സഞ്ജു സാംസൺ; റെക്കോർഡുകൾ കടപുഴക്കിയ കൊടുങ്കാറ്റ്
സഞ്ജു സാംസൺ എന്ന് തിരുവനന്തപുരത്തുകാരൻ ഇന്ത്യൻ ടീമിലേ തന്റെ സ്ഥാനത്തിനായുള്ള അവകാശവാദമുന്നയിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. വൃദ്ധിമാൻ സാഹയും പിന്നാലെവന്ന ഋഷഭ് പന്തും ടീമിലേക്കു മാറി മാറി പരിഗണിക്കപ്പെടുമ്പോഴും സഞ്ജുവിനു നേരെ പലപ്പോഴും സെലക്ടർമാർ മുഖം തിരിച്ചു. സ്ഥിരതയില്ലാത്ത ബാറ്റിങ് കാഴ്ചവെക്കുന്നു എന്നതായിരുന്നു അവർ അയാളിൽ കണ്ടിരുന്ന പോരായ്മ. പലപ്പോഴും രണ്ടു കൂറ്റൻ പ്രകടനങ്ങൾക്കിടയിലുള്ള ചെറു സ്കോറുകളുടെ പരമ്പര തന്നെയാണ് ദേശീയടീമിലേക്കുള്ള അയാളുടെ യാത്രയിൽ സഞ്ജുവിനു വിലങ്ങുതടിയായതും.
ഇത്തരം പോരായ്മകൾക്കിടയിലും വിമർശകർ പോലും സമ്മതിക്കുന്ന ചില മികവുകളുണ്ട് സഞ്ജുവിന്. ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചാൽ കൂറ്റൻ സ്കോറുകൾ നേടാനുള്ള അയാളുടെ മിടുക്കു തന്നെ അതിൽ പ്രധാനം. നിലവിൽ ആഭ്യന്തരക്രിക്കറ്റിൽ അരങ്ങുവാഴുന്ന ഹാർഡ് ഹിറ്റർമാരിൽനിന്നും വ്യത്യസ്തമായി കറ തീർന്ന ഒരു ഡിഫെൻസിവ് ടെക്നിക്കിനും ഉടമയാണ് ഈ വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ. മികച്ച ബാക്ക് ഫുട് ഷോട്ടുകളും പുൾ ഷോട്ടുകളുമായി ബൗളെർമാർക്കു മേൽ ആധിപത്യം സ്ഥാപിക്കുന്ന സാംസൺ ഒരു ബാറ്റിങ് വിരുന്നാണ് കാണികൾക്കു വാഗ്ദാനം ചെയ്യുന്നത്. അത്തരമൊരു ഇന്നിങ്സിനാണ് ഇന്നു ആളൂർ സ്റ്റേഡിയത്തിലെ നാമമാത്രമായ കാണികൾ സാക്ഷ്യം വഹിച്ചത്.
ഇന്ത്യൻ ദേശീയ ടീം വിക്കെറ്റ് കീപ്പർ സ്ഥാനത്തിനായുള്ള മത്സരം മുറുകുന്ന സാഹചര്യത്തിൽ ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ മാത്രമേ സാക്ഷാൽ മഹേന്ദ്രസിംഗ് ധോണി ഒഴിച്ചിട്ട ആ സ്ഥാനം കരസ്ഥമാക്കാൻ സാധിക്കൂവെന്ന് മറ്റാരേക്കാളും നന്നായി സഞ്ജുവിനറിയാമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറിക്കരികിലെത്തിയെങ്കിലും തന്റേതായ ഒരു ബെഞ്ച്മാർക് പ്രകടനത്തിനായി അയാൾ ക്ഷമയോടെ കാത്തിരുന്നു.
വിജയ് ഹസാരെ ട്രോഫിയിൽ ഏറ്റവും അനുയോജ്യമായ സമയത്തുതന്നെ സഞ്ജു ഫോമിലേക്കുയർന്നിരിക്കുന്നു. അതും തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തോടെ. ഗോവയ്ക്കെതിരെ വെറും 129 പന്തുകളിൽനിന്നും ഇരുപതു ഫോറുകളും പത്തു പടുകൂറ്റൻ സിക്സറുകളുമടക്കം 212 റണ്ണുകളാണ് അയാൾ അടിച്ചുകൂട്ടിയത്. ഈ ബാറ്റിങ് കൊടുങ്കാറ്റിനിടെ ഒരു പിടി റെക്കോർഡുകൾ കൂടി കടപുഴക്കാൻ അയാൾക്കു സാധിച്ചു.
ഇന്നത്തെ പ്രകടനത്തിലൂടെ ലിസ്റ്റ് എ കരിയറിലെ തന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറാണ് സഞ്ജു സ്വന്തമാക്കിയത്. പാകിസ്താന്റെ ആബിദ് അലി കൈവശം വെച്ചിരുന്ന ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന ബഹുമതിയും അയാൾ കരസ്ഥമാക്കി. ഇന്ത്യൻ ആഭ്യന്തര ലിസ്റ്റ് എ ക്രിക്കറ്റിലെ മൂന്നാമത്തെ മികച്ച സ്കോറും ഇതുതന്നെ. കൂടാതെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറും സഞ്ജു നേടിയ 212 റണ്ണുകളാണ്. കഴിഞ്ഞ സീസണിൽ ഉത്തരാഖണ്ഡിന്റെ കെ.വി. കൗശൽ നേടിയ 202 റണ്ണിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
ഇന്ത്യൻ ദേശീയ ടീം കുപ്പായത്തിന് എന്തുകൊണ്ടും താൻ അർഹനാണെന്ന് ഒരിക്കൽക്കൂടി അയാൾ തെളിയിച്ചിരിക്കുന്നു. മികച്ച പ്രകടനങ്ങളുമായി സഞ്ജു കളം നിറയുമ്പോൾ ഒരുപാടു കാലം അവയെ അവഗണിക്കാൻ സെലെക്ടർസിനുമാകില്ല.






































