു. അറുപത്തിയഞ്ചാം മിനുട്ടിൽ നിഷു കുമാറിന്റെ ഷോട്ട് ഒരു ഫ്ലയിങ് സേവിലൂടെ രക്ഷപ്പെടുത്തിയ സുഭാഷിശ് ബെംഗളൂരു ആരാധകരുടെപോലും കയ്യടി ഏറ്റുവാങ്ങി. അവസാന വിസിൽ മുഴങ്ങും വരെയും ബലാബലം തുടർന്നെങ്കിലും കളി സമനിലയിൽ അവസാനിക്കുകയായിരുന്നു. ഛേത്രിക്കൊപ്പം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ മിക്കുവിന്റെ അഭാവം ബെംഗളുരുവിന്റെ കളിയിൽ മുഴച്ചുനിന്നു. മറുവശത്താകട്ടെ എവേ ഗ്രൗണ്ടിൽ വിലപ്പെട്ട ഒരു പോയന്റുമായാണ് ഹൈലാൻഡേഴ്‌സ് മടങ്ങിയത്. ഇന്നലെ മോശം പ്രകടനം കാഴ്ചവെച്ച ഉദാന്ത ഫോം വീണ്ടെടുത്തില്ലെങ്കിൽ ഛേത്രിയെ മാത്രം ആശ്രയിച്ചാകും ബെംഗളുരുവിന്റെ വിജയസാധ്യതകൾ.

Leave a comment