ന്യൂകാസിൽ പ്രതിരോധം മറികടന്ന് ചെൽസി; ജയത്തോടെ ലീഗിൽ മൂന്നാമത്.
ന്യൂകാസിൽ തീർത്ത പ്രധിരോധ കോട്ട മറികടക്കാൻ ഫ്രാങ്ക് ലംപാടിന്റെ ചെൽസിക്ക് സാധിച്ചിരിക്കുന്നു. എതിരില്ലാത്ത ഒരു ഗോളിന് സ്വന്തം മൈതാനമായ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ജയിക്കാൻ ചെൽസിക്ക് ആയത് അവരെ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തു എത്തിച്ചിരിക്കുന്നു. 9 മത്സരങ്ങൾ പിന്നിട്ടപ്പോൾ 17 പോയിന്റുമായി ചെൽസി മൂന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനും 17 പോയിന്റ് ആണൂള്ളതെങ്കിലും ഗോൾ വ്യത്യാസത്തിൽ ചെൽസി താഴെ പോവുകയായിരുന്നു.
ആദ്യമേ തന്നെ പ്രതിരോധത്തിൽ ഊന്നിയ പദ്ധതിയാണ് ന്യൂകാസിൽ പുറത്തെടുത്തത്. മത്സരത്തിൽ 72 ശതമാനവും ബോൾ കൈവശം വെച്ചത് ചെൽസി ആയിരുന്നു. പക്ഷെ ന്യൂകാസിൽ പ്രതിരോധം ഭേദിക്കാൻ അവർക്ക് 73 മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. സ്പാനിഷ് താരം അലോൺസോ ആണ് ചെൽസിയുടെ വിജയ ഗോൾ നേടിയത്. പുലിസിച് തുടങ്ങി വെച്ച ആക്രമണത്തിൽ ഹഡ്സൺ ഓടോയ് അസിസ്റ്റ് നൽകുകയായിരുന്നു. ജയം ട്രാൻസ്ഫർ ബാൻ നേരിട്ട ക്ലബ്ബിനെ ലാംപാട് കൈപിടിച്ച് ഉയർത്തുന്നതിന്റെ മറ്റൊരു തെളിവായി മാറിയിരിക്കുന്നു.






































