Editorial Foot Ball Top News

സെഹർ ഖോദാരി; മതിലുകൾ പൊളിച്ചെറിഞ്ഞ തീജ്വാല

October 11, 2019

author:

സെഹർ ഖോദാരി; മതിലുകൾ പൊളിച്ചെറിഞ്ഞ തീജ്വാല

വേനൽമഴ മണ്ണിനു പകരുന്ന സുഗന്ധം നിങ്ങളാസ്വദിച്ചിട്ടുണ്ടോ?. നമ്മിലെത്രയോ പേർ ബാല്യകാലത്ത് ആ സുഗന്ധമഴയ്ക്കായി കാത്തിരുന്നിട്ടുണ്ട്?. നീണ്ട നാൽപതു വർഷക്കാലമായി ഇറാനിയൻ വനിതകളും അത്തരമൊരനുഭൂതിയ്ക്കായായിരുന്നു കാത്തിരുന്നത്. ഒടുവിൽ ഗാലറിയിൽ കാൽപന്തെന്ന അദ്‌ഭുതഗോളം സൃഷ്ടിക്കുന്ന വസന്തത്തിന്റെ ആസ്വാദകരായപ്പോൾ അവരോരോരുത്തരും മനസ്സുകൊണ്ടവൾക്കു നന്ദി പറഞ്ഞിരിക്കണം.

സമത്വം നിഷേധിക്കപ്പെട്ട ഇറാനിയൻ വനിതകളുടെ പ്രതീകമായിരുന്നു അവൾ. അവർക്കുവേണ്ടി ശബ്ദിക്കുന്നതിനിടെ അവളുടെ ഭൗതിക ശരീരം തീജ്വാലകൾ കവർന്നെടുത്തിരുന്നു. എങ്കിലും സെഹർ ഖോദാരി എന്ന വനിതയുടെ കരളുറപ്പിന് അഗ്നിയേക്കാൾ കരുത്തുണ്ടെന്നു ലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. അവളുടെ രക്തസാക്ഷിത്വത്തിനു മുന്നിലാണ് ഇറാനിയൻ ഭരണകൂടം മുട്ടുമടക്കിയത്.

ഇറാനിൽ മാത്രമല്ല ലോകമെമ്പാടും പെണ്ണായി പിറന്നതുകൊണ്ടുമാത്രം അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു വലിയ സമൂഹത്തിന്റെ പ്രതിനിധിയാണ് സെഹർ. സാംസ്കാരികമായും മതപരമായുമുള്ള വേലിക്കെട്ടുകൾ സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുമ്പോൾ പലയിടത്തും സെഹറുമാർ ഉദയം ചെയ്യും. അവരുടെ പോരാട്ടങ്ങൾ ചരിത്രമാകും. ഇന്നലെ നടന്ന ഇറാൻ – കംബോഡിയ മത്സരം ഓർമ്മിക്കപ്പെടുക സെഹറിന്റെ പേരിലാകും, അവളുടെ വിജയമായാവും ചരിത്രം ആ മത്സരത്തെ അടയാളപെടുത്തുക.

ലോകജനതയെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ മാസം ടെഹ്റാനിലെ ഒരു കോടതിയുടെ മുന്നിൽവച്ചു സെഹർ ആത്മാഹുതി ചെയ്തത്. നാൽപതു വർഷങ്ങളായി അവിടത്തെ ഫുട്ബോൾ മൈതാനങ്ങളിൽ സ്ത്രീകൾക്കു നിലനിന്നിരുന്ന വിലക്കിനെതിരെ പ്രതിഷേധിച്ചു പ്രച്ഛന്നവേഷയായി ഗ്രൗണ്ടിൽ പ്രവേശിക്കാൻ ശ്രമിച്ചതായിരുന്നു അവൾ ചെയ്ത കുറ്റം. ആറുമാസം തടവു ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു അവൾ തനിക്കുള്ള ശിക്ഷ സ്വയം വിധിച്ചതും നടപ്പാക്കിയതും.

സെഹറിന്റെ രക്തസാക്ഷിത്വം പക്ഷേ ലോകമെമ്പാടും ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ജനത ഏറ്റെടുത്തു. അവളുടെ മരണം വെറുമൊരു ആത്മഹത്യയായി മാറരുതെന്ന് അവർക്കു നിർബന്ധമുണ്ടായിരുന്നു. ലോകം അവളെ “ബ്ലൂ ഗേൾ” എന്നു വിളിച്ചു. സെഹറിന് ഏറെ പ്രിയപ്പെട്ട എസ്റ്റഗ്ലാൽ എഫ്.സിയുടെ കുപ്പായത്തിന്റെ നിറത്തിലാണ് അവൾ അറിയപ്പെട്ടത്.

ലോകമെമ്പാടുമുയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാൻ ഫിഫയ്ക്കും കഴിയുമായിരുന്നില്ല. ഒടുവിൽ സെഹറിനു പ്രവേശനം നിഷേധിച്ച അതേ ആസാദി സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ ഇറാനിയൻ വനിതകൾക്കു മുന്നിൽ തുറക്കപ്പെട്ടു. ഗ്യാലറികളിൽ നിറഞ്ഞ അവർ തങ്ങളുടെ ദേശീയടീമിനായി ആരവങ്ങൾ മുഴക്കുമ്പോൾ സെഹർ ഖോദാരി എന്ന മുപ്പതുകാരിയുടെ ആത്മാവും അവിടെയെത്തിയിരിക്കണം.

ആത്മഹത്യ ഒന്നിനും പരിഹാരമാവുകയില്ല. വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തോടു പോരാടി ജയിക്കുന്നവർ തന്നെയാണ് എന്നും യഥാർത്ഥ വിജയികളാവുക. തോറ്റു പോയെങ്കിലും സെഹർ കാലങ്ങളോളം നീ സ്മരിക്കപ്പെടും. നാടുകളും ഹൃദയങ്ങളും താണ്ടിയുരുണ്ടുകൊണ്ടിരിക്കുന്ന ആ പന്തിനു പറയാനുള്ള ഒരുപാടു കഥകളിലൊന്നായി.

Leave a comment