വിജയങ്ങൾ തുടർക്കഥയാക്കി കോഹ്ലിപ്പട
മറ്റൊരു പരമ്പര വിജയം കൂടി. ഒപ്പം ഒരുപിടി റെക്കോർഡുകളും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കയെക്കെതിരായ രണ്ടാം ടെസ്റ്റ് വിജയത്തെ ഇപ്രകാരം വിശേഷിപ്പിക്കാം. സ്വന്തം തട്ടകത്തിൽ തങ്ങൾ എത്രമാത്രം അജയ്യരാണെന്നു ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു കൊഹ്ലിയുടെയും സംഘത്തിന്റെയും വിജയം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തപ്പോൾ തന്നെ ഇന്ത്യ മത്സരം പകുതി ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിലെ കേമൻ രോഹിത് ശർമയെ തുടക്കത്തിലേ പുറത്താക്കാൻ കഴിഞ്ഞതു മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഏക വിജയം. പിന്നീടങ്ങോട്ടു സെഞ്ചുറി നേടിയ മായങ്ക് അഗർവാളും ഇരട്ട സെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്ലിയും അർദ്ധ സെഞ്ചുറികൾ നേടിയ പൂജാരയും രഹാനെയും തകർത്തടിച്ച ജഡേജയും ചേർന്ന ഇന്ത്യക്കു കൂറ്റൻ സ്കോർ സമ്മാനിച്ചപ്പോൾ തന്നെ ചിത്രം വ്യക്തമായിരുന്നു.
കൂറ്റൻ സ്കോറിനു മുന്നിൽ തുടക്കത്തിലേ തന്നെ ദക്ഷിണാഫ്രിക്കയുടെ ചുവടുകൾ പിഴച്ചു. സ്പിന്നർമാർ കളം വാഴുന്നതിനുമുന്നേ ഉമേഷ് യാദവ് വെടി പൊട്ടിച്ചുതുടങ്ങി. പിന്നീട് അശ്വിനും ജഡേജയും ഷമിയും ചേർന്ന പ്രൊറ്റീസ് ബാറ്റിങ്ങിനെ വരിഞ്ഞുകെട്ടുകയായിരുന്നു. നായകൻ ഡ്യൂപ്ളെസിയും വാലറ്റത്തു ഫിലാണ്ടറും കേശവൻ മഹാരാജും ചേർന്നു നടത്തിയ ചെറുത്തുനില്പുമാണ് ദക്ഷിണാഫ്രിക്കയെ വൻ നാണക്കേടിൽനിന്നും രക്ഷിച്ചത്.
മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ മുന്നൂറിനുമേൽ ലീഡ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ മേൽ ഫോളോ ഓൺ അടിച്ചേല്പിക്കുമോയെന്നതു മാത്രമായിരുന്നു പ്രേക്ഷകരുടെ സംശയം. ഒടുവിൽ നാലാം ദിനം തുടങ്ങുമ്പോൾ ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റിങിനിറങ്ങി.
അതോടെ ഇന്ത്യയുടെ മറ്റൊരു ഇന്നിംഗ്സ് വിജയത്തിനുവേണ്ടിയുള്ള കാത്തിരിപ്പായി മാറി മത്സരം.
ആദ്യ ഇന്നിങ്സിന്റെ ഒരു ചെറുപതിപ്പു മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാമിന്നിംഗ്സ്. തുടക്കത്തിലേ പേസർമാർ നൽകിയ മുൻതൂക്കം പതിയെ സ്പിന്നർമാർ ഏറ്റെടുത്തു. ദയനീയമായി തകർന്ന മുൻനിരയെ നാണിപ്പിക്കുന്ന വിധം ബാറ്റുചെയ്ത പ്രൊറ്റീസ് വാലറ്റം. ഒടുവിൽ ഇന്ത്യക്ക് ഒരിന്നിംഗ്‌സിന്റെയും 137 റണ്ണുകളുടെയും ആധികാരികമായ വിജയം.
മത്സരത്തിൽ ഏറ്റവും പ്രധാനമായത് ഉമേഷ് യാദവിന്റെ തിരിച്ചുവരവാണ്. ഐ. പി.എല്ലിൽ ദയനീയമായ പ്രകടനം കാഴ്ചവെച്ച ഉമേഷ് ലോങ്ങർ ഫോർമാറ്റിൽ താൻ എത്രമാത്രം ഉപയോഗപ്പെടുമെന്ന വീണ്ടും തെളിയിച്ചു. രണ്ടിന്നിങ്സിലും മൂന്നുവീതം വിക്കറ്റുകളുമായി അഭിനന്ദനാർഹമായ പ്രകടനമാണ് ഉമേഷ് കാഴ്ചവെച്ചത്.
ദക്ഷിണാഫ്രിക്കയുടെ വാലറ്റവും പ്രത്യേക പരാമർശം അർഹിക്കുന്നു. മുൻനിര ദയനീയമായി തകർന്നപ്പോൾ രണ്ടിന്നിങ്സിലും ഇന്ത്യൻ ബൗളർമാരെ വെള്ളം കുടിപ്പിക്കാൻ അവർക്ക്, പ്രത്യേകിച്ചും മഹാരാജിനും ഫിലാണ്ടറിനും സാധിച്ചു.
കളിക്കൊടുവിൽ തുടർച്ചയായ പതിനൊന്നാം ഹോം സീരീസ് വിജയവുമായി ഓസ്ട്രേലിയയുടെ റെക്കോർഡ് തകർത്ത കോഹ്ലിപ്പട ടെസ്റ്റ് ചാംപ്യൻഷിപ് ടേബിളിൽ ഒന്നാമതായി തുടരുന്നു. ഈ വിജയങ്ങൾ തുടരട്ടെ ആദ്യ ടെസ്റ്റ് ചാംപ്യൻഷിപ് ഇന്ത്യയിലേക്കെത്തട്ടെ.