സയ്യദ് അബ്ദുൽ റഹീം; ഇന്ത്യൻ ഫുടബോളിലെ ചാണക്യൻ
ഇന്ത്യൻ ഫുട്ബോൾ ഇന്നൊരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. ഇന്ത്യൻ സൂപ്പർ ലീഗും പുതു തലമുറയുടെ മികച്ച പ്രകടനങ്ങളും ഫുട്ബോൾ പ്രേമികളിൽ പ്രതീക്ഷയുടെ വിത്തുകൾ പാകിയിരിക്കുന്നു. ഇന്ത്യൻ ടീമിന്റെ സമീപകാല പ്രകടനങ്ങളിൽ ഊറ്റം കൊള്ളുമ്പോൾതന്നെ ഇന്നത്തെ ടീമിന് സ്വപ്നം കാണാൻപോലുമാകാത്ത വിജയങ്ങൾ നേടിയെടുത്തൊരു പരിശീലകനെ നമുക്കൊന്ന് പരിചയപ്പെട്ടാലോ?. ബൂട്ടു കെട്ടാനറിയാതെ നിന്ന ഇന്ത്യൻ ടീമിനെ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും അതികായന്മാരെ നെഞ്ചുവിരിച്ചുനിന്നു നേരിടാൻ പഠിപ്പിച്ച “സയ്യിദ് അബ്ദുൽ റഹിം” എന്ന ഇന്ത്യൻ ഫെർഗുസന്റെ കഥ ആ കാലഘട്ടത്തിലെ ഇന്ത്യൻ ടീമിന്റെ ചരിത്രം കൂടിയാണ്.
1909 ഓഗസ്റ്റ് 17നു ഹൈദരാബാദിലായിരുന്നു റഹിം ജനിച്ചത്. ചെറുപ്പത്തിൽ പ്രാദേശിക ക്ലബ്ബുകൾക് വേണ്ടി കളിച്ച അദ്ദേഹം പിന്നീട് ഫുട്ബോൾ കോച്ചിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 1940ൽ ഹൈദരാബാദ് പോലീസ് ക്ലബ്ബിന്റെ കോച്ച് ആയി നിയമിക്കപ്പെടുകയും ചെയ്തു. പിന്നീട് 1950ൽ അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തു. ഹൈദരാബാദ് പോലീസിനുവേണ്ടി നേടിയ തുടർച്ചയായ 5 റോവേഴ്സ് കപ്പ് നേട്ടവും 5 ഡുറാൻഡ് കപ്പ് ഫൈനൽ പ്രവേശനവും (3 കപ്പ് ) ആണ് ദേശീയടീമിന്റെ പരിശീലകനാകാൻ അദ്ദേഹത്തെ സഹായിച്ചത്.
മുൻകാലത്തു അധ്യാപകനായി ജോലിനോക്കിയിരുന്ന റഹീമിന്റെ നിരീക്ഷണപാടവവും ചിട്ടയായുള്ള പരിശീലനവും പിന്നീട് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടവുകയായിരുന്നു. ലോകഫുട്ബോളിലെ തന്നെ ശ്രദ്ധിക്കപ്പെടേണ്ട ഒരു ശക്തിയായി ഇന്ത്യ മാറി. 1951 ബുസാൻ ഏഷ്യൻ ഗെയിംസ് ആയിരുന്നു റഹീമിന്റെ ആദ്യ കടമ്പ. ഇറാനെ ഫൈനലിൽ പരാജയപ്പെടുത്തി ഇന്ത്യ ആ വർഷം ഏഷ്യൻ ഫുട്ബാളിലെ ചക്രവർത്തിപദം കരസ്ഥമാക്കി. എന്നാൽ 1952 ഒളിംപിക്സിൽ ഫിൻലൻഡിനോട് 1-10 എന്ന് സ്കോറിൽ ഇന്ത്യ ദയനീയമായി പരാജയപെട്ടു. ഇതേത്തുടർന്നു ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ റഹിം തീരുമാനിച്ചു. തന്റെ ടീമിനെ തികച്ചും പ്രൊഫഷനലാക്കി മാറ്റിയാണ് റഹീം ഒളിമ്പിക്സിൽ ഇറങ്ങിയത്.
1956 മെൽബൺ ഒളിംപിക്സിൽ പ്രതീക്ഷകൾ അധികം ഇല്ലാതെയാണ് ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്തത്. ചാരത്തിൽ നിന്നു പോലും അഗ്നി ജ്വലിപ്പിക്കാൻ കഴിവുള്ള തങ്ങളുടെ കോച്ച് തന്നെയായിരുന്നു ആദ്യ മത്സരത്തിൽ സാക്ഷാൽ പുസ്കസിന്റെ ഹങ്കറിയേ നേരിടാനിരുന്ന ഇന്ത്യയുടെ മൂലധനം. ഭാഗ്യവശാൽ ഹങ്കേറിയൻ വിപ്ലവം കാരണം അവർ മത്സരത്തിൽ നിന്നും പിൻവാങ്ങുകയും ഇന്ത്യക്ക് വാക്കോവർ ലഭിക്കുകയും ചെയ്തു.
കരുത്തരും ആതിഥേയരുമായ ഓസ്ട്രേലിയ ആയിരുന്നു ഇന്ത്യയുടെ അടുത്ത എതിരാളികൾ. നെവിൽ ഡിസൂസയുടെ വക ഒളിംപിക്സിലെ ഒരേഷ്യക്കാരൻ നേടിയ ആദ്യ ഹാട്രിക്കിന്റെ പിൻബലത്തിൽ ഓസ്ട്രേലിയയെ 4-2 കീഴടക്കി സെമിഫൈനലിൽ കടന്ന ഇന്ത്യ സെമിയിൽ ലീഡ് നേടിയ ശേഷം 1-4 നു യൂഗോസ്ലാവ്യയോട് തോറ്റു. നാളിതുവരെ ഇന്ത്യൻ ഫുട്ബോളിന്റെ ഒളിംപിക്സിലെ മികച്ച പ്രകടനം ഇതാണ്.
1960 റോം ഒളിംപിക്സിൽ ഹങ്കറി, ഫ്രാൻസ്, പെറു എന്നീ വമ്പന്മാരുടെ ഗ്രൂപ്പിൽ പെട്ട ഇന്ത്യ ഗ്രൂപ്പിൽ തന്നെ പുറത്തായെങ്കിലും ഫ്രാൻസിനെ 1-1 നു സമനിലയിൽ തളക്കാൻ സാധിച്ചത് ഒരു വലിയ നേട്ടമായിരുന്നു.
1962 ഏഷ്യൻ ഗെയിംസിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ആദ്യ മത്സരത്തിൽ സൗത്ത് കൊറിയയോട് തോറ്റ ഇന്ത്യ പിന്നീട് ജപ്പാനെയും തായ്ലണ്ടിനെയും തോൽപിച്ചു സെമിഫൈനലിലും പിന്നീട് ഫൈനലിലും സ്ഥാനം നേടി. ഫൈനൽ മത്സരത്തിനു തലേദിവസം രാത്രി അദ്ദേഹം തന്റെ ടീമംഗങ്ങളോട് പറഞ്ഞു “എനിക്കുവേണ്ടി നിങ്ങൾക്കു നല്കാനാകുന്ന ഏറ്റവും വലിയ സമ്മാനമാണ് ആ സ്വർണമെഡൽ”. ഫൈനലിൽ ദക്ഷിണകൊറിയയെ 2-1നു കീഴടക്കിയ അവർ തങ്ങളുടെ ദ്രോണാചാര്യന് അർഹിച്ച ദക്ഷിണ നൽകി.
കാൻസർ രോഗബാധിതനായ റഹിം 1963 ജൂൺ 11നു അന്തരിച്ചു. ബ്രസീൽ 1958,62 ലോകകപ്പുകളിൽ പരീക്ഷിച്ചു വിജയിച്ച വിങ്ങുകളിൽ കൂടി ആക്രമിക്കുന്ന 4-4-2 ശൈലി ആദ്യം പരീക്ഷിച്ചവരിലൊരാൾ റഹീമായിരുന്നു. ഇൻഡ്യയെ ലോകഫുട്ബാളിൽ ഒരു ശക്തിയായി മാറ്റുവാൻ റഹീമിനെ സഹായിച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ബുദ്ധിവൈഭവും തന്നെയായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം ബാക്കിവെച്ചിടത്തുനിന്നും മുന്നേറാൻ 50 വർഷങ്ങൾക്കിപ്പുറവും ഇന്ത്യൻ ഫുട്ബാളിന് സാധിച്ചിട്ടില്ല. ഇന്ത്യൻ ഫുട്ബാൾ ടീം ലോകം കീഴടക്കുന്ന ഒരു നാളിനായി നമ്മെപ്പോലെ അദ്ദേഹത്തിന്റെ ആത്മാവും കാത്തിരിക്കുന്നുണ്ടാകാം.






































