മുംബൈയെ തകർത്ത് പഞ്ചാബ്
മുംബൈ ഇന്ത്യൻസിനെ 8 വിക്കറ്റിന്റെ ജയം.മുംബൈ ഉയർത്തിയ 176 എന്ന സ്കോർ അനായാസം മറികടന്നാണ് പഞ്ചാബ് വിജയിച്ചത്.പഞ്ചാബിന് വേണ്ടി കെ ൽ രാഹുൽ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.ടോസ് നേടിയ പഞ്ചാബ് ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ഓപ്പണിങ് വിക്കറ്റിൽ രോഹിത്തും ക്വിന്റൺ ഡി കോക്കും ചേർന്ന് ഭേദപ്പെട്ട തുടക്കം ആണ് മുംബൈക്ക് നൽകിയത്.51 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയാണ് രോഹിത് മടങ്ങിയത്.32 റൺസാണ് രോഹിതിന്റെ സമ്പാദ്യം.തുടർന്നു ബാറ്റിംഗ് ഏറ്റെടുത്ത ഡി കോക്ക് സ്കോർ ഉയർത്തി.120 ൽ നിൽക്കേ മുഹമ്മദ് ഷമിയുടെ പന്തിൽ എൽ ബി ഡബ്ളിയു ആയി ഡി കോക്ക് മടങ്ങി.39 പന്തിൽ 6 ഫോറും 2 സിക്സും അടക്കം 60 റൺസ് എടുത്താണ് അദ്ദേഹം മടങ്ങിയത്.പിറകെ എത്തിയ യുവരാജ് സിംഗ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സ്കോറിങ്ങിന് വേഗം കൂട്ടാനാവാതെ കുഴഞ്ഞു.22 പന്ത് നേരിട്ട യുവരാജ് 18 റൺസ് എടുത്ത് മടങ്ങി.മധ്യനിര മങ്ങിയതോടെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു.വെടികെട്ടുകാരൻ പൊള്ളാർഡിന്റെ ബാറ്റിംഗ് ഏവരെയും നിരാശപ്പെടുത്തുന്നതായിരുന്നു.ഹാർദിക് പാണ്ഡ്യായുടെ അതിവേഗ ബാറ്റിംഗ് ആണ് മുംബൈ സ്കോർ 150 കടത്തിയത്.19 പന്ത് നേരിട്ട പാണ്ഡ്യ 3 ഫോറും 1 സിക്സും അടിച്ചു.പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷാമി,മുരുഗൻ അശ്വിൻ, ഹാർഡസ് വിൽജോൻ എന്നിവർ 2 വിക്കറ്റ് വീതം നേടി.ആൻഡ്രൂ ടൈ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനു വേണ്ടി തകർപ്പൻ ബാറ്റിങ്ങാണ് ഗെയ്ൽ കാഴ്ചവെച്ചത്.24 പന്തിൽ നിന്നും 3 ഫോറും 4 സിക്സും അടക്കം 40 റൺസ് നേടിയാണ് ഗെയ്ൽ മടങ്ങിയത്.അപ്പോളേക്കും സ്കോർ 50 കടന്നു.അടുത്തതായി ഇറങ്ങിയ മായങ്ക് അഗർവാളും മികച്ച പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബ് സ്കോർ പറന്നു.മായങ്ക് ആകട്ടെ വെറും 21 പന്തിൽ നിന്നും 4 ഫോറും 2 സിക്സും അടക്കം 43 റൺസ് നേടി.117 റൺസിൽ നിൽക്കേ രണ്ടാമനായി മായങ്ക് മടങ്ങി.രാഹുൽ അർദ്ധസെഞ്ചുറി നേടി.57 പന്തിൽ നിന്നും 6 ഫോറും 1 സിക്സും അടക്കം 71 റൺസാണ് രാഹുൽ നേടിയത്.രാഹുലും മില്ലറും (15 റൺസ്) ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.മുംബൈ ബൗളിംഗ് വൻപരാജയം ആകുന്ന കാഴ്ച്ചയായിരുന്നു ഈ മത്സരത്തിൽ കണ്ടത്.കൃണാൽ പാണ്ഡ്യക്കാണ് 2 വിക്കറ്റും.176 എന്ന മികച്ച സ്കോർ പിന്തുടർന്ന പഞ്ചാബിനെ പ്രതിരോധിക്കാൻ പോലും ആകാതെ ബൗളർമാർ വലഞ്ഞതാണ് മുംബൈ തോൽവിക്ക് വഴിവെച്ചത്.

മത്സരത്തിനിടെ രവിചന്ദ്ര അശ്വിന്റെ വിവാദമായ “മങ്കാദിങ്ങിനെ” കൃണാൽ പാണ്ഡ്യ ട്രോളുന്ന കാഴ്ചക്കും സ്റ്റേഡിയം സാക്ഷിയായി.കൃണാൽ പന്തെറിയാൻ വന്നപ്പോൾ മായങ്ക് അഗർവാൾ ക്രീസിനു വെളിയിൽ ആയിരുന്നു.പക്ഷെ കൃണാൽ പന്തെറിയാതെ തിരിച്ചു പോയി.റൺ ഔട്ടാക്കാൻ നോക്കിയില്ല എന്നതും ശ്രദ്ധേയമായി.






































