പ്രീമിയർ ലീഗ് : ആർസെനൽ ഇന്ന് ഷെഫീൽഡിനെതിരെ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗെയിം വീക്ക് 9ലെ അവസാന മത്സരത്തിൽ ആർസെനൽ ഇന്ന് പുതുതായി പ്രൊമോട്ട് ചെയ്യപ്പെട്ട ഷെഫീൽഡ് യുണൈറ്റഡിനെ നേരിടും. ഷെഫീൽഡിന്റെ ഹോം ഗ്രൗണ്ടായ ബ്രമാൽ സ്റ്റേഡിയത്തിൽ രാത്രി 12.30നാണു മത്സരം.ആർസെനലിനു ഇന്ന് ജയിച്ചാൽ ചെൽസിയെയും ലെസ്റ്ററിനെയും മറികടന്നു മൂന്നാം സ്ഥാനത്തെത്താം.
എന്നാൽ 15ആം സ്ഥാനത്തുള്ള ഷെഫീൽഡിന് മേൽ വിജയം ആർസെനലിനു അത്ര എളുപ്പമാകില്ല എന്നാണ് ലീഗിൽ ഇതുവരെയും ഷെഫീൽഡിന്റെ പ്രകടനം വിലയിരുത്തിയാൽ മനസ്സിലാകുക.
അക്രമണാത്മക ഫുട്ബാളിലൂടെ ലീഗിലെ ടോപ് 6 ടീമുകൾക്കെതിരെ മികച്ച പ്രകടനമാണ് ഷെഫീൽഡ് സീസണിൽ കാഴ്ചവെച്ചിട്ടുള്ളത്. ചെൽസിയെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ സമനിലയിൽ കുരുക്കി,ലിവര്‍പൂളിനോടും ലെസ്റ്റർ സിറ്റിയോടും പൊരുതി തോറ്റു. അതിനാൽ തന്നെ ആര്സെനലിനെതിരെയും കൈമെയ് മറന്നുള്ള പോരാട്ടം തന്നെയായിരിക്കും ഇന്ന്.
മറുവശത്തു ആർസെനലിനു പരിക്ക് മാറി ലാകാസെറ്റ് എത്തുന്നത് മുന്നേറ്റ നിരയുടെ മൂർച്ച കൂട്ടും. സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലെങ്കിലും ചില മിനുറ്റുകളെങ്കിലും താരത്തിനു ഇന്ന് ലഭിക്കും എന്നാണ് കോച്ച് എമേറിയുടെ പത്രസമ്മേളനം സൂചിപ്പിച്ചത്. ഫുൾബാക്ക് കീറൺ ടിർണിയും ഇന്ന് കളിച്ചേക്കും. എങ്കിലും കഴിഞ്ഞ കുറെ മത്സരങ്ങളായി എമേറി പടിക്കു പുറത്ത് നിർത്തിയിരിക്കുന്ന പ്ലെമേക്കർ മെസ്യൂട് ഓസിൽ ഇന്ന് കളത്തിലിറങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഓസിലിനെ വിൽക്കാൻ ക്ലബ് തയ്യാറെടുക്കുന്നു എന്ന അഭ്യുഹങ്ങൾക്കിടയിൽ 2021വരെ താൻ ടീമിൽ തുടരുമെന്ന് വ്യക്തമാക്കിയ താരം ടീമിലേക്ക് തിരിച്ചെത്താനുള്ള കഠിനപ്രയത്നത്തിലാണ്.






































