Editorial Foot Ball Top News

പൗളോ ദിബാല ആഘോഷം തുടരുമ്പോൾ

October 17, 2019

author:

പൗളോ ദിബാല ആഘോഷം തുടരുമ്പോൾ

പൗളോ ദിബാല യുവന്റസിന് ആരാണ്?.

ഈ ചോദ്യത്തിന്റെ ഉത്തരം ഒരുപാടു ഫുട്ബോൾ പ്രേമികൾ തേടിയിട്ടുണ്ടാകാം. പ്രത്യേകിച്ചും ക്രിസ്ത്യാനോ റൊണാൾഡോയെന്ന വൻ വൃക്ഷത്തിന്റെ വരവോടെ പുതിയ ആകാശങ്ങൾ തേടി പൗളോ ബ്രൂണോ ദിബാലയെന്ന അർജെൻറ്റൈൻ സ്‌ട്രൈക്കർ പോകുമെന്നവർ വിശ്വസിച്ചു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതുവരെയും അത്തരം ഒരുപാടു വാർത്തകൾ പുറത്തുവന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ പോലെ വൻ പാളയങ്ങളെ ബന്ധിപ്പിച്ചായിരുന്നു ഈ വാർത്തകൾ.

പക്ഷേ ആ വാർത്തകൾ വെറും അഭ്യൂഹങ്ങളായി മാറി. വീണ്ടുമൊരു സീസൺ കൂടി യുവന്റസിൽ തുടരാൻ തീരുമാനിച്ച നിമിഷം തന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നെന്ന് അയാൾ തന്നെ സമ്മതിച്ചു. ഒടുവിലിതാ ഓൾഡ് ലേഡിയുടെ സെപ്റ്റംബർ മാസത്തെ ഏറ്റവും മികച്ച താരമായും അയാൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. താൻ ആരുടേയും നിഴലല്ലെന്നുകൂടി തെളിയിച്ചിരിക്കുകയാണ് അയാൾ.

കഴിഞ്ഞ സീസണിൽ ദിബാലയുടെ യുവന്റസിലെ പ്രകടനങ്ങളാണ് കൂടുതലായും അത്തരം അഭ്യൂഹങ്ങൾക്കു വഴിമരുന്നിട്ടത്. അല്ലെഗ്രിയുടെ കീഴിൽ തനിക്കു പരിചിതമല്ലാത്തൊരു പൊസിഷനിൽ സീസൺ മുഴുവനും കളിച്ച അയാൾ തന്റെ ഫോമിന്റെ നിഴൽ മാത്രമായിരുന്നു. റൊണാൾഡോയുടെ വരവോടുകൂടി തന്റെ ഇഷ്ടപൊസിഷൻ എന്നെന്നേക്കുമായി തനിക്കു നഷ്ടപ്പെടുമെന്നും അയാൾ കരുതി.

പക്ഷേ കാര്യങ്ങൾ വളരെ പെട്ടന്നാണ് മാറി മറിഞ്ഞത്. അല്ലെഗ്രിയ്ക്കു പകരമെത്തിയ മൗറിസിയോ സരിയുടെ പദ്ധതികളിൽ വ്യക്തമായ സ്ഥാനം ഡിബാലയുടെ കളിക്കുണ്ടായിരുന്നു. ഒരു സീസൺ മുഴുവൻ താൻ പരതിയ ഫോം ഒരു നിമിഷത്തിൽ തിരികെ ലഭിച്ച ദിബാലയെയാണ് നാം പിന്നീട് കളത്തിൽ കണ്ടത്. മിക്കപ്പോഴും യുവന്റസിന്റെ നിർണായക ഗോളുകൾ അയാളുടെ ബൂട്ടിൽ നിന്നും പിറന്നു. ദിബാലയുടെ ഗോൾ സെലിബ്രേഷനുകൾ വീണ്ടും ടൂറിനിൽ ആവേശതരംഗങ്ങൾ സൃഷ്ടിച്ചുതുടങ്ങി. അയാൾ പൂർണമായും പഴയ ദിബാലയായി.

തന്റെ വരവിന്റെ തുടക്കത്തിൽ പലപ്പോഴും ദിബാലയെ ബെഞ്ചിലിരുത്തി തുടങ്ങിയ സരി ദിബാലയെ തന്റെ വജ്രായുധമായി കരുതാൻ തുടങ്ങി. റൊണാൾഡോയെപ്പോലെ തന്നെ താനും ടീമിന്റെ മുതൽക്കൂട്ടാണെന്ന് അയാൾ സരിയെ തന്റെ പ്രകടനങ്ങളിലൂടെ വിശ്വസിപ്പിച്ചു. കഴിഞ്ഞയാഴ്ച ഇന്റർ മിലാനെതിരെ അയാൾ നേടിയ ഗോൾ അതിന്റെ തെളിവായിരുന്നു. മികച്ച സ്‌ട്രൈക്കർമാരാൽ സമ്പന്നമായ യുവെ നിരയിലെ ജേഴ്സി നമ്പർ 10.എത്രമാത്രം വിലപ്പെട്ടതാണെന്ന് അയാൾ തെളിയിച്ചുകൊണ്ടിരിക്കുന്നു.

അഭ്യൂഹങ്ങൾ തുടരുകയാണ് അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ അയാൾ പുതിയ കളങ്ങളിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ താൻ ആരാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങൾ ദിബാലയും തുടർന്നുകൊണ്ടിരിക്കുന്നു.

Leave a comment