പരിക്ക് മാറി ലാക്ക, ആത്മവിശ്വാസത്തോടെ ആർസെനൽ
ഷെഫീൽഡ് യൂണൈറ്റഡിനെതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ ആര്സെനലിന്റെ സൂപ്പർ താരം അലക്സാഡ്രേ ലാകാസെറ്റ് കളിച്ചേക്കുമെന്നു സൂചന. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഒരു മാസത്തോളമായി താരം വിശ്രമത്തിലായിരുന്നു. ഒരാഴ്ചയായി ഫസ്റ്റ് ടീമിനൊപ്പം ട്രെയിൻ ചെയ്യുന്ന ലാകാസെറ്റ് ഷെഫീൽഡിനെതിരെ കളിച്ചേക്കുമെന്നു ആർസെനാൽ കോച്ച് ഉനായി എമേറി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ സൂചിപ്പിച്ചു. സെപ്റ്റംബറിൽ ടോട്ടൻഹാമിനെതിരെ നടന്ന ലണ്ടൻ ഡെർബിയിലായിരുന്നു ലകാസെറ്റ് അവസാനമായി കളിച്ചത്. അന്ന് രണ്ടു ഗോളിനു പിന്നിൽ നിന്ന ഗണ്ണേഴ്സിനെ ആദ്യപകുതിയിലെ അവസാന മിനിറ്റിൽ ലാകാസെറ്റ് നേടിയ ഉജ്ജ്വല ഗോളാണ് മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നത്. എന്നാൽ 60ആം മിനുട്ടിൽ താരം പരിക്കിനെ തുടർന്നു സബ്സ്റ്റിട്യൂട് ചെയ്യപ്പെടുകയായിരുന്നു.
നിലവിൽ പെപെ, അബാമേയാങ്ങ്, സാക, മാർട്ടിനെല്ലി എന്നിവർക്കൊപ്പം ലകാസെറ്റ് തിരിച്ചു വരുന്നതോടെ ആർസെനൽ മുന്നേറ്റ നിര വീണ്ടും കരുത്താർജിക്കും. കഴിഞ്ഞ മത്സരങ്ങളിലെ ഗോൾ വരൾച്ചയ്ക്ക് ഒരു പരിധി വരെ ലാകാസെറ്റിന്റെ അഭാവവും കാരണമായിരുന്നു.താരതമ്യേന ദുർബലരായ എതിരാളികളുമായിട്ടാണ് അടുത്ത മത്സരങ്ങൾ എന്നത് ടോപ് 4 ലക്ഷ്യമിടുന്ന ആർസെനലിനു പ്രതിരോധത്തിൽ ഫുൾ ബാക്കുകളായ ബെല്ലറിൻ, ടിർനി എന്നിവരുടെ വരവും ആത്മവിശ്വാസം ഉയർത്തുന്നു.






































